ADVERTISEMENT

അതിവേഗത്തിൽ നീങ്ങുന്ന റേസിങ് കാറുകളിലും പോർവിമാനങ്ങളിലും ഉയർന്ന ജി ഫോഴ്സ് അനുഭവപ്പെടുമെന്നു നാം കേട്ടിട്ടുണ്ട്. ഗുരുത്വാകർഷണവും വേഗവും തമ്മിലുണ്ടാകുന്ന മത്സരത്തിലനുഭവപ്പെടുന്ന ഈ ഉയര്‍ന്ന നിലയിലുള്ള ജി ഫോഴ്‌സിനെ അതിജീവിക്കാന്‍ സാധിക്കും വിധമുള്ളതല്ല മനുഷ്യ ശരീരം. എന്നിട്ടും ആ വെല്ലുവിളി സ്വീകരിച്ചുകൊണ്ട് പരമാവധി ശക്തിയുള്ള ജി ഫോഴ്‌സിനെ നേരിടുകയെന്നതാണ് പോര്‍വിമാനങ്ങളിലെ പൈലറ്റുമാര്‍ക്കു മുന്നിലെ പ്രധാന വെല്ലുവിളി. പല ഫൈറ്റര്‍ പൈലറ്റുമാരും ഇക്കാര്യത്തില്‍ അസാധാരണ വൈദഗ്ധ്യം കാണിക്കുന്നവരാണ്. ഇക്കൂട്ടത്തില്‍ മുന്നിലുള്ളയാളാണ് ജിഫോഴ്‌സ് മോണ്‍സ്റ്റര്‍ എന്ന് അറിയപ്പെടുന്ന മേജര്‍ ലാസ്‌ലോ സാത്മാരി. 

സാധാരണ യാത്രാ വിമാനങ്ങളില്‍ പരമാവധി 1.3 കരുത്തുള്ള ജിഫോഴ്‌സ് വരെ മാത്രമാണ് യാത്രികര്‍ക്ക് അനുഭവിക്കേണ്ടി വരാറ്. എന്നാല്‍ പോര്‍വിമാനങ്ങളില്‍ ജി ഫോഴ്‌സിന്റെ കരുത്ത് ഇതിലും വളരെയേറെ കൂടും. 9 ജി വരെയുള്ള ജിഫോഴ്‌സ് വരെ പോര്‍വിമാനങ്ങളില്‍ പൈലറ്റുമാര്‍ അനുഭവിക്കാറുണ്ട്. ജി ഫോഴ്‌സിന്റെ അളവ് കൂടി വരുമ്പോള്‍ ബോധക്ഷയം സംഭവിക്കുകയാണ് പതിവ്. പ്രത്യേക പരിശീലനം ലഭിച്ചിട്ടില്ലാത്തവര്‍ക്ക് പരമാവധി 5 ജി വരെയുള്ള ജി ഫോഴ്‌സാണ് താങ്ങാന്‍ സാധിക്കുക. 

യുട്യൂബ് ചാനലായ szoltam ആണ് മേജര്‍ ലാസ്‌ലോ സാറ്റ്മാരി അസാധാരണമാം വിധം അനായാസം ജി ഫോഴ്‌സിനെ നേരിടുന്ന വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. നാലു മുതല്‍ ആറു ലെവല്‍ വരെയുള്ള ജിഫോഴ്‌സിനെ അനായാസം മേജര്‍ ലാസ്‌ലോ നേരിടുന്നുണ്ട്. ഏതാനും നിമിഷങ്ങള്‍ക്കു ശേഷം ജി ഫോഴ്‌സിനെ 9 വരെയാക്കി ഉയര്‍ത്തുന്നു. ഇതോടെയാണ് വിഡിയോ കൂടുതല്‍ ഉദ്വേഗം നിറഞ്ഞതാവുന്നത്. 

ഇത്രയും വലിയ ജി ഫോഴ്‌സിന് വിധേയനായിട്ടു പോലും ഇതിനെ അതിജീവിക്കാന്‍ മേജര്‍ ലാസ്‌ലോക്ക് സാധിക്കുന്നുണ്ട്. ഏതാനും സെക്കന്‍ഡ് ഇടവേളയില്‍ ശക്തമായി ശ്വാസം ഉള്ളിലേക്കെടുക്കുകയും പുറത്തുവിടുകയും ചെയ്യുന്നതും വിഡിയോയില്‍ കാണാനാവും. ജി ഫോഴ്‌സിനെ അതിജീവിക്കാനുള്ള പ്രധാന അടവുകളിലൊന്നാണ് ഓരോ മൂന്നു സെക്കന്‍ഡ് ഇടവേളയിലുമുള്ള ശ്വാസം വലിക്കുന്നതും വിടുന്നതും. 9 ജി വരെയെത്തിയ ജിഫോഴ്‌സില്‍ 30 സെക്കന്‍ഡ് വരെ മേജര്‍ ലാസ്‌ലോ പിടിച്ചു നില്‍ക്കുന്നുണ്ട്. ഇതിനിടെ തന്റെ സംഘവുമായി ആശയവിനിമയം നടത്താന്‍ പോലും അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. 

9ജി എന്നത് പോര്‍വിമാനത്തിലെ പൈലറ്റുമാര്‍ക്കു പോലും അതിജീവിക്കുക എളുപ്പമല്ലെങ്കിലും മനുഷ്യന്‍ അതിജീവിച്ച ഏറ്റവും ഉയര്‍ന്ന ജി ഫോഴ്‌സ് ഇതല്ല. 214 ജി വരെ ജിഫോഴ്‌സ് അതിജീവിക്കാന്‍ മനുഷ്യന് സാധിച്ചിട്ടുണ്ട്. മുന്‍ ഇന്‍ഡി കാര്‍ ഡ്രൈവര്‍ കെന്നി ബ്രാക്കാണ് ഈ അസാമാന്യന്‍. ഒരു കാറോട്ട മത്സരത്തിനിടെ 2003ല്‍ മണിക്കൂറില്‍ 220 മൈല്‍ വേഗത്തില്‍ പറ പറക്കുമ്പോള്‍ സംഭവിച്ച അപകടമാണ് കെന്നിയെ 214 ജി അനുഭവിപ്പിച്ചത്. അന്ന് അപകടസ്ഥലത്തു നിന്നും ചെറിയ പരിക്കുകളോടെ രക്ഷപ്പെടാന്‍ കെന്നി ബ്രാക്കിന് സാധിച്ചിരുന്നു. 

English Summary: G Force Monster Is Back

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com