ADVERTISEMENT

1988ലെ സോൾ ഒളിംപിക്സിൽ 100 മീറ്ററിൽ സ്വർണം നേടിയ കാനഡയുടെ ബെൻ ജോൺസൻ. 2000ലെ സിഡ്നി ഒളിംപിക്സിൽ 100ലും 200ലും 4–400 മീറ്റർ റിലേയിലും സ്വർണവും ലോങ്ജംപിലും 4x100 മീറ്റർ റിലേയിലും വെങ്കലവും നേടിയ യുഎസിന്റെ മരിയൻ ജോൺസ്. 2012ൽ ലണ്ടൻ ഒളിംപിക്സിൽ 4x100 മീറ്റർ റിലേയിൽ വെള്ളി നേടിയ യുഎസ് ടീമിൽ അംഗമായിരുന്ന ടൈസൺ ഗേ. ട്രാക്കിലെ ഈ വേഗപ്പുലികളെയെല്ലാം ലോകം ഒളിംപിക്സ് കാലത്തു വിസ്മയത്തോടെ ആരാധിച്ചതാണ്. എന്നാൽ, പിൽക്കാലത്തു കരിയറിലുണ്ടായ കളങ്കത്തോടെ ഇവരെല്ലാം കായികപ്രേമികളുടെ ‘ഗുഡ് ബുക്കി’ൽനിന്നു പുറത്തായി. ഉത്തേജക  ഉപയോഗത്തിന്റെ പേരിൽ ഇവർ നേടിയ ഒളിംപിക് മെഡലുകൾ തിരിച്ചെടുക്കുകയും ചെയ്തു.

കായികരംഗത്തെ ഒഴിയാബാധയായ ഉത്തേജക ഉപയോഗം പിടിക്കാൻ ഇത്തവണ പാരിസ് ഒളിംപിക്സിൽ കർശന സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ടൂർ ദ് ഫ്രാൻസ് ഉൾപ്പെടെയുള്ള വിവിധ ചാംപ്യൻഷിപ്പുകളിൽ ഉത്തേജകമരുന്ന് പരിശോധന നടത്തുന്ന ഇന്റർനാഷനൽ ടെസ്റ്റിങ് ഏജൻസിക്കാണ് (ഐടിഎ) ഒളിംപിക്സ് വേദിയിലെ ഉത്തേജക പരിശോധനയുടെ ചുമതല. ഇക്കുറി നിർമിതബുദ്ധി (എഐ) സാങ്കേതിക വിദ്യ വരെ ഉപയോഗിച്ചാകും ഉത്തേജ പരിശോധനയെന്നാണ് ഐടിഎ പറയുന്നത്.

ഓരോ അത്‌ലീറ്റിന്റെയും പേരിൽ രാജ്യാന്തര ഉത്തേജക വിരുദ്ധ ഏജൻസി (വാഡ) തയാറാക്കിയിട്ടുള്ള ബയോളജിക്കൽ പാസ്പോർട്ടിനു പുറമേ ഇത്തവണ പാരിസിൽ അത്‌ലീറ്റുകളുടെ പെർഫോമൻസ് പാസ്പോർട്ട് തയാറാക്കാനാണ് ഐടിഎ തീരുമാനം. ഓരോ അത്‌ലീറ്റിന്റെയും ശരീരഘടകങ്ങൾ സംബന്ധിച്ച പൂർണമായ വിവരം ഉൾപ്പെടുന്നതാണു ബയോളജിക്കൽ പാസ്പോർട്ട്. മരുന്നടിച്ചാൽ ഈ ഘടകങ്ങളിൽ മാറ്റംവരുകയും അതോടെ അത്‌ലീറ്റ് പിടിക്കപ്പെടുകയും ചെയ്യും.

ഓരോ അത്‌ലീറ്റിന്റെയും കരിയറിന്റെ തുടക്കം മുതലുള്ള പ്രകടനമാണു പെർഫോമൻസ് പാസ്പോർട്ടിൽ രേഖപ്പെടുത്തുന്നത്. എഐ സഹായത്തോടെ ഈ ഡേറ്റ വിശകലനം ചെയ്ത്, കഴിഞ്ഞ 4 വർഷത്തിനിടെ താരത്തിന്റെ പ്രകടനത്തിലുണ്ടായ മാറ്റം വിലയിരുത്തി മരുന്നടി പിടിക്കാമെന്നാണ് ഐടിഎ കണ്ടെത്തൽ. ഉത്തേജകമരുന്ന് ഉപയോഗിച്ചു കളത്തിലിറങ്ങി മികച്ച പ്രകടനം നടത്തിയാൽ പിടിക്കപ്പെടുമെന്നു ചുരുക്കം.

അത്‌ലറ്റിക്സ്, വെയ്റ്റ്‌ലിഫ്റ്റിങ്, നീന്തൽ തുടങ്ങിയ ഇനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഓരോയിനത്തിലും ആദ്യ മൂന്നു സ്ഥാനങ്ങളിൽ എത്തുന്നവർക്കു പുറമേ സംശയം തോന്നുന്ന മറ്റു താരങ്ങളുടെയും സാംപിളുകൾ പരിശോധനയ്ക്കായി ഐടിഎ ശേഖരിക്കും. മരുന്നടി കേസുകൾ കൂടുതലുള്ള രാജ്യങ്ങളിൽനിന്നുള്ള അത്‌ലീറ്റുകളെ പ്രത്യേക പരിശോധനയ്ക്കു വിധേയമാക്കും. 

റഷ്യൻ വിവാദം

ഒളിംപിക്സ് ചരിത്രത്തിൽ ഇതുവരെ ഉത്തേജക ഉപയോഗത്തിന് ഏറ്റവും കൂടുതൽ അത്‌ലീറ്റുകൾ പിടിക്കപ്പെട്ടിട്ടുള്ളതു റഷ്യയിൽനിന്നാണ്. നിരോധിത മരുന്നുപയോഗത്തിന്റെ പേരിൽ റഷ്യയുടെ 50 ഒളിംപിക് മെഡലുകൾ രാജ്യാന്തര ഒളിംപിക് കമ്മിറ്റി തിരിച്ചെടുത്തിട്ടുണ്ട്. 2016ലെ റിയോ ഒളിംപിക്സിനു മുൻപായി റഷ്യയിലെ മരുന്നടി വൻ വിവാദമായി. റഷ്യയെ ഒളിംപിക്സിൽ പങ്കെടുക്കുന്നതിൽനിന്നു വിലക്കണമെന്നു ലോക ഉത്തേജകവിരുദ്ധ ഏജൻസി നിർദേശിച്ചെങ്കിലും രാജ്യാന്തര ഒളിംപിക് കമ്മിറ്റി ആ നിർദേശം അംഗീകരിച്ചില്ല. എങ്കിലും റഷ്യ സമർപ്പിച്ച പട്ടികയിൽനിന്ന് 111 പേരെ സംശയത്തിന്റെ പേരിൽ ഒളിംപിക് കമ്മിറ്റി വെട്ടി. 

English Summary:

Artificial Intelligence assisted drug testing in Paris olympics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com