ADVERTISEMENT

കഴിഞ്ഞ തവണ യൂറോ ഫൈനലിൽ സ്വന്തം മൈതാനത്ത് ഇറ്റലിയോടു കീഴടങ്ങിയ ഇംഗ്ലണ്ട് മുതൽ ഖത്തർ ലോകകപ്പിൽ അർജന്റീനയോടു പൊരുതി വീണ ഫ്രാൻസ് വരെ യൂറോ കപ്പ് സ്വപ്നം കാണുന്നു. സ്വന്തം നാട്ടിൽ നടക്കുന്ന യൂറോ കിരീടം ‘നാടുകടക്കാതിരിക്കാൻ’ ജർമനിയും ഒരുങ്ങിത്തന്നെ.  യുദ്ധക്കെടുതിയിലുള്ള യുക്രെയ്ൻ മുതൽ 24 വർഷത്തിനു ശേഷം യൂറോ കളിക്കുന്ന സ്‌ലൊവേനിയയും സെർബിയയും വരെ പോരാടാനുറച്ചാണ് ജർമനിയിലെത്തുന്നത്.  

ഗ്രൂപ്പ് എ: ജർമനി, സ്കോട്‌ലൻഡ്, ഹംഗറി, സ്വിറ്റ്സർലൻഡ്

ആതിഥേയരായ ജർമനി തന്നെയാണു ശക്തർ. തുടരെ അഞ്ചാം തവണയും യൂറോ ഫൈനൽസിനെത്തുന്ന സ്വിറ്റ്സർലൻഡാണ് രണ്ടാം ശക്തി. തുടർച്ചയായി യൂറോയ്ക്കു യോഗ്യത നേടിയെങ്കിലും സ്കോട്‌ലൻഡും ഹംഗറിയും ഗ്രൂപ്പ് ഘട്ടം കടന്നാൽ അദ്ഭുതം. 

ഗ്രൂപ്പ് ബി: സ്പെയിൻ, ക്രൊയേഷ്യ, ഇറ്റലി, അൽബേനിയ 

നിലവിലെ ചാംപ്യൻമാരെന്ന പകിട്ടോടെയാണ് ഇറ്റലി വരുന്നത്. സുവർണ തലമുറ താരങ്ങൾക്കൊപ്പം ട്രോഫി നേടാനുള്ള അവസാന അവസരമാണ് ക്രൊയേഷ്യയ്ക്ക്. യുവപ്രതിഭകളെക്കൊണ്ടു പുതിയ അധ്യായം രചിക്കാനാണു സ്പെയിൻ തയാറെടുക്കുന്നത്. വമ്പൻമാരുടെ ഗ്രൂപ്പിൽ അ‌ട്ടിമറികൾ തീർക്കുക എന്നതാണ് അൽബേനിയയുടെ ലക്ഷ്യം.  

ഗ്രൂപ്പ് സി: സ്‌ലൊവേനിയ, ഡെൻമാർക്ക്, സെർബിയ, ഇംഗ്ലണ്ട് 

വർഷങ്ങൾക്കു ശേഷം ഒരു രാജ്യാന്തര കിരീടം എന്ന സ്വപ്നം യാഥാർഥ്യമാക്കാനുള്ള തയാറെടുപ്പിലാണ് ഇംഗ്ലണ്ട്. 1992ൽ വിജയികളും 2020ൽ സെമിയിലെത്തിയ ടീമുമാണു ഡെൻമാർക്ക്. സ്‌ലൊവേനിയയും സെർബിയയും 2000ത്തിനു ശേഷം ആദ്യമായാണ് യൂറോയ്ക്കു വരുന്നത്. 

ഗ്രൂപ്പ് ഡി: പോളണ്ട്, നെതർലൻഡ്സ്, ഓസ്ട്രിയ, ഫ്രാൻസ്

ഖത്തർ ലോകകപ്പ് കൈവിട്ട ഫ്രാൻസിനു യൂറോപ്യൻ രാജാക്കന്മാരാകാനുള്ള അവസരം. 1988ലെ ചാംപ്യന്മാരായ നെതർലൻഡ്സ് ദീർഘനാളുകൾക്കു ശേഷം വീണ്ടും കിരീടം ലക്ഷ്യമിടുന്നു. യോഗ്യതാ മത്സരങ്ങൾക്കു ശേഷം പ്ലേഓഫിലൂടെ യൂറോയ്ക്കെത്തിയ പോളണ്ടിന്റെ സ്വപ്നം ആദ്യ കിരീടം. പോരാളികളായ ഓസ്ട്രിയയെ ഇവരെല്ലാം പേടിക്കേണ്ടി വരും. 

ഗ്രൂപ്പ് ഇ: ബൽജിയം, സ്‌ലൊവാക്യ, റുമാനിയ, യുക്രെയ്ൻ 

പരിചയസമ്പന്നരായ ടീമാണു ബൽജിയം. പക്ഷേ ഒരു രാജ്യാന്തര കിരീടം എന്നത് ചിരകാല സ്വപ്നം. 2018 റഷ്യൻ ലോകകപ്പിലെ മൂന്നാം സ്ഥാനമാണ് വലിയ നേട്ടം. യുക്രെയ്ൻ പോരാട്ട വീര്യവുമായാണ് എത്തുന്നത്. സ്‌ലൊവാക്യയും റുമാനിയയും ഗ്രൂപ്പിലെ ദുർബലർ. തമ്മിലുള്ള ഏറ്റുമുട്ടൽ ഇരുടീമുകൾക്കും നിർണായകം. 

‍ഗ്രൂപ്പ് എഫ്: തുർക്കി, ജോർജിയ, പോർച്ചുഗൽ, ചെക്ക് റിപ്പബ്ലിക്

2016ലെ കിരീടനേട്ടം ആവർത്തിക്കാനുള്ള ആർജവത്തോടെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയു‌‌‍‌ടെ പോർച്ചുഗൽ പോരാട്ടത്തിനിറങ്ങുക. 2008ൽ സെമിയിലെത്തിയ ടീമാണ് അട്ടിമറിക്കാരായ തുർക്കി. ജോർജിയ ആദ്യമായാണ് ചാംപ്യൻഷിപ്പിനെത്തുന്നത്. യൂറോയിലെ മുൻകാല നേട്ടങ്ങൾ ആവർത്തിക്കാൻ ചെക്ക് റിപ്പബ്ലിക്കും വരുന്നു.

English Summary:

Euro Cup Football group analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com