ADVERTISEMENT

പൂക്കളത്തിലും സദ്യവട്ടങ്ങളിലും പലനിറങ്ങളുണ്ടെങ്കിലും മലയാളിയുടെ ഓണക്കോടിക്കു രണ്ടു നിറങ്ങൾ മാത്രം. ഓഫ് വൈറ്റും കസവും. സറിയും സർദോസിയും ചിത്രപ്പണികളും നിറയുന്ന രാജ്യത്തിന്റെ തനതു വസ്ത്രപാരമ്പര്യത്തിൽ നിറപ്പകിട്ടും അമിതാലങ്കാരങ്ങളുമില്ലാതെ, ഓഫ്‌വൈറ്റിന്റെ ലാളിത്യത്തിലും കസവിന്റെ ഗരിമയിലും മിനിമലിസത്തിന്റെ പ്രൗഢി സമ്മാനിക്കുന്നതാണ് മലയാളിയുടെ ‘കസവ്’ കൈത്തറി. ഇക്കുറി ഓണം മലയാളികളുടേതു മാത്രമല്ല; മറുനാട്ടുകാരുടേതു കൂടിയാണ്. 

ഓണത്തിന് എങ്ങനെയൊരുങ്ങാമെന്ന് കാനഡയിലിരിക്കുന്ന ഉത്തരേന്ത്യക്കാരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഇൻസ്റ്റഗ്രാമിൽ റീൽ ചെയ്യുന്നു; ‘5000 രൂപയിൽ താഴെയുള്ള ഓണം ലുക്ക്’ എന്ന പേരിൽ വിവിധ പ്രാദേശിക വസ്ത്രബ്രാൻഡുകളുടെ സാരികൾ സ്റ്റൈൽ ചെയ്യുന്നത് ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയയായ കണ്ടന്റ് ക്രിയേറ്റർ മസൂം മിൻവാലയാണ്. പ്രാദേശിക ചുറ്റുവട്ടങ്ങളിൽ നിന്നു ഗ്ലോബൽ സാധ്യതകളിലേക്കു വളരുകയാണ് നമ്മുടെ ഓണവും ഓണവസ്ത്രങ്ങളും. 

മലയാളിയെ ഓണക്കോടിയുടുപ്പിക്കാൻ കാലേക്കൂട്ടി തയാറെടുത്തത് ഉത്തരേന്ത്യൻ ഡിസൈനർമാരും ബ്രാൻഡുകളും കൂടിയാണ്. കസവും കരയും ഇഴയിടുന്ന കേരള വസ്ത്രപാരമ്പര്യത്തെ ‘ഹൈജാക്ക്’ ചെയ്ത പുതുമകളുമായി ഓണവിപണിയിൽ സാന്നിധ്യമറിയിക്കുകയാണ് ഇവർ. ഓണത്തിന് എന്തുടുക്കും എന്ന് മലയാളി ആലോചിക്കും മുൻപേ തന്നെ സ്വന്തം കയ്യൊപ്പിട്ട് ലോകമെങ്ങും ഓണത്തെ വിപണിയിലെത്തിക്കുന്നു, ഇവർ. 

ഓണം സാരി ഫ്രം മുംബൈ 

മുംബൈ കേന്ദ്രമാക്കിയുള്ള ഡിസൈനർ ബ്രാൻഡായ ‘സുത’ ഇത്തവണ ഓണം കലക്‌ഷൻ ജൂലൈയിൽ തന്നെ ഇറക്കി. കേരളത്തിന്റെയും ഓണത്തിന്റെയും വികാരം ഉൾക്കൊള്ളുന്ന പ്രിന്റുകളിൽ ശ്രദ്ധ പതിപ്പിച്ചാണ് ഈ വർഷത്തെ ഓണം സാരികൾ ഒരുക്കിയതെന്നു പറയുന്നു, ബ്രാൻഡ് ഉടമകളായ സുജാതയും താനിയയും. 

‘‘ ഞങ്ങൾ ഇതുവരെ ചെയ്യാത്തതായി എന്തുണ്ട് എന്നാണ് ആലോചിച്ചത്. മലയാളികൾ റിലേറ്റ് ചെയ്യുന്ന ഘടകങ്ങൾ, സദ്യ, പൂക്കളം പോലുള്ളവ പ്രിന്റുകളിൽ ഉൾപ്പെടുത്തി. ഞങ്ങളുടേത് യഥാർഥ കസവു സാരിയല്ല. പക്ഷേ പുതിയകാലത്തെ സ്ത്രീകൾക്ക് ഇഷ്ടപ്പെടുന്ന, ഫൺ ആയിട്ടുള്ള ചെറിയ ട്വിസ്റ്റുകൾ കൊണ്ടുവരാൻ ശ്രമിച്ചു. തെങ്ങും വാഴയിലയും മോട്ടിഫ് ആയി വരുന്ന ‘കദളി’, പൂക്കളമിടുന്ന മലയാളിപ്പെണ്ണിന്റെ മോട്ടിഫുള്ള ‘ചിത്രം’ സാരികളാണ് ഇത്തവണ ഹിറ്റ് ആയത്. സാരിക്കൊപ്പം റെഡി മെയ്ഡ് ബ്ലൗസുകളും ചെയ്തിട്ടുണ്ട് , സുജാതയും താനിയയും പറഞ്ഞു. 


