ADVERTISEMENT

സ്വന്തമായി ഡിസൈൻ ചെയ്ത 20 കിലോഗ്രാം ഭാരമുള്ള വസ്ത്രം ധരിച്ച് കാനിലെ റെഡ് കാർപ്പറ്റിൽ ഇന്ത്യൻ ഫാഷൻ ഇൻഫ്ലുവൻസർ നാൻസി ത്യാഗി. കാൻ ചലച്ചിത്രമേളയിൽ പങ്കെടുക്കുന്നതിനായി സ്വന്തം വസ്ത്രം ഡിസൈൻ ചെയ്ത് തുന്നിയത് നാൻസി തന്നെയാണ്. പിങ്ക് സ്ട്രാപ് ലെസ് സീക്വൻസ് ഗൗൺ അണിഞ്ഞാണ് നാൻസി കാനിലെ റെഡ് കാർപ്പറ്റിൽ എത്തിയത്. 

നാൻസി തന്നെയാണ് കാനിലെ റെഡ് കാർപ്പറ്റിൽ എത്തിയ മനോഹര ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ‘‘77–ാമത് കാൻ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാര്‍പ്പറ്റിലേക്ക് ആദ്യമായി എത്തിയത് സ്വപ്നസാക്ഷാത്കാരമാണ്. എന്റെ ആത്മാവും ഹൃദയവും സമർപ്പിച്ചാണ് ഞാൻ ഈ പിങ്ക് ഗൗൺ നിർമിച്ചത്. ഇത് പൂർത്തിയാക്കാൻ 30 ദിവസം സമയമെടുത്തു. 1000 മീറ്റർ തുണിയാണ് ഉപയോഗിച്ചത്. 20 കിലോഗ്രാമാണ് ഭാരം. വളരെ ദൈർഘ്യമുള്ള ഒരു യാത്രയായിരുന്നു ഇത്. എനിക്ക് വലിയ സന്തോഷവും അഭിമാനവും തോന്നുന്ന നിമിഷമാണ് ഇത്. നിങ്ങളുടെ എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നു. ഒരു സ്വപ്നം സാക്ഷാത്കരിക്കുകയാണ് ഇവിടെ. നിങ്ങളുടെ പിന്തുണയായിരുന്നു എന്റെ പ്രചോദനം. ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നിങ്ങൾ ഓരോരുത്തരോടും നന്ദി അറിയിക്കുന്നു. ’’– എന്ന കുറിപ്പോടെയാണ് നാൻസി ത്യാഗി തന്റെ ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. 

nancy-special-1
കാൻ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാർപ്പറ്റിൽ നാൻസി ത്യാഗി
nancy-special-1
കാൻ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാർപ്പറ്റിൽ നാൻസി ത്യാഗി

ഉത്തർ പ്രദേശിലെ ബഘ്പത് ജില്ലയിലെ ബരൻവാ ഗ്രാമത്തിലാണ് നാൻസി ജനിച്ചത്. കാനിലെ റെഡ് കാർപ്പറ്റിലേക്കുള്ള നാൻ‌സിയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല. കൂലിപ്പണിക്കാരായിരുന്നു നാൻസിയുടെ മാതാപിതാക്കൾ. ഡിസൈനിങ്ങിനോടുള്ള അടങ്ങാത്ത അഭിനിവേശമാണ് നാൻസിയെ ഇവിടം വരെ എത്തിച്ചത്. മകളുടെ ജീവിതം ഗ്രാമത്തിൽ ഒതുങ്ങിപ്പോകരുതെന്ന് കരുതിയ നാൻസിയുടെ അമ്മ പ്ലസ്ടുവിനു ശേഷം അവളെ ഡൽഹിയിൽ അയച്ച് പഠിപ്പിക്കാൻ തീരുമാനിച്ചു. എന്നാല്‍ അവളുടെ അച്ഛന് അതിൽ താത്പര്യമുണ്ടായിരുന്നില്ല. അച്ഛന്റെ വാക്കു കേൾക്കാതെ അമ്മയും മകളും ഡൽഹിയിലേക്കു വണ്ടികയറി. ഡൽഹിയിലുള്ള കൽക്കരി ഫാക്ടറിൽ ജോലി ചെയ്തായിരുന്നു അമ്മ ജീവിത ചെലവിനുള്ള പണം കണ്ടെത്തിയത്. കോവിഡ് വ്യാപനം രൂക്ഷമായതോടെ നാൻസിയുടെ അമ്മയുടെ ജോലി നഷ്ടമായി. 

nancy-special2
ആലിയ ഭട്ടിനെ പോല ഒരുങ്ങി നാൻസി ത്യാഗി
nancy-special2
ആലിയ ഭട്ടിനെ പോല ഒരുങ്ങി നാൻസി ത്യാഗി

