ADVERTISEMENT

ന്യൂയോർക്ക് ∙ ഇത്ര സമാധാനത്തോടെ അർജന്റീന ഈയടുത്ത കാലത്തൊന്നും ഒരു കോപ്പ അമേരിക്ക ചാംപ്യൻഷിപ്പിനു വന്നി‌‌ട്ടില്ല. കഴിഞ്ഞ കോപ്പ അമേരിക്കയും ലോകകപ്പും നേടിയതോടെ ‘രാജ്യാന്തര കിരീടശാപം’ തീർത്തു കളഞ്ഞ അവർക്ക് ഇത്തവണ കപ്പ് ‘കിട്ടിയാൽ സന്തോഷം’ എന്ന നിലപാടേയുള്ളൂ. ചിരവൈരികളായ ബ്രസീലിന്റെ കാര്യം നേരെ തിരിച്ച്. കോപ്പ ഫൈനലിൽ അർജന്റീനയോട‌ും ‌ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോടും തോറ്റതോടെ അവർക്ക് ഈ കോപ്പ ‘കിട്ടിയേ തീരൂ’. രണ്ടു വൻകരകളിൽ നിന്നായി 16 ‌‌‌ട‌ീമുകൾ മത്സരിക്കുന്നുണ്ടെങ്കിലും കോപ്പയിൽ ഇത്തവണയും ആരാധകർ കാത്തിരിക്കുന്നത് അർജന്റീന–ബ്രസീൽ നേർക്കുനേർ പോരാട്ടത്തിനാവും. പക്ഷേ അർജന്റീന എ ഗ്രൂപ്പിലും ബ്രസീൽ ‍ഡി ഗ്രൂപ്പിലും ആയതിനാൽ ഫൈനലിൽ മാത്രമേ അതിനു സാധ്യതയുള്ളൂ. 

ബ്രസീൽ ‌ജൂനിയേഴ്സ് 

സൂപ്പർ താരം നെയ്മാർ വിട്ടുനിൽക്കുന്നതോടെ ‘ജൂനിയർ’ താരങ്ങളെയും കൊണ്ടാണ് ബ്രസീൽ ഇത്തവണ ഇറങ്ങുന്നത്. കോച്ചും പുതിയ ആൾ തന്നെ: അറുപത്തിരണ്ടുകാരൻ ഡൊറിവാൾ ജൂനിയർ! റയൽ മഡ്രിഡ് താരങ്ങളായ വിനീസ്യൂസ്, റോഡ്രിഗോ എന്നിവരെല്ലാം ടീമിലുണ്ടെങ്കിലും ആരാധകർ ഉറ്റു നോക്കുന്നത് ഒരു പതിനേഴുകാരന്റെ പ്രകടനം കാണാൻ–റയലുമായി ഈയടുത്ത് കരാറിലായ എൻഡ്രിക്കിന്റെ. സന്നാഹ മത്സരങ്ങളിൽ ഗോളടിച്ച് എൻഡ്രിക് തന്റെ മികവു പ്രകടമാക്കിക്കഴിഞ്ഞു. 

അർജന്റീന സീനിയേഴ്സ് 

സൂപ്പർ താരം ലയണൽ മെസ്സിയുടെ നേതൃത്വത്തിൽ ലോകകപ്പ് നേടിയ ടീമിലെ പ്രധാന താരങ്ങളെയെല്ലാം നിലനിർത്തിയാണ് അർജന്റീന കോപ്പ അമേരിക്കയ്ക്കു വരുന്നത്. ഏയ്ഞ്ചൽ ഡി മരിയ, റോഡ്രിഗോ ഡി പോൾ, അലക്സിസ് മക്കലിസ്റ്റർ, യൂലിയൻ അൽവാരസ്, ലിസാന്ദ്രോ മാർ‌ട്ടിനസ് എന്നിവരെല്ലാം സ്ക്വാഡിലുണ്ട്. ഒപ്പം  ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസും. ലയണൽ സ്കലോനി തന്നെയാണ് പരിശീലകൻ. ലയണൽ മെസ്സിയുടെ ‘അവസാന രാജ്യാന്തര ചാംപ്യൻഷിപ്’ ആയിരിക്കുമോ ഈ കോപ്പ എന്ന ആകാംക്ഷ ലോകമെങ്ങുമുള്ള ആരാധകർക്കുണ്ട്. പക്ഷേ 2026ൽ യുഎസിൽ തന്നെ നടക്കുന്ന ലോകകപ്പിലും മെസ്സി കളിക്കുമെന്നാണ് എല്ലാ സൂചനകളും. 

English Summary:

Argentina and Brazil ready for Copa Ameria 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com