ADVERTISEMENT

പാരിസ് ∙ ഒളിംപിക്സിന് ദിവസങ്ങൾമാത്രം ബാക്കിനിൽക്കെ ഒളിംപിക്സ് ദീപം പാരിസിൽ. ഫ്രാൻസിന്റെ ദേശീയ ദിനമായ ‘ബാസ്റ്റീൽ ദിന’ത്തിന്റെ ആഘോഷങ്ങൾക്കു നടുവിലേക്കാണ് മുഖ്യാതിഥിയായി ഒളിംപിക്സ് ദീപശിഖയെത്തിയത്. കരയിലും ആകാശത്തുമായി നടന്ന സൈനികാഭ്യാസ പ്രകടനങ്ങളുടെ അകമ്പടിയോടെ പാരിസ് നഗരം ഒളിംപിക്സിന്റെ കെടാവിളക്കിന് സ്വാഗതമോതി. പിന്നാലെ, ദീപശിഖയുടെ അവസാനവട്ട പ്രയാണം പാരിസിൽ ആരംഭിച്ചു. ചരിത്രനിമിഷത്തിനു സാക്ഷ്യം വഹിക്കാൻ ലക്ഷങ്ങൾ പാരിസിൽ തടിച്ചുകൂടി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ ഉൾപ്പെടെയുള്ള പ്രമുഖരും ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. 

ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായ സൈനിക പരേഡിന് സമാപനം കുറിച്ചാണ് കുതിരപ്പുറത്തേറി പാരിസിലേക്ക് ഒളിംപിക് ദീപമെത്തിയത്. 2016 റിയോ ഒളിംപിക്സിൽ അശ്വാഭ്യാസത്തിൽ സ്വർണമെഡൽ ജേതാവായ തിബോൾട്ട് വാലെറ്റാണ് ആദ്യം ദീപശിഖയേന്തിയത്. തുടർന്ന് മുൻകാല താരങ്ങളടക്കം 24 പേർക്കൂടി അതിൽ പങ്കുചേർന്നു. ഫ്രാൻസ് ഫുട്ബോൾ ടീം പരിശീലകൻ തിയറി ഒൻറിയും ഇന്നലെ ദീപശിഖയേന്തി. വിവിധ നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ച വൊളന്റിയർമാർ ഒളിംപിക്സ് വളയം തീർത്ത് ദീപശിഖാ പ്രയാണത്തെ അനുഗമിച്ചു.

പാരിസിലെ ചരിത്ര പ്രധാന കേന്ദ്രങ്ങളിലൂടെ സഞ്ചരിക്കുന്ന ദീപശിഖ 26നു സെയ്ൻ നദിക്കരയിലെ ഒളിംപിക്സ് ഉദ്ഘാടന വേദിയിലേക്കെത്തും. പുരാതന ഒളിംപിക്സ് നഗരമായ ഗ്രീസിലെ ഒളിംപിയയിൽ നിന്ന് പായ്ക്കപ്പലിൽ ഏപ്രിൽ 27ന് ഫ്രാൻസിലേക്കു പുറപ്പെട്ട ഒളിംപിക് ദീപം മേയിലാണ് ഫ്രാൻസിലെ മാഴ്സൈ തീരത്തെത്തിയത്. തുടർന്ന് ഫ്രാൻസിലെ വിവിധ പ്രവിശ്യകളിലൂടെ പ്രയാണം നടത്തി.

English Summary:

Olympic lamp reached in Paris

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com