ADVERTISEMENT

വൈദ്യുത വാഹന രംഗത്തും ബഹിരാകാശ ടൂറിസം രംഗത്തും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന ടെസ്‌ല ഇനി ഫോണും പുറത്തിറക്കുമോ? രാജ്യാന്തര ടെക് ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ് വ്യവസായ പ്രമുഖനും ശതകോടീശ്വരനും ടെസ്‍ലയുടെ സ്ഥാപകനുമായ ഇലോൺ മസ്കിന്റെ പ്രഖ്യാപനത്തിനായി. ടെസ്‌ല എന്ന കമ്പനി ഇന്നു ലോകമൊട്ടാകെ അറിയപ്പെടുന്നുണ്ടെങ്കിൽ അതിനു കാരണം സ്ഥാപകനും സിഇഒയുമായ ഇലോൺ മസ്കിന്റെ ഭ്രാന്തൻ ചിന്തകളാണ്. ലോകത്തു മറ്റുള്ളവർ ചിന്തിക്കുന്നതിൽ ‍നിന്നു തികച്ചും വ്യത്യസ്തമായി ചിന്തിക്കുകയും പതിറ്റാണ്ടുകൾ മുൻപിൽ കണ്ടു നിക്ഷേപങ്ങളും ഗവേഷണങ്ങളും നടത്തുകയും ചെയ്യുന്നതാണ് മസ്കിനെ മറ്റു കമ്പനി ഉടമകളിൽ നിന്നു വ്യത്യസ്തമാക്കുന്നത്.

 

∙ മസ്കിന്റെ ഫോൺ, ഇന്റർനെറ്റ്?

 

