ADVERTISEMENT

‌ബെംഗളൂരു ∙ 90 മിനിറ്റും അധിക സമയവും കടന്ന് സഡൻഡെത്തിലെത്തിയ കിടിലൻ പോരാട്ടം. ആവേശം പേമാരിയായി പെയ്തിറങ്ങിയ സാഫ് കപ്പ് ഫുട്ബോൾ ഫൈനലിൽ കുവൈത്തിനെ 5–4ന് പെനൽറ്റി ഷൂട്ടൗട്ടിൽ മറികടന്ന് ഇന്ത്യയ്ക്കു കിരീടം. നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകളും 1–1ന് സമനിലയിൽ പിരിഞ്ഞതോടെ മത്സരം ഷൂട്ടൗട്ടിലേക്കു നീളുകയായിരുന്നു. കുവൈത്തിന്റെ ആറാം കിക്ക് തട്ടിയകറ്റിയ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവാണ് സഡൻഡെത്തിൽ ഇന്ത്യയുടെ വിജയശിൽപിയായത്. നിശ്ചിത സമയത്ത് കുവൈത്തിനു വേണ്ടി അബീബ് അൽ ഖാൽദിയും (14–ാം മിനിറ്റ്) ഇന്ത്യയ്ക്കു വേണ്ടി യുവതാരം ലാലിയൻസുവാല ചാങ്തെയും (39–ാം മിനിറ്റ്) ലക്ഷ്യം കണ്ടു.

ഇന്ത്യയുടെ 9–ാം സാഫ് കിരീടമാണിത്. 1993, 1997, 1999, 2005, 2009, 2011, 2015, 2021 വർഷങ്ങളിലാണ് ഇന്ത്യ ഇതിനു മുൻപ് ജേതാക്കളായത്. ഈ വർഷം ഇന്ത്യ സ്വന്തമാക്കുന്ന മൂന്നാമത്തെ പ്രധാന ഫുട്ബോൾ ട്രോഫിയാണിത്. മാർച്ചിൽ ത്രിരാഷ്ട്ര ടൂർണമെന്റ് കിരീടവും ജൂണിൽ ഇന്റർ കോണ്ടിനന്റൽ കപ്പും ഇന്ത്യ സ്വന്തമാക്കിയിരുന്നു. 6 ഗോളുകളുമായി ടോപ് സ്കോറർ പട്ടം സ്വന്തമാക്കിയ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി മികച്ച ടൂർണമെന്റിലെ മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടു. സാഫ് കിരീടനേട്ടം വരാനിരിക്കുന്ന ഏഷ്യൻ കപ്പ് ചാംപ്യൻഷിപ്പിലേക്കും ഇന്ത്യയ്ക്ക് ആത്മവിശ്വാസം പകരും.

ബലാബലം ഗോൾനില

നേരത്തേ ആക്രമണ–മുന്നേറ്റങ്ങളുടെ ആദ്യ പകുതി 1–1ന് സമനിലയിലാണു പിരിഞ്ഞത്. ഇന്ത്യയ്ക്കു വേണ്ടി ലാലിയൻസുവാല ചാങ്തെയും കുവൈത്തിനു വേണ്ടി ഷബീബ് അൽഖാൽദിയും ഗോളടിച്ചു. ആദ്യ മിനിറ്റുകളിൽ തന്നെ ഇരുടീമുകളും ആക്രമണം തുടങ്ങിയിരുന്നു. ഇന്ത്യയാണ് കൂടുതൽ സമയം പന്തടക്കി വച്ചതെങ്കിലും ആതിഥേയരെ ഞെട്ടിച്ച് മികച്ച കൗണ്ടർ അറ്റാക്കിലൂടെ 14–ാം മിനിറ്റിൽ കുവൈത്ത് ലീഡെടുത്തു. ഗോൾ വീണതോടെ ഇന്ത്യ തുടരെ ആക്രമണം അഴിച്ചുവിട്ടു. 39–ാം മിനിറ്റിൽ ഇന്ത്യ സമനില ഗോൾ നേടി. മലയാളി താരം സഹൽ അബ്ദുൽ സമദിന്റെ മനോഹരമായ പാസ് ചാങ്തെ വലയിലെത്തിച്ചു.

English Summary: SAFF Cup Football, India vs Kuwait Final Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com