ADVERTISEMENT

കൊല്ലം എഴുകോൺ കുടവട്ടൂർ ഗവ. യുപിയിലെ പഠനകാലത്തു സ്‌കൂളിലെ ഏറ്റവും മികച്ച പാട്ടുകാരിയായിരുന്നു എസ്.സൂര്യ. സ്കൂൾ കലോത്സവ വേദികളിൽ ഒട്ടേറെ സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുമുണ്ട്. ഇന്നു കേരള വോളിബോളിലെ ‘ട്രോഫി ഗേളാ’ണ് ഇടക്കിടം മംഗലത്തുവീട്ടിൽ രാധാകൃഷ്ണപിള്ളയുടെയും പരേതയായ സരസ്വതിയുടെയും മകളായ ഈ ഇരുപത്തിമൂന്നുകാരി.

മൂന്നേകാൽ വർഷത്തിനിടെ കേരളത്തിന്റെ വനിതാ ടീം സ്വന്തമാക്കിയ 7 ദേശീയ കിരീടങ്ങളിലും ഈ ബ്ലോക്കറുടെ പങ്ക് നിർണായകമായിരുന്നു. ഏറ്റവുമൊടുവിൽ കേരളം ജേതാക്കളായ ഫെഡറേഷൻ കപ്പിൽ ടീമിന്റെ ക്യാപ്റ്റനുമായി. വോളി കോർട്ടിൽ കേരളത്തിനെ ‘പാട്ടുംപാടി’ ജയിപ്പിക്കുന്ന മികവാണു സൂര്യയെ മനോരമ സ്‌പോർട്‌സ് സ്റ്റാർ പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയിലേക്കെത്തിച്ചത്.

∙ ഉയരെ ഉയരെ

8–ാം ക്ലാസുവരെ വോളിബോൾ എന്നല്ല, ഒരു സ്‌പോർട്‌സിലും ഇറങ്ങിയിട്ടില്ല സൂര്യ. എട്ടിലെ അവധിക്കാലത്ത് സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) വോളി സിലക്‌ഷൻ ട്രയൽസിൽ പങ്കെടുക്കാൻ നിർദേശിച്ചതു കായികാധ്യാപകൻ അശോകനാണ്. ‘സൂര്യേ, നിനക്കു നല്ല പൊക്കമുണ്ടല്ലോ, ഒന്നു ശ്രമിച്ചുനോക്ക്’ എന്ന വാക്കിന്റെ പുറത്ത് അഞ്ചലിൽ നടന്ന ട്രയൽസിൽ പങ്കെടുത്തു. ‘അവരെന്നെ ഓടിച്ചു, ചാടിച്ചു, അവസാനം പറഞ്ഞു സിലക്ടഡ് എന്ന്’ - സൂര്യ പറയുന്നു. പൊക്കമായിരുന്നു അന്നു സൂര്യയുടെ കരുത്ത്; ഇന്നും. കേരള ടീമിൽ പൊക്കത്തിൽ ഈ ആറടിക്കാരിയെ വെല്ലാൻ മറ്റാരുമില്ല.

∙ അറ്റാക്കർ ടു ബ്ലോക്കർ

കൊല്ലം സായിയിലെ പരിശീലകൻ ഗോപാലകൃഷ്ണനാണ് സൂര്യയിലെ താരത്തെ കണ്ടെത്തിയത്. പ്ലസ് വൺ കഴിഞ്ഞപ്പോൾ തലശ്ശേരി സായിയിലേക്ക്. അവിടെ ടി.ബാലചന്ദ്രന്റെ ശിക്ഷണം. പിന്നീടു ജോലി കിട്ടി കെഎസ്ഇബിയിലേക്ക്. അറ്റാക്കറായി കോർട്ടിൽ മിന്നിയ സൂര്യ 19-ാം വയസ്സിൽ കേരള സീനിയർ ടീമിലെത്തി. അവിടെവച്ചാണു പരിശീലകൻ സണ്ണി ജോസഫ് സൂര്യയ്ക്കു ചേരുക ബ്ലോക്കറുടെ വേഷമാണെന്നു തിരിച്ചറിഞ്ഞതും ആ പൊസിഷനിൽ നിയോഗിച്ചതും. റണ്ണേഴ്‌സ് അപ്പായ കേരളത്തിനുവേണ്ടി നടത്തിയ പ്രകടനം ദേശീയ സിലക്ടർമാരുടെ കണ്ണിലുടക്കി; ജക്കാർത്ത ഏഷ്യൻ ഗെയിംസിനുള്ള ടീമിൽ ഇടംപിടിച്ചു.

∙ സാഫിൽ സ്വർണശോഭ

2018 മുതൽ കേരള ടീമിലെ സ്ഥിരം സാന്നിധ്യമാണു സൂര്യ. ജക്കാർത്ത ഏഷ്യൻ ഗെയിംസ് മുതൽ ഇന്ത്യൻ കുപ്പായത്തിലും തിളങ്ങുന്നു. 2019ൽ കഠ്മണ്ഡു സാഫ് ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ അംഗമായി. 2018ൽ ബ്രിക്‌സ് ടൂർണമെന്റിൽ വെള്ളി നേടിയ ടീമിലും തിളങ്ങി. സീനിയർ ഏഷ്യൻ ചാംപ്യൻഷിപ്പിലും ഇന്ത്യയ്ക്കായി ഇറങ്ങി. ഈ വർഷത്തെ ഏഷ്യൻ ഗെയിംസ് ടീമിലും ഇടംപിടിക്കാമെന്ന പ്രതീക്ഷയിലാണു താരം. നാഗർകോവിൽ സ്വദേശിയും നേവി ഉദ്യോഗസ്ഥനുമായ എസ്.ആർ.ശിവരാജനാണു ഭർത്താവ്.

Content highlights: Kerala volleyball player S. Surya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com