ഇലോൺ മസ്ക് ഇന്റർനെറ്റുമായി വരുന്നു എന്നു പ്രഖ്യാപിച്ചപ്പോൾ ഇന്റർനെറ്റ് സേവന ദാതാക്കളെല്ലാം ഞെട്ടിയതാണ്. മസ്കിന്റെ അതേ കാലയളവിൽ മറ്റു ചില കമ്പനികൾ കൂടി ഉപഗ്രഹാധിഷ്ഠിത ഇന്റർനെറ്റ് ലഭ്യമാക്കാൻ തയാറായി. ഇപ്പോൾ കേൾക്കുന്നതനുസരിച്ചാണെങ്കിൽ മസ്ക് ഇന്റർനെറ്റ് സേവനത്തിനൊപ്പം മൊബൈൽ ഫോൺ കൂടി വിപണിയിലെത്തിച്ചേക്കും. മെറ്റയുടെ അടക്കം പല വൻകിട കമ്പനികളുടെയും നീക്കങ്ങളെയും നയങ്ങളെയും ശക്തമായി വിമർശിച്ചിട്ടുള്ള മസ്ക് ഫോണുമായി എത്തുമ്പോൾ എന്തെല്ലാം പുതുമകൾ ഒളിപ്പിച്ചിട്ടുണ്ടാകുമെന്നത് വലിയ ചോദ്യമാണ്. ടെസ്‌ലയുടെ വാഹനങ്ങൾ, മറ്റ് ഉപകരണങ്ങൾ എന്നിവയെ ഫോണിലൂടെ നിയന്ത്രിക്കാനാകുന്ന ഫീച്ചർ ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. മൊബൈൽ ഉപയോഗിച്ചു കാർ അൺലോക്ക് ചെയ്യുന്നതും സ്റ്റാർട്ടാക്കുന്നതും ഒരുപക്ഷേ, വാഹനം ഓടിക്കുന്നതും സമീപ ഭാവിയിൽ തന്നെ യാഥാർഥ്യമാകും. ഇതിനു പുറമേ, ഏറ്റവും മികച്ച സുരക്ഷ, ക്വാൽകോമിന്റെ ഏറ്റവും പുതിയ സ്നാപ്ഡ്രാഗൻ 8 സീരീസിൽ പെടുന്ന പ്രോസസർ, മികച്ച ക്യാമറയും ഡിസ്പ്ലേയും എന്നിവ ഫോണിൽ ഉറപ്പായും പ്രതീക്ഷിക്കാവുന്നതാണ്. മെറ്റയടക്കം പല കമ്പനികളുടെയും സേവനങ്ങൾ ഫോണിൽ ലഭ്യമാകുമോ എന്നതി‍ൽ ആശങ്കയുണ്ട്. മസ്ക് ഉടനേ തന്നെ അവതരിപ്പിക്കുമെന്നു കരുതുന്ന ക്രിപ്റ്റോ കറൻസി ഉപയോഗിക്കാനുള്ള സൗകര്യവും മൈൻ ചെയ്യാനുള്ള സൗകര്യവും ( ക്രിപ്റ്റോ കറൻസിയിൽ പുതിയ നാണയം സൃഷ്ടിക്കുന്ന പ്രവൃത്തി) ചിലപ്പോൾ ഫോണിൽ ഉണ്ടായേക്കാം. എന്നാൽ അതിനുമപ്പുറത്തേക്ക്, സ്റ്റാർലിങ്ക് പദ്ധതിയുമായി നേരിട്ടു ബന്ധിപ്പിച്ചുകൊണ്ട് അതിവേഗ ഇന്റർനെറ്റ് സൗകര്യം ഒരുക്കുമെന്നാണു ലഭിക്കുന്ന റിപ്പോർട്ടുകൾ. ഉപഗ്രഹത്തിൽ നിന്നു നേരിട്ട് ഇന്റർനെറ്റ് സേവനം ലഭ്യമാക്കണമെങ്കിൽ വലിയ ആന്റിന വേണ്ടി വരും എന്നതാണു വെല്ലുവിളി. ഇതിനെ മറികടക്കാൻ മസ്കിനായാൽ, പരിധികളില്ലാത്ത ഇന്റർനെറ്റ് ഏതു സമയത്തും എവിടെയും ലഭ്യമാകുന്ന തരത്തിലാകും ടെസ്‌ല ഫോണിന്റെ പ്രവർത്തനം. ലോകമാകെ 5ജി നെറ്റ്‌വർക്കുകൾ നിർമിച്ചുകൊണ്ടിരിക്കുകയാണ്. ടെസ്‌ല ഫോണിൽ ഉപഗ്രഹാധിഷ്ഠിത ഇന്റർനെറ്റ് ലഭ്യമായാൽ 5ജിയെ വെല്ലുന്ന വേഗം കൈവരിക്കാനാകും. വലിയ അളവിലുള്ള കേബിൾ, ടവർ ശൃംഖല ഇതോടെ ഉപയോഗ ശൂന്യമായേക്കാം. ടെസ്‌ല ഫോണിൽ ഈ ഫീച്ചർ മസ്ക് അവതരിപ്പിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് മറ്റു മൊബൈൽ നിർമാതാക്കളും ഇന്റ‍ർനെറ്റ് സേവനദാതാക്കളും. ഫോണിനു പുറമേ ടെസ്‌ല വാച്ചും വിപണിയിലെത്തും എന്നാണു ലഭിക്കുന്ന റിപ്പോർട്ടുകൾ. ഫോണുമായും കാറുമായും ബന്ധിപ്പിച്ചു പ്രവർത്തിക്കാൻ കഴിവുള്ളതാകും ഈ സ്മാർട്‌വാച്ച്.

 

paper-graded-elon-musk-university-student-1995-sells-in-auction

∙ ആരാണ് മസ്ക്?

