ADVERTISEMENT

രാജ്യാന്തര ഫുട്ബോളിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപിക്കും മുൻപേ ഇക്കാര്യം ക്രിക്കറ്റ് താരം വിരാട് കോലിയുമായി ചർച്ച ചെയ്തെന്ന് ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി. ‘‘ഒരു കായിക താരത്തിന്റെ കരിയർ ഏറ്റവും നന്നായി മനസ്സിലാക്കാനാവുന്നത് മറ്റൊരു കായികതാരത്തിനു തന്നെയാണ്. കോലി അടുത്ത സുഹൃത്ത് കൂടിയാണ്. എന്റെ തീരുമാനം ഞാൻ ആദ്യം പങ്കുവച്ചവരിൽ ഒരാൾ കോലിയാണ്. അദ്ദേഹം എനിക്ക് എല്ലാ ആശംസകളും നേർന്നു’’– ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ സംഘടിപ്പിച്ച ഓൺലൈൻ‍ മീഡിയ കോൺഫറൻസിൽ ഛേത്രി വെളിപ്പെടുത്തി. ഭുവനേശ്വറിൽ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലന ക്യാംപിലാണ് ഇപ്പോൾ ഛേത്രി. ജൂൺ ആറിന് കൊൽക്കത്തയിൽ കുവൈത്തിനെതിരെയാണ് മുപ്പത്തിയൊൻപതുകാരൻ ഛേത്രിയുടെ വിരമിക്കൽ മത്സരം. 

‌ഞാൻ ഇപ്പോഴും ഫിറ്റ് 

പരുക്കുകളോ മറ്റു ശാരീരിക ബുദ്ധിമുട്ടുകൾ കാരണമോ അല്ല വിരമിക്കൽ. ഞാൻ ഇപ്പോഴും 100 ശതമാനം ഫിറ്റാണ്. മുന്നേറ്റത്തിൽ ഓടിക്കളിക്കാനും പ്രതിരോധത്തിലേക്ക് ഇറങ്ങിക്കളിക്കാനുമൊന്നും എനിക്ക് ഒരു പ്രശ്നവുമില്ല. പക്ഷേ വിരമിക്കാറായി എന്നൊരു തോന്നൽ മനസ്സിലേക്കു വന്നതു മുതൽ ഞാൻ അതിനെക്കുറിച്ച് ദീർഘമായി ചിന്തിച്ചു. ഒടുവിൽ ഈ തീരുമാനത്തിലെത്തിയപ്പോഴേക്കും എന്റെ മനസ്സു തീർത്തും ശാന്തമായിരുന്നു. 

വിരമിക്കൽ ചോദ്യങ്ങൾ

 അഫ്ഗാനിസ്ഥാനെതിരെ ഗുവാഹത്തിയിലെ മത്സരം (മാർച്ച് 26) കഴിഞ്ഞ് 10–15 ദിവസങ്ങൾക്കു ശേഷമാണ് വിരമിക്കൽ തീരുമാനം എന്റെ മനസ്സിലേക്കു വന്നത്. എന്നോടു തന്നെയുള്ള പല ചോദ്യങ്ങളായിരുന്നു പിന്നെ കുറച്ചു ദിവസം മനസ്സിൽ. അടുത്തതായി ഞാൻ എന്താണു ചെയ്യാൻ പോകുന്നത്, ഇന്ത്യൻ ടീമിന്റെ അവസ്ഥ എന്താണ് എന്നിങ്ങനെ പല കാര്യങ്ങളും എന്റെ മനസ്സിലേക്കു വന്നു. അതിനിടെ ചിക്കൻ പോക്സ് പിടിപെട്ട് രണ്ടാഴ്ച ഐസലേഷനിലായി. അതു കഴിഞ്ഞ് റെഡി ആവാൻ കുറച്ചു ദിവസങ്ങളെടുത്തു. അല്ലായിരുന്നെങ്കിൽ ആ സമയത്തു തന്നെ വിരമിക്കൽ പ്രഖ്യാപിച്ചേനെ. 

