ADVERTISEMENT

പാരിസ്∙ വിപ്ലവം പിറന്ന ഫ്ര‍ഞ്ച് മണ്ണിൽ പുതുചരിത്രം കുറിക്കാൻ ഇന്ത്യയുടെ താരങ്ങളും ഇന്ന് ഇറങ്ങുന്നു. മെഡൽ പ്രതീക്ഷയുള്ള ഇനങ്ങളായ ഹോക്കി, ബോക്സിങ്, ബാഡ്മിന്റൻ എന്നിവയ്ക്കു പുറമേ റോവിങ്, ടേബിൾ ടെന്നിസ്, ഷൂട്ടിങ് ഇനങ്ങളിലും ഇന്ത്യൻ താരങ്ങൾ ഇന്ന് പ്രഥമ മത്സരങ്ങളി‍ൽ പങ്കെടുക്കും.

ബാഡ്മിന്റൻ പുരുഷ സിംഗിൾസിൽ ലക്ഷ്യ സെൻ, പുരുഷ ഡബിൾസിൽ സാത്വിക്– ചിരാഗ് സഖ്യം, വനിതാ ഡബിൾസിൽ അശ്വിനി പൊന്നപ്പ, താനിഷ ക്രാസ്റ്റോ സഖ്യം എന്നിവരുടെ ആദ്യ പോരാട്ടങ്ങൾ ഇന്നാണ്. പുരുഷ ഹോക്കിയിൽ ഇന്ത്യ ഇന്ന് ന്യൂസീലൻഡിനെ നേരിടും. ടെന്നിസ് പുരുഷ ഡബിൾസിൽ രോഹൻ ബൊപ്പണ്ണ– ശ്രീരാം ബാലാജി സഖ്യത്തിന്റെ ആദ്യ മത്സരവും ഇന്നു നടക്കും.

ബൊപ്പണ്ണ എന്ന സ്വപ്നം

28 വർഷം മുൻപ് അറ്റ്ലാന്റ ഗെയിംസിൽ ലിയാൻഡർ പെയ്സ് നേടിയ വെങ്കലത്തിന്റെ തിളക്കം മാത്രമാ‌ണ് ഒളിംപിക്സിൽ ഇന്ത്യൻ ടെന്നിസിന് അവകാശപ്പെടാനുള്ളത്. എന്നാൽ, കളിജീവിതത്തിലെ എക്കാലത്തെയും മികച്ച ഫോമിലുള്ള രോഹൻ ബൊപ്പണ്ണ പുരുഷ ഡബിൾസിൽ റൊളാങ് ഗാരോസിൽ എൻ. ശ്രീരാം ബാലാജിക്കൊപ്പം ഇറങ്ങുമ്പോൾ പ്രതീക്ഷയ്ക്കു വകയുണ്ട്.

2017ൽ ബൊപ്പണ്ണ ഗബ്രിയേല ഡാബോവ്സ്കിക്കൊപ്പം തന്റെ ആദ്യത്തെ ഗ്രാൻസ്‌ലാം മിക്സ്ഡ് ഡബിൾസ് കിരീടം നേടിയ മണ്ണാണിത്. നാൽപത്തിനാലുകാരനായ ബൊപ്പണ്ണ കഴിഞ്ഞ വർഷം ഓസ്ട്രേലിയൻ താരം മാത്യു എബ്ദനൊപ്പം ഓസ്ട്രേലിയൻ ഓപ്പൺ ഡബിൾസ് കിരീടം നേടിയത് ചരിത്രമായി. ഗ്രാൻസ്‌ലാം കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോർഡാണ് അന്ന് ബൊപ്പണ്ണ സ്വന്തമാക്കിയത്. സമ്മർദമേറുന്ന ഘട്ടങ്ങളിൽ വിജയം കൈവരിക്കാൻ സമീപകാലത്ത് ബൊപ്പണ്ണ കാട്ടുന്ന മിടുക്കും അനുപമമാണ്. ശ്രീരാം ബാലാജി തനിക്കു ലഭിച്ച പരിമിതമായ അവസരങ്ങളിൽ കാട്ടിയ പോരാട്ടവീര്യവും ഇന്ത്യൻ ജോടിക്കു പ്രതീക്ഷ നൽകുന്നു. ആതിഥേയരായ ഫ്രാൻസിന്റെ എദ്വാർ റോജെ വാസലെൻ– ഫേബിയൻ റിബൂൾ സഖ്യമാണ് ആദ്യ മത്സരത്തിലെ എതിരാളികൾ.

സിംഗിൾസിൽ സുമിത് നാഗലിന്റെ ആദ്യ റൗണ്ട് എതിരാളി ഫ്രഞ്ച് താരം കോറന്റിൻ മൗട്ടെയാണ്. മൂന്നു മാസം മുൻപ് ഇതേ എതിരാളിയെ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തോടെയാകും നാഗൽ മത്സരത്തിനിറങ്ങുക.