 

ഇലോൺ മസ്ക്
ഇലോൺ മസ്ക്

ആദ്യം വൈദ്യുത കാറുകളുടെ നിർമാണമാണു മസ്കിനു ലോകശ്രദ്ധ നേടിക്കൊടുത്തത്. ലോകം വൈദ്യുത വാഹനങ്ങൾ യാഥാർഥ്യമാകുമോ, അല്ലെങ്കിൽ എന്നു വരും എന്നാലോചിച്ചിരുന്ന കാലത്ത് മസ്കിന്റെ ഫാക്ടറിയിൽ കാറുകൾ പിറന്നു കഴിഞ്ഞിരുന്നു. അവയ്ക്കു ലോകശ്രദ്ധ നേടിക്കൊടുക്കാൻ മസ്ക് ചെയ്തതോ, ഒരു കാറിനെ അങ്ങു ബഹിരാകാശത്തെത്തിക്കുക. സ്വന്തം ബഹിരാകാശ ഗവേഷണ കമ്പനിയായ സ്പേസ് എക്സിന്റെ പുതിയ റോക്കറ്റിന്റെ പരീക്ഷണപ്പറക്കലിൽ കാറും ബഹിരാകാശത്തെത്തിയതോടെ ലോകമെങ്ങുമുള്ള മാധ്യമങ്ങളിൽ വാർത്തയാകുകയും ശ്രദ്ധ നേടുകയും ചെയ്തു. പിന്നീട് മസ്ക് ചെയ്ത എല്ലാം തന്നെ ലോകം ശ്രദ്ധയോടെ വീക്ഷിക്കുകയുണ്ടായി. നാസയുടെ ബഹിരാകാശ വിക്ഷേപണങ്ങളിൽ മസ്കിന്റെ സ്പേസ് എക്സ് പങ്കാളിയാകുന്നതും ചെലവു കുറച്ച്, എന്നാൽ കൃത്യതയോടെ ബഹിരാകാശ ദൗത്യങ്ങൾ നിറവേറ്റുന്നതുമാണ് പിന്നീടു നാം കണ്ടത്.

 

സ്പേസ് എക്സ്, ടെസ്‌ല എന്നിവ അതതു വിഭാഗങ്ങളിലെ ഏറ്റവും മികച്ച ബ്രാൻഡുകളായി മാറുമ്പോൾ മസ്ക് അടുത്തതായി സാധാരണക്കാർക്കു ദിവസവും ഉപയോഗപ്രദമാകുന്ന സാങ്കേതിക വിദ്യകളിലാണു ശ്രദ്ധ പതിപ്പിച്ചത്. സ്റ്റാർ ലിങ്ക് എന്ന ഉപഗ്രഹാധിഷ്ഠിത ഇന്റർനെറ്റ് സേവനമാണ് അതിൽ ഒന്ന്. ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും ഭരണകൂടത്തിന്റെ അനുമതി ലഭിച്ചില്ലെങ്കിലും മസ്ക് 1600 ഉപഗ്രഹങ്ങൾ സ്റ്റാർലിങ്ക് പദ്ധതിയുമായി ബന്ധപ്പെട്ട് ഭ്രമണപഥത്തിലെത്തിച്ചു കഴിഞ്ഞു എന്നാണു ലഭിക്കുന്ന വിവരം. എന്തായാലും ലോകം ഒരു ദിവസം തന്റെ പദ്ധതിക്ക് അനുമതി നൽകും എന്നുറപ്പിച്ചാണു മസ്ക് മുന്നോട്ടു പോകുന്നത്. ഇന്ത്യയിൽ നിന്നുപോലും ആയിരത്തിലധികം പേർ വരിസംഖ്യ അടച്ച് സ്റ്റാർലിങ്കിനായി കാത്തിരിക്കുകയാണ് എന്നു പറയുമ്പോൾ മനസിലാകും മസ്കിന്റെ പദ്ധതികളിൽ ജനങ്ങൾക്കുള്ള വിശ്വാസം.

