ADVERTISEMENT

മനസ്സിൽ കൊത്തിയിട്ട വാക്കുകൾകൊണ്ടു വിവരിക്കാൻ പറ്റാത്തവിധത്തിൽ കാഴ്ചയുടെ മായാപ്രപഞ്ചം. ഉച്ചത്തിൽ വിളിച്ചുപറയാൻ കാത്തുവച്ച മൊഴികൾകൊണ്ടു വർണിക്കാനാവുന്നതിലപ്പുറം അദ്ഭുതങ്ങൾ ഒളിപ്പിച്ച വിസ്മയക്കടൽ. ഹൃദയത്തിൽ കോറിയിട്ട ചിത്രങ്ങൾ കൊണ്ടു വരച്ചിടാൻ കഴിയാത്തവണ്ണം മഴവിൽ വർണങ്ങളിൽ പൂത്തുലഞ്ഞുനിൽക്കുന്ന നഗരം. പാരിസ് വിളിക്കുന്നു–ബിയൻവ്‌നു (സ്വാഗതം)...

33-ാം ഒളിംപിക്സിന്റെ ആരവങ്ങളിലേക്ക് മെല്ലെ ഒഴുകിയിറങ്ങുകയാണു പാരിസ്. ഷാൾ ഡി ഗോല (സിഡിജി) വിമാനത്താവളത്തിലേക്കു രാത്രിയിൽ പറന്നിറങ്ങവേ പകൽ പോലെ പ്രഭാപൂരിതമാണ് നഗരം. അടുക്കുന്തോറും പ്രകാശം കൂടിക്കൂടി ചന്ദ്രനെക്കാൾ ശോഭയോടെ തിളക്കം. ഒടുവിൽ ആകാശപ്പറവ നിലംതൊട്ടു. ലോകത്തിന്റെ സ്നേഹനഗരത്തിലേക്കു പ്രത്യാശയോടെ സോഫ്റ്റ് ലാൻഡിങ്. വീൽ ദെ ലാമുർ (സിറ്റി ഓഫ് ലവ്), ഇതാ ഞങ്ങൾ...

ഒളിംപിക്സിന്റെ ഉദ്ഘാടനച്ചടങ്ങിലേക്ക് ഇനി 4 പകൽദൂരം മാത്രം. പാരിസ് നഗരത്തെ തഴുകിത്തലോടുന്ന സെൻ നദി ശാന്തമായി ഒഴുകുന്നു. നാലുനാൾ കഴിയുമ്പോൾ സെന്നിലെ ഓളങ്ങൾക്കൊപ്പം ലോകം നൃത്തം ചെയ്യും. ഒളിംപിക്സ് ചരിത്രത്തിലാദ്യമായി സ്റ്റേഡിയത്തിനു പുറത്ത് ഉദ്ഘാടന മഹാമഹം. സെൻ നദിയെ പുളകമണിയിച്ചു ലോകതാരങ്ങൾ ബോട്ടിലേറി മാർച്ച് പാസ്റ്റ് ചെയ്യും. ലോകത്തിനായി പാരിസ് കാത്തുവച്ച വിസ്മയങ്ങളുടെ ലോഞ്ച് പാഡായി സെൻ മാറും. നദിക്കരയിൽ പടുത്തുയർത്തിയ ഗാലറികളിലിരുന്നു കാണികൾ ആർപ്പുവിളിക്കും. വീട്ടകങ്ങളിലെ ടിവികൾക്കു മുന്നിലിരുന്നു ലോകം അദ്ഭുതക്കാഴ്ചകളിലേക്കു മിഴിതുറക്കും. സ്മാർട് ഫോൺ സ്ക്രീനുകളിലൂടെ ശതകോടികൾ സെൻ നദിയിലെ ജലമേളയിൽ അലിഞ്ഞുചേരും.

