ബ്ലാസ്റ്റേഴ്സിന്റെ സൂര്യൻ: പരുക്കിനും ഇടവേളയ്ക്കും ശേഷമെത്തുന്ന ക്യാപ്റ്റൻ അഡ്രിയൻ ലൂണ സംസാരിക്കുന്നു
Mail This Article
കൊച്ചി ∙ ക്ലാസ് മുറി വിട്ടിറങ്ങിയ കുട്ടിയെപ്പോലെ അഡ്രിയൻ ലൂണ! ജെൽ പുരട്ടിയൊതുക്കിയ മുടി, ക്ലീൻ ഷേവ് ചെയ്ത മുഖത്തിനു കൂടുതൽ ചെറുപ്പം. ടീം മീറ്റിങ്ങിനു ശേഷമുള്ള ഇടവേളയിലായിരുന്നു കൂടിക്കാഴ്ച. കരം കവർന്ന് ആശംസകൾ നേർന്നപ്പോൾ ആ മുഖം വികസിച്ചു: ഓ! എന്റെ കുഞ്ഞിനു വേണ്ടിയല്ലേ! നന്ദി. കുടുംബം കൊച്ചിയിലേക്കു വരും, അടുത്ത ജനുവരിയിൽ’’– കേരള ബ്ലാസ്റ്റേഴ്സ് താരനിരയിൽ പ്രകടനം കൊണ്ട് എക്കാലത്തെയും സൂപ്പർ താരമാണു യുറഗ്വായിലെ ടാക്വറെംബോയിൽ ജനിച്ച ലൂണ. കളത്തിൽ ബ്ലാസ്റ്റേഴ്സിന്റെ സൂര്യനെങ്കിലും പേരിന്റെ അർഥം കൊണ്ടു സൗമ്യചന്ദ്രിക!
അഡ്രിയൻ ലൂണ ‘മനോരമ’യോടു സംസാരിച്ചപ്പോൾ.
Q പുതിയ മുന്നേറ്റ നിരയ്‌ക്കൊപ്പം?
A ഫുട്ബോളിൽ കളിക്കാർ വരുന്നതും പോകുന്നതും പുതുമയല്ല. പകരം താരങ്ങളെ ക്ലബ്ബുകൾ കണ്ടെത്തും. ഇന്ത്യയെ സംബന്ധിച്ചു പുതിയ വിദേശതാരങ്ങൾ വരുന്നതു നല്ലതാണ്. ഇന്ത്യൻ താരങ്ങൾക്കു കൂടുതൽ മികവിനും പുതിയ ആശയങ്ങൾ ലഭിക്കാനും അതു സഹായിക്കും. ഞാൻ പ്രതീക്ഷയിലാണ്. ലീഗ് ഒരു ദീർഘ യാത്ര പോലെയാണ്!
Q കപ്പിനായി പോരാട്ടം?
A അതെ, പുതിയ സീസൺ, പുതിയ കോച്ച്, താരങ്ങൾ. കപ്പ് ജയിക്കാൻ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണു ഞങ്ങൾ. ക്ലബ്ബും ഫാൻസും 10 സീസണായി കാത്തിരിക്കുന്ന കപ്പാണ്. ഞാനാകട്ടെ, തുടർച്ചയായി 4 –ാം വർഷമാണു ടീമിനു വേണ്ടി അതേ സ്വപ്നം കാണുന്നത്.
Q ടീമിലെ സീനിയർ?
A ഇവിടം വിട്ടു പോകാൻ എനിക്കു കാരണമൊന്നുമില്ല. ഫാൻസ്, ക്ലബ്, എല്ലാവരും എന്നെ കുടുംബാംഗത്തെപ്പോലെ കണ്ടു. സ്വന്തം വീടു പോലെയാണ് ഇവിടം. എന്റെ കുടുംബത്തിനും ഇവിടം ഏറെയിഷ്ടമാണ്. ഇപ്പോൾ ക്യാപ്റ്റനെന്ന നിലയിൽ കൂടുതൽ ഉത്തരവാദിത്തമുണ്ട്. അതു കളത്തിൽ തെളിയിക്കണം. നോവ സദൂയിക്കും ഹെസൂസ് ഹിമെനെയ്ക്കും പെപ്രയ്ക്കുമൊക്കെ കൃത്യമായി പന്തെത്തിക്കുക തന്നെയാണ് എന്റെ പ്രാഥമിക ദൗത്യം.