ADVERTISEMENT

തെക്കൻ യുക്രെയ്നിലെ, കരിങ്കടൽതീരത്ത് സ്ഥിതി ചെയ്യുന്ന പ്രമുഖ തുറമുഖ നഗരമായ ഒഡേസ ലക്ഷ്യമാക്കി റഷ്യയുടെ കപ്പൽപ്പട നീങ്ങുന്നെന്ന അഭ്യൂഹങ്ങൾ ശക്തം. ക്രൈമിയയ്ക്കു സമീപം കടലിൽ റഷ്യൻ ആക്രമണ കപ്പലുകൾ സ്ഥിതി ചെയ്യുന്നതിന്റെ ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. ഒഡേസ പിടിച്ചടക്കിയാൽ അതു വഴി കീവിലേക്ക് ഒരു തെക്കൻ ആക്രമണ മുഖം തുറക്കാമെന്നാണു റഷ്യയുടെ പ്രതീക്ഷ. പറയത്തക്ക ഡിസ്ട്രോയറുകളോ അന്തർവാഹിനികളോ ഇല്ലാത്ത യുക്രെയ്ൻ നാവികസേനയ്ക്ക് എത്രത്തോളം റഷ്യൻ നേവിയെ എതിർത്തുനിൽക്കാമെന്ന കാര്യം സംശയമാണ്. എന്നാൽ നഗരത്തിൽ റഷ്യയ്ക്ക് വൻ പ്രതിരോധം നേരിടേണ്ടി വന്നേക്കും.

 

റഷ്യയുടെ അതിനിപുണ പോരാളി വിഭാഗമാ സ്പെറ്റ്സ്നാസിന്റെ കടൽവിഭാഗവും ഈ കപ്പലുകളിലുണ്ട്. കടലിൽ നിന്നു കരയിലേക്കു കയറിയുള്ള യുദ്ധത്തിൽ പ്രത്യേക പരിശീലനം ലഭിച്ചവരാണ് ഇവർ. കടലിൽ നിന്നു കരയിലേക്ക് കയറിയുള്ള ആംഫീബിയസ് അറ്റാക്കിനാണ് റഷ്യ മുതിരുന്നതെന്നാണ് അഭ്യൂഹം. ടാങ്കുകളെയും മറ്റ് ആർട്ടിലറി യൂണിറ്റുകളെയും നൂറുകണക്കിന് ട്രൂപ്പുകളെയും വഹിക്കാവുന്ന 4 കപ്പലുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നതെന്നത് ഈ അഭ്യൂഹത്തിനു ബലമേകുന്നു. ഇക്കൂട്ടത്തിൽ റഷ്യൻ ബ്ലാക്ക് സീ ഫ്ലീറ്റ് നാവികപ്പെടയുടെ പ്യോട്ടർ മോർഗുനോവ് എന്ന കപ്പലുമുണ്ട്. 13 ടാങ്കുകളെയും 36 ഇൻഫന്ട്രി വാഹനങ്ങളെയും 300 ട്രൂപ്പുകളെയും വഹിക്കാൻ ശേഷിയുള്ളതാണ് ഈ കപ്പൽ. ഇതിനൊപ്പം 3 റോക്കറ്റ് ബോട്ടുകളുമുണ്ട്. യുക്രെയ്ന്റെ തീരദേശനഗരമായ ഖെർസൻ റഷ്യ കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. ഒഡേസ തീരത്തിനടുത്ത് കടൽയുദ്ധത്തിൽ ഒരു എസ്റ്റോണിയൻ കാർഗോ കപ്പലും ഇതിനിടെ തകർന്നിരുന്നു.

 

കരിങ്കടലിന്റെ രത്നം എന്നറിയപ്പെടുന്ന ഒഡേസ, യുക്രെയ്നിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമാണ്. ഒരു കോടിയോളം ആളുകൾ താമസിക്കുന്ന ഈ നഗരം ഒഡേസ പ്രവിശ്യയുടെ തലസ്ഥാനം കൂടിയാണ്. പ്രാചീന കാലത്ത് ഗ്രീക്ക് സമൂഹം നിലനിന്ന ഈ നഗരം പിന്നീട് ക്രൈമിയൻ ഖാനേറ്റ്, ലിത്വാനിയൻ ഡൂച്ചി, ഒട്ടോമൻ തുടങ്ങിയ നിരവധി സാമ്രാജ്യങ്ങളുടെ കൈവശമായി. 1794ൽ കാതറീൻ ചക്രവർത്തിനി ഈ നഗരം പരിഷ്കരിച്ചു. ഖാസിബെയ് എന്നറിയപ്പെട്ടിരുന്ന നഗരത്തിന് ഒഡേസയെന്ന് പുനർനാമകരണം ചെയ്തതും കാതറീനായിരുന്നു. സോവിയറ്റ് യൂണിയന്റെ ഭാഗമായി യുക്രെയ്ൻ നിലനിന്ന കാലത്ത് സോവിയറ്റ് യൂണിയന്റെ പ്രമുഖ തുറമുഖ നഗരങ്ങളിൽ ഒന്നായിരുന്നു ഒഡേസ. ബംഗാളിലെ കൊൽക്കത്താ നഗരത്തിന്റെ ഇരട്ട നഗരം കൂടിയാണിത്. യുക്രെയ്ന്റെ ഗതാഗത, ചരക്കുനീക്ക മേഖലകളുടെ ഹബ് ആയതിനാൽ രാജ്യത്തിന്റെ സാമ്പത്തിക മേഖലയുമായി ഒഡേസയ്ക്ക് നിർണായക ബന്ധമുണ്ട്. ഖെർസൻ പോലെ ഒഡേസയും വീണാൽ അതു യുക്രെയ്നു മേൽ റഷ്യയ്ക്ക് ശക്തമായ ആധിപത്യമൊരുങ്ങാൻ ഇടയാക്കും.

 

ബോസ്ഫറസ്, ഡാർഡനലിസ് കടലിടുക്കുകൾ, മർമാര കടൽ എന്നിവ വഴിയുള്ള റഷ്യൻ പടക്കപ്പലുകളുട സഞ്ചാരത്തിനു തുർക്കി കഴിഞ്ഞ ദിവസം തടയിട്ടിരുന്നു. റഷ്യയും തുർക്കിയും തമ്മിലുള്ള മോൺട്രിക്സ് ഉടമ്പടിപ്രകാരമായിരുന്നു ഈ നീക്കം. ഇതോടെ കരിങ്കടലിൽ റഷ്യൻ നാവികസേനയുടെ ബ്ലാക്ക് സീ ഫ്ലീറ്റ് മാത്രമാണുള്ളത്. റഷ്യൻ നേവിയുടെ അഞ്ച് പ്രധാന ഫ്ലീറ്റുകളിൽ ഒന്നുമാത്രമാണ് ഇത്. ബാൾട്ടിക് ഫ്ലീറ്റ്, കാസ്പിയൻ ഫ്ലോട്ടില, നോർത്തേൺ ഫ്ലീറ്റ്, പസിഫിക് ഫ്ലീറ്റ് എന്നിവയാണ് മറ്റുള്ളവ.

 

English Summary: Anxiety Grows in Odessa as Russians Advance in Southern Ukraine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com