ADVERTISEMENT

കോട്ടയം ∙ പാരിസ് ഒളിംപിക്സിൽ പുരുഷ ട്രിപ്പിൾജംപിൽ മത്സരിക്കുന്ന ഇന്ത്യയുടെ പ്രവീൺ ചിത്രവേലിന്റെയും അബ്ദുല്ല അബൂബക്കറിന്റെയും മികച്ച പ്രകടനങ്ങളിൽ സെന്റിമീറ്ററിന്റെ വ്യത്യാസമേയുള്ളൂ. എന്നാൽ ഇവർക്കു ലഭിക്കുന്ന പ്രോത്സാഹനത്തുകയിൽ ‘മില്യൺ’ രൂപയുടെ വ്യത്യാസമുണ്ട്.

ഒളിംപിക്സ് യോഗ്യത നേടിയതിനുള്ള പാരിതോഷികമായി തമിഴ്നാട് സർക്കാർ അനുവദിച്ച 7 ലക്ഷം രൂപ പ്രവീൺ ചിത്രവേലിന്റെ അക്കൗണ്ടിലെത്തിയപ്പോൾ മലയാളി താരം അബ്ദുല്ല അബൂബക്കറിന് കേരള സർക്കാരിൽ നിന്ന് ഇതുവരെ ഒരു അഭിനന്ദന സന്ദേശം പോലും ലഭിച്ചിട്ടില്ല.

അബ്ദുല്ലയടക്കം പാരിസ് ഒളിംപിക്സിൽ മത്സരിക്കുന്ന 7 മലയാളി താരങ്ങൾക്കും പറയാനുള്ളത് ഇതേ പരിഭവമാണ്. 2021 ടോക്കിയോ ഒളിംപിക്സിന് യോഗ്യത നേടിയ 10 മലയാളി കായിക താരങ്ങളെയും 5 ലക്ഷം രൂപ വീതം പാരിതോഷികം നൽകിയാണ് അന്ന് സംസ്ഥാന സർക്കാർ യാത്രയയച്ചത്. 

ഒളിംപിക്സ് റിലേ ടീമിൽ ഉൾപ്പെട്ട മലയാളി താരം മിജോ ചാക്കോ കുര്യന് കർണാടക സർക്കാർ 5 ലക്ഷം രൂപയുടെ പാരിതോഷികം നൽകി. മംഗളൂരുവിൽ സ്ഥിരതാമസമാക്കിയ മിജോ ദേശീയ മത്സരങ്ങളി‍ൽ കർണാടകയ്ക്കുവേണ്ടി മത്സരിക്കുന്നതാണ് നേട്ടമായത്.

വർഷങ്ങളായി ദേശീയ മത്സരങ്ങളിൽ കേരളത്തിനായി മത്സരിച്ചു മെഡൽ നേടുന്ന മുഹമ്മദ് അനസും മുഹമ്മദ് അജ്മലും ഒളിംപിക്സ് റിലേ ടീമിലുണ്ടെങ്കിലും അവരെ കേരളം പരിഗണിച്ചിട്ടില്ല. ഗോവ ദേശീയ ഗെയിംസിൽ കേരളത്തിനായി മെഡൽ നേടിയ കായിക താരങ്ങൾക്ക് സംസ്ഥാന സർക്കാർ 5 ലക്ഷം മുതൽ 3 ലക്ഷം വരെ പാരിതോഷികം പ്രഖ്യാപിച്ചപ്പോഴാണ് ഒളിംപ്യൻമാരോടുള്ള അവഗണന. 

കേരളം മടിച്ചുനിൽക്കുമ്പോൾ ലക്ഷങ്ങൾ പാരിതോഷികം നൽകി ഒളിംപ്യൻമാരെ പാരിസിലേക്ക് യാത്രയയ്ക്കാൻ മത്സരിക്കുകയാണ് മറ്റു സംസ്ഥാനങ്ങൾ. 

വിവിധ സംസ്ഥാനങ്ങൾ അവരുടെ  ഒളിംപ്യൻമാർക്ക് പ്രഖ്യാപിച്ച പാരിതോഷികം ഇങ്ങനെ 

മഹാരാഷ്ട്ര:   50 ലക്ഷം

ഹരിയാന:       30 ലക്ഷം 

പഞ്ചാബ്:       25 ലക്ഷം

ഒഡീഷ:       14 ലക്ഷം

തമിഴ്നാട്:       7 ലക്ഷം

മധ്യപ്രദേശ്:     5 ലക്ഷം

കർണാടക:      5 ലക്ഷം

English Summary:

Kerala athletes qualified for Paris Olympics are not getting reward

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com