ലക്ഷ്യം ഗോൾഡ്മിന്റൻ

പി.വി. സിന്ധു, സാത്വിക്സായ്‌രാജ് രങ്കി റെ‍ഡ്ഡി, ചിരാഗ് ഷെട്ടി. ഈ മൂന്നു പേരുകളിലേക്കാണ് ഇന്ത്യയിലെ ബാഡ്മിന്റൻ ആരാധകർ ഉറ്റുനോക്കുന്നത്. പുരുഷ ഡബിൾസിൽ ഉജ്വല ഫോമിലുള്ള സാത്വിക്– ചിരാഗ് സഖ്യത്തിന് സ്വർണം തന്നെയാണ് ഉന്നം. പ്രതിഭയോടു നീതിപുലർത്തുന്ന പ്രകടനം പുറത്തെടുത്താൽ, കഴിഞ്ഞ 2 ഒളിംപിക്സുകളിലായി നേടിയ വെള്ളി, വെങ്കല മെഡലുകൾ സ്വർണമാക്കാൻ സിന്ധുവിനു കഴിഞ്ഞേക്കും. പുരുഷ സിംഗിൾസിൽ മലയാളി താരം എച്ച്.എസ്. പ്രണോയ്, ലക്ഷ്യ സെൻ എന്നിവരും മെഡൽ ലക്ഷ്യംവച്ചു തന്നെയാകും മത്സരങ്ങൾക്കിറങ്ങുക. എന്നാൽ, ഇവർ പ്രീക്വാർട്ടറിൽ ഏറ്റുമുട്ടുന്ന വിധത്തിലാണ് മത്സരക്രമം. വനിതാ ഡബിൾസിൽ അശ്വിനി പൊന്നപ്പ– തനിഷ ക്രാസ്റ്റോ സഖ്യവും ഇന്ത്യയ്ക്കു വേണ്ടി ഇറങ്ങും.

ഇടിക്കൂട്ടിലും മെഡൽക്കനവ്

‌ബോക്സിങ് റിങ്ങിൽ ഇന്ത്യയുടെ പ്രതീക്ഷ ലോക ചാംപ്യൻഷിപ് മെഡൽ ജേതാക്കളായ നിഖാത് സരീൻ, ലവ്‌ലീന ബോർഗോഹെയ്ൻ, നിഷാന്ത് ദേവ് എന്നിവരിൽ. ലൈറ്റ് ഫ്ലൈവെയ്റ്റ് (50 കിലോഗ്രാം) വിഭാഗത്തിൽ ലോകജേതാവായ നിഖാത്തിന്റെ ആദ്യ മത്സരം നാളെ ജർമനിയുടെ മാക്സ് ക്ലോറ്റ്സർക്കെതിരെയാണ്. 71 കിലോഗ്രാം വിഭാഗത്തിൽ നിഷാന്ത് ദേവിന് ആദ്യ റൗണ്ടിൽ ബൈ ലഭിച്ചു. വ്യാഴാഴ്ച പ്രീ ക്വാർട്ടറിൽ ഇക്വഡോറിന്റെ റോഡ്രിഗേസ് ടെനോറിനോയാണ് എതിരാളി. 75 കിലോഗ്രാമിൽ മത്സരിക്കുന്ന ല‍വ്‍ലീന ആദ്യ റൗണ്ടിൽ നോർവേയുടെ സന്നിവ ഹോഫ്സ്റ്റാഡുമായി ഏറ്റുമുട്ടും. ടോക്കിയോ ഒളിംപിക്സിൽ 69 കിലോഗ്രാമിൽ നേടിയ വെങ്കലം മെച്ചപ്പെടുത്തുകയാണ് താരത്തിന്റെ ലക്ഷ്യം. അമിത് പംഗൽ (51 കിലോഗ്രാം), പ്രീതി പവാർ (54 കിലോഗ്രാം), ജാസ്മിൻ ലംബോറിയ (57 കിലോഗ്രാം) എന്നിവരാണ് ബോക്സിങ്ങിൽ ഇന്ത്യയുടെ മറ്റു താരങ്ങൾ.

മെഡൽ ഓൺ ടാർഗറ്റ്

കഴിഞ്ഞ 2 ഒളിംപിക്സുകളിലെ മെഡൽ വരൾച്ചയ്ക്കു പരിഹാരം തേടി പുതുമുഖങ്ങൾക്കു പ്രാമുഖ്യമുള്ള സംഘമാണ് ഷൂട്ടിങ്ങിൽ ഇന്ത്യയെ പ്രതിനിധീരിക്കുന്നത്. മനു ഭാക്കർ, ഐശ്വരി പ്രതാപ് സിങ് തോമർ, അൻജും മൊദ്ഗിൽ, ഇളവനിൽ വേലറിവൻ എന്നിവരൊഴികെയുള്ളവർ ഒളിംപിക്സിൽ കന്നിക്കാരാണ്. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ 50 മീറ്റർ റൈഫിൾ ത്രീ– പൊസിഷന‍ിൽ സ്വർണം നേടിയ സിഫ്റ്റ് കൗർ സാമ്രയും അൻജും മൊദ്ഗില്ലും ഒരേ ഇനത്തിൽ മത്സരിക്കും. മനു ഭാക്കർ 10 മീറ്റർ എയർ പിസ്റ്റൾ, 25 മീറ്റർ എയർ പിസ്റ്റൾ, 10 മീറ്റർ എയർ പിസ്റ്റൾ ടീം ഇനങ്ങളിലാണ് പങ്കെടുക്കുന്നത്.

ടേബിളിലും പ്രതീക്ഷ

2018, 2022 കോമൺവെൽത്ത് ഗെയിംസുകളിൽ കാട്ടിയ മികവ് ഇക്കുറി ഒളിംപിക്സിലും പുറത്തെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയുടെ ടേബിൾ ടെന്നിസ് സംഘം. വെറ്ററൻ താരം അജാന്ത ശരത്കമൽ, ഹർമീത് ദേശായ്, മാനവ് തക്കർ, സാത്തിയൻ ജ്ഞാനശേഖരൻ എന്നിവരടങ്ങുന്നതാണ് പുരുഷ ടീം. ഹർമീത് ദേശായ് ജോർദാൻ താരം സൈദ് അബു യമാനനെ നേരിടും.അജന്ത ശരത്കമൽ, വനിതാ താരങ്ങളായ ശ്രീജ അകുല, മനിക ബത്ര എന്നിവർ നാളെ കളത്തിലിറങ്ങും.

English Summary:

Hope for a medal in Paris olympics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com