 

∙ മസ്കും വിപണിയും

 

സമൂഹ മാധ്യമ രംഗത്തു മസ്ക് വലിയ സാന്നിധ്യമല്ല. എന്നാൽ ഈ വ്യക്തി ഇടയ്ക്ക് ഏതെങ്കിലും കമ്പനിക്കെതിരെയോ, ഉൽപന്നത്തിനെതിരെയോ, സാങ്കേതിക വിദ്യയ്ക്കെതിരെയോ സംസാരിച്ചാൽ അതു വിപണിയിൽ വൻ ചലനം സൃഷ്ടിക്കാറുണ്ട്. ‌ക്രിപ്റ്റോകറൻസിയിൽ ഇലോൺ മസ്ക് നിക്ഷേപം നടത്തിയെന്നുള്ള വാർത്ത ക്രിപ്റ്റോകറൻസിയുടെ മൂല്യത്തിനു കുറച്ചൊന്നുമല്ല ഗുണകരമായത്. അതുപോലെ തന്നെ, അടുത്തിടെ മസ്ക് മെറ്റാവേഴ്സ് എന്ന ആശയത്തെ വിമർശിച്ചിരുന്നു. അതു കാരണം മെറ്റ അടക്കമുള്ള കമ്പനികൾക്കുണ്ടായ ബുദ്ധിമുട്ട് ചില്ലറയല്ല.

 

ഇലോൺ മസ്ക് സ്മാർട് ഫോൺ രംഗത്തേക്കും എത്തും എന്നത് ഏറെക്കാലമായുള്ള അഭ്യൂഹമാണ്. അതിലേക്കുള്ള സാധ്യതകൾ തെളിയുകയാണെന്നാണ് ഇപ്പോൾ ടെക് ലോകം പ്രതീക്ഷിക്കുന്നത്. സ്വന്തമായി ക്രിപ്റ്റോ കറൻസിയും മസ്ക് ഇറക്കുമെന്നു പ്രതീക്ഷിക്കുന്നുണ്ട്. ഹോളിവുഡ് സിനിമാ നിർമാതാക്കളായ മാർവലിന്റെ അവഞ്ചേഴ്സ്, അല്ലെങ്കിൽ അയൺമാൻ എന്നു പറയും പോലെയാണു മസ്കിന്റെ ലോകം എന്നു വേണമെങ്കിൽ പറയാം. ലോകത്തെ മാറ്റിമറിക്കുന്ന ചിന്തകളും ഗവേഷണങ്ങളും കണ്ടുപിടുത്തങ്ങളുമാണു അമേരിക്കയുടെ വിവിധ ഭാഗങ്ങളിലായുള്ള മസ്കിന്റെ സ്ഥാപനങ്ങളിൽ പുരോഗമിക്കുന്നത്. ആൾക്കാരുമായി ബഹിരാകാശ ദൗത്യം വിജയകരമായി പൂർത്തിയാക്കിയ മൂന്നു കമ്പനികളിൽ ഒന്നു മാത്രമാണ് സ്പേസ് എക്സ് എങ്കിലും നാസ അടുത്തു സൗരയൂഥത്തിനു പുറത്തേക്കു വിക്ഷേപിക്കാൻ ശ്രമിക്കുന്ന ഉപഗ്രഹങ്ങൾ, ചന്ദ്രനിലും ചൊവ്വയിലും മനുഷ്യരെയെത്തിച്ചു തിരിച്ചെത്തിക്കാനുള്ള പദ്ധതികൾ എന്നിവയിലെല്ലാം തന്നെ മസ്ക് പങ്കാളിയാണ്. ലോകത്തെ ഏറ്റവും ശക്തിയേറിയ റോക്കറ്റുകളിൽ സ്പേസ് എക്സിന്റെ ഫാൽക്കൺ ഹെവി റോക്കറ്റ് മു‍ൻപന്തിയിലുണ്ട്. ലോകത്തു തന്നെ ഏറ്റവും വിജയകരമായ റോക്കറ്റുകളിലൊന്നാണിത്.

 

English Summary: Elon Musk to Launch Tesla Smartphone that even works in Mars

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com