ADVERTISEMENT

മോണ്ടെവിഡിയോ (യുറഗ്വായ്) ∙ 17 വർഷം നീണ്ട സംഭവബഹുലമായ രാജ്യാന്തര കരിയ‍ർ യുറഗ്വായ് ഫുട്ബോളിലെ ഇതിഹാസ താരം ലൂയി സ്വാരെസ് അവസാനിപ്പിക്കുന്നു. മോണ്ടെവിഡിയോയിൽ വെള്ളിയാഴ്ച പാരഗ്വായ്ക്കെതിരെ നടക്കുന്ന 2026 ലോകകപ്പ് യോഗ്യതാ മത്സരം തന്റെ  അവസാനത്തേതായിരിക്കുമെന്നു മുപ്പത്തിയേഴുകാരൻ സ്വാരെസ് പ്രഖ്യാപിച്ചു.

2007ൽ രാജ്യാന്തര തലത്തിൽ അരങ്ങേറ്റം കുറിച്ച സ്വാരെസ് യുറഗ്വായ്ക്കായി 142 മത്സരങ്ങൾ കളിച്ചു; 69 ഗോളുകൾ നേടി. 2011ൽ കോപ്പ അമേരിക്ക ജേതാക്കളായ യുറഗ്വായ് ടീമിലെ മുഖ്യസാന്നിധ്യമായിരുന്ന സ്വാരെസ് 2010 ലോകകപ്പിൽ ടീമിനെ സെമി വരെയെത്തിക്കുന്നതിലും നിർണായക ശക്തിയായി. 2014 ബ്രസീൽ ലോകകപ്പിൽ ഇറ്റലി താരം ജോർജിയോ കില്ലെനിയെ കടിച്ച സംഭവത്തിലും സ്വാരെസിന് അച്ചടക്ക നടപടി നേരിടേണ്ടി വന്നു. ഇക്കഴിഞ്ഞ കോപ്പ അമേരിക്ക ചാംപ്യൻഷിപ്പിലെ മൂന്നാം സ്ഥാന മത്സരത്തിൽ കാനഡയ്ക്കെതിരെ ഇൻജറി ടൈമിൽ വിജയഗോൾ നേടി.

‘കോപ്പ അമേരിക്ക വേദിയിൽവച്ച് വിരമിക്കണമെന്നു ഞാൻ ആലോചിച്ചിരുന്നു. എന്നാൽ, എന്റെ നാട്ടുകാർക്കും വീട്ടുകാർക്കും കുട്ടികൾക്കും മുന്നിൽ വച്ച് വിരമിക്കൽ മത്സരം കളിക്കാൻ ഞാനാഗ്രഹിച്ചു. എന്റെ കുട്ടികൾ എക്കാലവും ഈ നിമിഷങ്ങൾ ഓർമയിൽ സൂക്ഷിക്കണമെന്നാണ് എന്റെ ആഗ്രഹം’ – സ്വാരെസ് പറഞ്ഞു. യുഎസിലെ മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മയാമിയുടെ താരമായ സ്വാരെസ്, ക്ലബ് കരിയറിൽ ഇതു തന്റെ അവസാനയിടമാണെന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നു. 

English Summary:

Football player Luis Suarez announces his retirement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com