ഇന്ത്യൻ ടീമും ഞാനും 

കളിക്കാരനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും എന്റെ സാന്നിധ്യം ടീമിനു ഗുണം ചെയ്യണം എന്നാണ് എപ്പോഴും 

ഞാൻ ചിന്തിച്ചത്. അതു കളിയിൽ മാത്രമല്ല, പരിശീലനത്തിൽ ജിപിഎസ് വെസ്റ്റ് (കളിക്കാരുടെ ശരീരക്ഷമത അളക്കുന്ന ഉപകരണം) നടപ്പിലാക്കുന്നതിൽ വരെ ഉണ്ട്. ഇപ്പോൾ ഉചിതമായ സമയത്താണ് ഞാൻ ടീം വിടുന്നത് എന്നും എനിക്ക് ബോധ്യമുണ്ട്. എത്രയോ മികച്ച യുവതാരങ്ങൾ ഇപ്പോൾ ഇന്ത്യൻ ടീമിലുണ്ട്. 

ക്ലബ് ഫുട്ബോൾ 

ഒന്നോ രണ്ടോ സീസണുകൾ കൂടി ഞാൻ ബെംഗളൂരു എഫ്സിക്കു വേണ്ടി കളിക്കും. അതിനു ശേഷം ഫുട്ബോളിൽ നിന്ന് ചെറിയ ഒരു അവധി എടുക്കും. ശേഷം പരിശീലകനായോ മറ്റോ ഫുട്ബോളിലേക്കു തന്നെ തിരിച്ചു വന്നേക്കാം. തൽക്കാലം ഈ വിരമിക്കൽ മത്സരം മാത്രമാണ് എന്റെ മനസ്സിൽ. അതിനു ശേഷം ബെംഗളൂരു എഫ്സിക്കൊപ്പമുള്ള പ്രീ സീസൺ ട്രെയ്നിങ്ങും. 

100 ഗോളുകൾ 

രാജ്യാന്തര ഫുട്ബോളിൽ 100 ഗോളുകൾ എന്ന ലക്ഷ്യം ഒരിക്കലും ഞാൻ മനസ്സിൽ കുറിച്ചിട്ടില്ല. അതു കൊണ്ടു തന്നെ ഇപ്പോൾ നിർത്തുന്നതിനും എനിക്കു പ്രയാസമില്ല (94 ഗോളുകളാണ് ഇപ്പോൾ ഛേത്രിയുടെ പേരിലുള്ളത്). രാജ്യത്തിനു വേണ്ടി 150 മത്സരങ്ങൾ കളിക്കാനായി എന്നതിലാണ് എപ്പോഴും എനിക്ക് അഭിമാനമുള്ളത്. എന്റെ ജീവിതനേട്ടമായി ഭാവിയിൽ ഞാൻ മകനോടു പറയുന്ന കാര്യവും അതു തന്നെയാകും. 

 ഇന്ത്യൻ ഫുട്ബോൾ 

ഫുട്ബോളിൽ പതിയെ മുന്നേറുന്ന ഒരു രാജ്യമാണ് ഇന്ത്യ. അഞ്ച് അടി മുന്നോ‌‌ട്ട്, പിന്നെ മൂന്ന് അടി പിന്നോട്ട്, പിന്നെയും രണ്ട് അടി മുന്നോട്ട് എന്നതാണ് നമ്മുടെ രീതി. പക്ഷേ ഇപ്പോൾ നമുക്കൊരു ലക്ഷ്യബോധമുണ്ട്. ഏഷ്യയിലെ മികച്ച 10 ടീമുകളിൽ ഒന്നാവുക എന്നതാണത്. അതിലേക്കുള്ള വഴിയിൽ നല്ല രീതിയിലാണ് നമ്മുടെ പ്രയാണം. 

‘‘ഒരു സൂപ്പർ താരമായിട്ടോ റെക്കോർഡ് ഗോൾ സ്കോററായിട്ടോ അല്ല, കഠിനാധ്വാനിയായ ഒരു ഫുട്ബോൾ താരമായിട്ട് ഓർമിക്കപ്പെടാനാണ് ഞാൻ ആഗ്രഹിക്കുന്നത്. പിന്നെ കാണാൻ സുന്ദരനായ ഒരു ഫുട്ബോൾ താരമായിട്ടും..’’– ചിരിയോടെ ഛേത്രിയുടെ വാക്കുകൾ.

വിരമിക്കൽ തീരുമാനം ഛേത്രി എന്നെ അറിയിച്ചിരുന്നു. സംതൃപ്തിയോടെയാണ് അദ്ദേഹം വിരമിക്കുന്നത് എന്നാണ് എനിക്കു മനസ്സിലായത്. വർഷങ്ങളായി അടുത്ത സുഹൃത്തുക്കളാണ് ഞങ്ങൾ.. – വിരാട് കോലി

English Summary:

Sunil Chhetri said he spoke to Virat Kohli before announcing his retirement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com