ദാരിദ്ര്യം പിടിമുറുക്കാൻ തുടങ്ങിയതോടെ കോവിഡ് കാലത്ത് നാൻസി പഠനം ഉപേക്ഷിച്ചു. വരുമാനമുണ്ടാക്കാൻ എളുപ്പമാർഗം സോഷ്യൽ മീഡിയയാണെന്ന് അവർ തിരിച്ചറിഞ്ഞു. വസ്ത്രങ്ങൾ തുന്നുന്നതിലുള്ള തന്റെ താത്പര്യം അവൾ ഉപയോഗിക്കാൻ തുടങ്ങി. സെലിബ്രിറ്റികളുടെ ഫോട്ടോയും വിഡിയോയുമെല്ലാം നിരീക്ഷിച്ച് അവർ ധരിക്കുന്നതു പോലെയുള്ള ഔട്ട്ഫിറ്റുകൾ ഡിസൈൻ ചെയ്തു. യുപിഎസ്‌സി പഠനത്തിനായി അമ്മ സ്വരൂപിച്ച രണ്ടുലക്ഷം രൂപ നാൻസി ഇതിനായി ഉപയോഗിച്ചു.

nancy-special3
നാൻസി ത്യാഗി
nancy-special3
നാൻസി ത്യാഗി

സഹോദരന്റെ സഹായത്തോടെ വിഡിയോകളുണ്ടാക്കി സ്വന്തം ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തെങ്കിലും പ്രതീക്ഷിച്ച വരുമാനം നാൻസിക്കു ലഭിച്ചില്ല. പലതരത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞുനിൽക്കുന്ന നാൻസിയുടെ ചിത്രത്തിനു താഴെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള കമന്റുകളും എത്തി. നാൻസിയുടെ മെലിഞ്ഞ ശരീരത്തിൽ വസ്ത്രങ്ങൾ ധരിച്ചപ്പോൾ വടിയിൽ തുണി ചുറ്റിയപോലെയുണ്ടെന്ന രീതിയിലുള്ള നിരവധി പരിഹാസ കമന്റുകൾ എത്തി. എന്നാൽ ഇതുകൊണ്ടൊന്നും അവൾ പിന്മാറിയില്ല. എന്നാൽ കമന്റുകൾ നെഗറ്റിവായെങ്കിലും ഫോളവേഴ്സിന്റെ എണ്ണം കൂടിയത് നാൻസിക്ക് ആശ്വാസമായി. തുടർന്ന് ഔട്ട്ഫിറ്റ് ഫ്രം സ്ക്രാച്ച് എന്ന വിഡിയോ സിരീസിന് നാൻസി തുടക്കം കുറിച്ചു. 

ആലിയ ഭട്ടും കരീന കപൂറും ദീപിക പദുക്കോണുമെല്ലാം ധരിക്കുന്ന സബ്യസാചിയുടേയും മനീഷ് മല്‍ഹോത്രയുടേയും പ്രബല്‍ ഗുരുങ്ങിന്റേയുമെല്ലാം ഡിസൈനില്‍ വിരിഞ്ഞ വസ്ത്രങ്ങള്‍ മണിക്കൂറുകളെടുത്ത് നാന്‍സി തയ്‌ച്ചെടുത്തു. ഡല്‍ഹിയിലെ സരോജിനി മാര്‍ക്കറ്റില്‍ പോയി തുണികള്‍ വാങ്ങുന്നതും അത് തയ്‌ച്ചെടുത്ത് സ്‌റ്റൈല്‍ ചെയ്യുന്നതുമെല്ലാം സഹോദരന്‍ കാമറയില്‍ പകര്‍ത്തും. ഇത് റീലുകളായും നാന്‍സി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ഔട്ട് ഫ്രം സ്ക്രാച്ച് വിഡിയോ 100 എപ്പിസോഡുകൾ പിന്നിട്ടതോടെ നാൻസിയുടെ ഫോളവേഴ്സിന്റെ എണ്ണം ഒരുലക്ഷത്തിലധികമായി. 

കാന്‍ ചലച്ചിത്രമേളയിലെ റെഡ് കാര്‍പ്പറ്റിലേക്കുള്ള നാന്‍സിയുടെ വഴി തുറന്നത് ഈ വര്‍ഷത്തെ നാഷണല്‍ ക്രിയറ്റേഴ്‌സ് അവാര്‍ഡാണ്. 'ഡിസ്‌റപ്റ്റര്‍ ഓഫ് ദ ഇയര്‍', 'ദി ഫേവറൈറ്റ് ഫാഷന്‍ ഹെറിറ്റേജ് ഐക്കണ്‍ ഓഫ് ദ ഇയര്‍' എന്നിങ്ങനെ രണ്ട് പുരസ്‌കാരങ്ങളാണ് നാന്‍സി സ്വീകരിച്ചത്. ഫെമിന അവാര്‍ഡിലും നാന്‍സിക്ക് നോമിനേഷന്‍ ലഭിച്ചു. സ്വന്തമായി നെയ്തെടുത്ത വസ്ത്രങ്ങൾ ധരിച്ചാണ്  ഈ വേദികളിലെല്ലാം എത്തിയതെന്നാണ് മറ്റുള്ളവരിൽ നിന്ന് നാൻസി ത്യാഗിയെ വ്യത്യസ്തയാക്കിയത്. 

English Summary:

Nancy Tyagi Shines at Cannes in a Self-Designed 20kg Masterpiece

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com