ADVERTISEMENT

കൊച്ചി ∙ ‘‘ കേരള ബ്ലാസ്റ്റേഴ്സ് പോലൊരു വമ്പൻ ക്ലബ്ബിന്റെ ഭാഗമാകുക എന്നതിനർഥം വലിയൊരു ഉത്തരവാദിത്തമേൽ‌ക്കുക എന്നതാണ്. ഉത്തരവാദിത്തങ്ങൾ വഹിക്കാനും വിജയിക്കാനും ഞാൻ ഇഷ്ടപ്പെടുന്നു. ’’ – കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ കോച്ച് മികേൽ സ്റ്റോറെ നയം വ്യക്തമാക്കുകയാണ്. 

കേരള ബ്ലാസ്റ്റേഴ്സിനെ ഐഎസ്എൽ കിരീട നേട്ടത്തിലേക്കു നയിക്കുകയെന്ന വലിയ വെല്ലുവിളിയാണ് സ്വീഡൻകാരനായ കോച്ചിനു മുന്നിൽ. കോച്ചായി കഴിഞ്ഞ മാസം ചുമതലയേറ്റ അദ്ദേഹം ‘മലയാള മനോരമ’യ്ക്ക് അനുവദിച്ച ഓൺലൈൻ അഭിമുഖത്തിൽ പങ്കുവച്ചത് ആത്മവിശ്വാസം. ബ്ലാസ്റ്റേഴ്സ് കോച്ചായ ശേഷം ആദ്യമായാണ് അദ്ദേഹം ഒരു ഇന്ത്യൻ മാധ്യമത്തിന് അഭിമുഖം നൽകുന്നത്. 

10 വർഷമായി ഒരു പരിശീലകനും കിരീടം സമ്മാനിക്കാൻ കഴിഞ്ഞില്ല. ഇത്തവണ ടീം വലിയ പ്രതീക്ഷയിലാണ്. ? 

ന്യായമായ സമയത്തിനുള്ളിൽ ‘വിന്നിങ് ടീം’ ആകണമെന്നാണ് ആഗ്രഹം. അതിനു പക്ഷേ, ടീം അംഗങ്ങൾ വിനയവും ആത്മവിശ്വാസവും കൂട്ടിയിണക്കണം. കഠിനാധ്വാനം ദീർഘകാലാടിസ്ഥാനത്തിൽ ഉറപ്പായും ഫലം തരും. ആരാധകരാണു ടീമിന്റെ കരുത്ത്. അവർക്കൊരു കിരീടം സമ്മാനിക്കുന്നത് അതിഗംഭീരമാകും!  മുൻ കോച്ച് ഇവാൻ വുക്കോമനോവിച്് വളരെ മികച്ച കാര്യങ്ങളാണു ബ്ലാസ്റ്റേഴ്സിനു വേണ്ടി ചെയ്തത്. 

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് ഗംഭീര വിജയങ്ങൾ നേടി. വൻ തകർച്ചകളും നേരിട്ടു ? 

ഓരോ ഘട്ടത്തിലും നിശ്ചയദാർഢ്യത്തോടെ കളിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ഓരോ ദിവസവും കളിക്കാർക്കു പോസിറ്റിവിറ്റി സമ്മാനിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.  

പ്രീ സീസൺ പര്യടനം ? 

പ്രീ സീസൺ പരിശീലനം നിർബന്ധമാണ്. മികച്ച അടിസ്ഥാന സൗകര്യങ്ങളും മികച്ച ടീമുകളെ എതിരാളികളായി ലഭിക്കാനുള്ള സാധ്യതയും പ്രീ സീസൺ ടൂറിൽ പ്രധാനമാണ്. ജൂലൈ രണ്ടിനു പ്രീ സീസൺ ക്യാംപ് തായ്‌ലൻഡിൽ ആരംഭിക്കും. 

പ്രഫഷനൽ ഫുട്ബോൾ കളിക്കാത്ത പരിശീലകനാണു താങ്കൾ? 

ഞാൻ ജനിച്ചതു കളിക്കാരനാകാനല്ല, കോച്ച് ആകാനാണ്! കോച്ച് ആകണമെന്നു തീരുമാനിച്ചതു 14 –ാം വയസ്സിലാണ്. അതിന് ആവശ്യമുള്ളതെല്ലാം ചെയ്തു. നിർഭാഗ്യമെന്നു പറയട്ടെ, ഒരു കളിക്കാരനു വേണ്ട കഴിവുകൾ ഇല്ലാതിരുന്നതിനാൽ പരിശീലകനാകാൻ വളരെയേറെ കഷ്ടപ്പെടേണ്ടി വന്നു; മറ്റാരെക്കാളും അധികം!

English Summary:

Kerala Blasters New coach Mikel Stahre's interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com