1900ലും 1924ലും ഒളിംപിക്സിനു വേദിയൊരുക്കിയ പാരിസ് ഇതു 3–ാം തവണയാണു വിശ്വമേളയ്ക്കു വേദിയാകുന്നത്. ലണ്ടനുശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ നഗരം (1908, 1948, 2012 വർഷങ്ങളിൽ ലണ്ടൻ ഒളിംപിക്സിനു വേദിയായി). പാരിസ് അവസാനമായി ഒളിംപിക്സിനു വേദിയായതിന്റെ ശതാബ്ദി വർഷത്തിലാണു 2024ലെ മഹാമേള എത്തുന്നത്.

26 മുതൽ ഓഗസ്റ്റ് 11 വരെയാണു വിശ്വമഹാമേള. 24നു മത്സരങ്ങൾ തുടങ്ങും. പാരിസാണു മുഖ്യവേദി. മറ്റു 16 നഗരങ്ങളിലും വേദികളുണ്ട്. ഫ്രാൻസിന്റെ അധീനതയിലുള്ള തഹിതി ആണു വേദികളിൽ ഏറ്റവും അകലെയുള്ളത്; പാരിസിൽനിന്ന് ഏകദേശം 15,715 കിലോമീറ്റർ അകലെ. സർഫിങ് മത്സരങ്ങൾക്കാണ് തഹിതി വേദിയാകുന്നത്. 

206 രാജ്യങ്ങളിൽനിന്നുള്ള 10,714 അത്‌ലീറ്റുകൾ 32 കായികയിനങ്ങളിലായി 329 മെഡൽ വിഭാഗങ്ങളിൽ മത്സരിക്കും. റഷ്യ, ബെലാറൂസ് എന്നിവിടങ്ങളിൽനിന്നുള്ള കായികതാരങ്ങൾ ന്യൂട്രൽ അത്‌ലീറ്റുകളായി കളത്തിലിറങ്ങും. ലോകമെമ്പാടുമുള്ള അഭയാർഥി ജനതയെ പ്രതിനിധീകരിച്ച് അഭയാർഥി ടീമും മെഡലിനായി പോരാടും. ഇന്ത്യയിൽനിന്നു 117 കായികതാരങ്ങൾ 16 ഇനങ്ങളിലായി മത്സരിക്കും.  അത്‌ലറ്റിക്സിലാണു വലിയ സംഘം; 29 പേർ. ഹോക്കിയിൽ 19 പേർ. വെയ്‌റ്റ്ലിഫ്റ്റിങ്, ജൂഡോ എന്നിവയിൽ ഓരോരുത്തർ വീതം. ഇന്ത്യൻ  കായികസംഘത്തിൽ ആകെയുള്ളത് 7 മലയാളികൾ. 5 പേർ അത്‌ലറ്റിക്സ് ടീമിൽ. ഹോക്കിയിലും ബാഡ്മിന്റനിലും ഓരോരുത്തർ വീതം. സപ്പോർട്ടിങ് സ്റ്റാഫായി 140 പേരും പാരിസ് ഒളിംപിക്സിൽ ഇന്ത്യൻ സംഘത്തിനൊപ്പമുണ്ടാവും.

ആഘോഷപ്പൂരത്തിലേക്ക് ഇനി ഏതാനും പകലിരവുകളുടെ ദൂരം കൂടി മാത്രം. ത്രസിപ്പിക്കുന്ന മത്സരക്കാഴ്ചകൾ അരങ്ങിലൊരുങ്ങുന്നു. പോരാട്ടത്തിനുമേൽ സൗഹൃദത്തിന്റെ ചില്ലകൾ പൂത്തുലയുന്ന രോമാഞ്ച നിമിഷങ്ങൾക്കായി മിഴികൾ തുറന്നിരിക്കാം. ലോകമേ, ഇതാ പാരിസ് ഒരുങ്ങി. കയ്യടിക്കാം, ആർപ്പുവിളിക്കാം. വിസ്മയച്ചെപ്പ് തുറക്കുന്ന നിമിഷത്തിനായി കാത്തിരിക്കാം...

English Summary:

Paris welcomes all

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com