മംമ്ത ശർമ ഒരുക്കിയ കന്റംപ്രററി കസവ് ഡിസൈൻ.
മംമ്ത ശർമ ഒരുക്കിയ കന്റംപ്രററി കസവ് ഡിസൈൻ.

പുതുമോടിയിൽ കസവു വസ്ത്രം 

കൊൽക്കത്ത കേന്ദ്രമാക്കിയുള്ള സ്‌ലോ ഫാഷൻ ബ്രാൻഡ് ആയ ‘വിവ ലാ വിദ’ ഇത്തവണ ഒരുക്കിയത് ‘കന്റംപ്രററി കസവ്’ എന്നു പേരിട്ട പൂർണമായും കസവിൽ ചെയ്ത വസ്ത്രങ്ങളാണ്. ഡിസൈനർ മംമ്ത ശർമ പറയുന്നു, ‘‘സാരിയിൽ നിന്നൊരു ബ്രേക്ക് എടുക്കാമെന്ന് എന്നെപ്പോലെ ആഗഹിക്കുന്ന, എന്നാൽ പാരമ്പര്യത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച പറ്റില്ലെന്നുള്ള സ്ത്രീകൾക്കു വേണ്ടിയാണ് കന്റംപ്രററി കസവ് ഡിസൈൻ ചെയ്തത്. കംഫർട്ടബിളായി ഒരുങ്ങണം, ആഘോഷങ്ങളിൽ സജീവമായി പങ്കെടുക്കണം എന്ന ലക്ഷ്യത്തോടെ കസവിൽ ട്യൂണിക് മാതൃകയിലുൾപ്പെടെയുള്ള വസ്ത്രങ്ങളുണ്ട്’’. 

പാരമ്പര്യത്തിൽ പരീക്ഷണമെത്ര? 

ഓണവും വിഷുവും പോലുള്ള പ്രാദേശിക ആഘോഷവേളയിലാണ് മലയാളി കസവു വസ്ത്രങ്ങളിലേക്കു കൈനീട്ടുന്നത്. പലപ്പോഴും പുതുതായെന്തുണ്ട് എന്ന പരാതിയും ഉയരാറുണ്ട്. ഇത്തവണ ഓണം വസ്ത്ര കലക്‌ഷനുകളിൽ പരമാവധി വ്യത്യസ്ത കൊണ്ടുവരാൻ ശ്രമിക്കുകയാണ് നാട്ടിലെ നെയ്ത്തു സംഘങ്ങളും ഡിസൈനർമാരും. പൂക്കളത്തിലെ നിറച്ചാർത്ത് വസ്ത്രങ്ങളിൽ കൊണ്ടുവരാൻ ടൈ ആൻഡ് ഡൈ രീതിയും പ്രിന്റുകളും പെയ്ന്റിങ്ങും എംബ്രോയ്ഡറിയുമെല്ലാം ഉൾപ്പെടുത്തിയുള്ള പരീക്ഷണങ്ങളാണുള്ളത്. പുരുഷന്മാരുടെ മുണ്ടിലാകട്ടെ അക്ഷരങ്ങളും വാക്കുകളും എംബ്രോയ്ഡറിയായും പ്രിന്റായും വരുന്ന വ്യത്യസ്തകളുമുണ്ട്. 

∙ ‘‘ഓണാഘോഷം എല്ലാവരും ഏറ്റെടുത്തു. ഓണത്തിനു വേണ്ടി പ്രത്യേകമായി ഡിസൈൻ ചെയ്തതാണോ എന്നല്ല, ഓണത്തിന്റെ പേരിൽ മാർക്കറ്റ് ചെയ്യുകയെന്നതാണ് കാണുന്നത്. ട്രഡിഷനൽ ക്ലോത്തിങ് ബ്രാൻഡുകളുടെ കാര്യത്തിൽ ഓണത്തിനായി ഇറക്കിയ പ്രത്യേക കലക്‌ഷനുകളിൽ പുതുമയുണ്ടെന്ന് പറയാകാനില്ല. ഓഫ്‌വൈറ്റും ഗോൾഡനുമാണ് നമ്മുടെ ഐഡന്റിറ്റി. അതുവച്ച് എന്തു ചെയ്യാമെന്നത് വെല്ലുവിളിയാണ്. അതിൽ എംബ്രോയ്ഡറിയോ ആപ്ലിക് വർക്കോ പ്രിന്റുകളോ ആണ് പുതുമയ്ക്കായി ചെയ്തു വരുന്നത്. അതു തിരിച്ചും മറിച്ചും ഒരേ കാര്യമായി ഓരോ വർഷവും ചെയ്യുകയാണ്’’, – രമേഷ് മേനോൻ (മെന്റർ, ‘സേവ് ദ് ലൂം’ എൻജിഒ)

English Summary:

Onam Collection by designers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com