ട്വിറ്ററിൽ ഇനി വേണമെങ്കിൽ പുസ്തകം പ്രസിദ്ധീകരിക്കാം!, മസ്കിന്റെ പുതിയ ഐഡിയ
Mail This Article
ട്വിറ്ററിന്റെ ഭംഗിയെന്നതു ചുരുങ്ങിയ വാക്കുകളിൽ ആശയങ്ങൾ പങ്കുവയ്ക്കുന്നതിലാണ്, 280 അക്ഷരങ്ങൾ എന്നതായിരുന്നു ആദ്യ കാലങ്ങളിലെ പരിധി. എന്നാൽ ഇലോൺ മസ്ക് സാരഥ്യമേറ്റെടുത്തശേഷം പല പരിഷ്കരണങ്ങൾക്കു വിധേയമാകുകയായിരുന്നു ട്വിറ്റർ. അടുത്തിടെ ട്വീറ്റിൽ 25,000 അക്ഷരം (ക്യാരക്ടർ) വരെ പോസ്റ്റ് ചെയ്യാവുന്ന സംവിധാനം അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഏറ്റവും പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നു, വലിയ ലേഖനങ്ങൾ നമുക്ക് ട്വിറ്ററിൽ പ്രസിദ്ധീകരിക്കും, ഒരു പക്ഷേ ഒരു പുസ്തകം(ഇ–ബുക്ക്)തന്നെ പ്രസിദ്ധീകരിക്കാനായേക്കും, അടുത്തിടെ പരസ്യവരുമാനത്തിന്റെ ഒരു പങ്ക് ട്വിറ്റർ ക്രിയേറ്റർമാർക്കു നൽകുമെന്നു അറിയിച്ചിരുന്നു.
ട്വിറ്റർ ബ്ലൂ വരിക്കാർക്ക് ഇനി മുതൽ ഒരു ട്വീറ്റിൽ 25,000 അക്ഷരം (ക്യാരക്ടർ) വരെ പോസ്റ്റ് ചെയ്യാം. ഇതുവരെ ഇത് 10,000 അക്ഷരമായിരുന്നു. ട്വിറ്റർ ബ്ലൂ പ്രഖ്യാപിച്ചതിനു ശേഷം ഇത് രണ്ടാം തവണയാണ് ട്വീറ്റുകളുടെ ക്യാരക്ടർ പരിധി വർധിപ്പിക്കുന്നത്. 4,000 ക്യാരക്ടർ ആയിരുന്നത് ഫെബ്രുവരിയിലാണ് 10,000 ആയി വർധിപ്പിച്ചത്. ബ്ലൂ വരിക്കാർക്ക് 60 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ അപ്‌ലോഡ് ചെയ്യാമായിരുന്നത് കഴിഞ്ഞ മാസം 2 മണിക്കൂർ ആയും വർധിപ്പിച്ചിരുന്നു.
സമൂഹ മാധ്യമമായ ട്വിറ്ററില്‍ പോസ്റ്റു ചെയ്യുന്നവര്‍ക്ക് ജീവിക്കാനുള്ള വക നല്‍കാനുള്ള ശ്രമം നടത്തുമെന്നാണ് ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി നേരത്തെ പ്രഖ്യാപിച്ചത്. മോണിടൈസേഷൻ സംവിധാനം പ്രവർത്തിച്ചു തുടങ്ങിയെന്നും റിപ്പോര്‍ട്ട് ഉണ്ട്. ട്വിറ്ററിൽ നിരവധി ഫോളോവേഴ്സുള്ള ഒരാള്‍ 100,000 ഡോളര്‍ (76,275 പൗണ്ട്) ലഭിച്ചു എന്നും അവകാശവാദമുന്നയിച്ചിരുന്നു.
ട്വിറ്റര്‍ നിലനില്‍ക്കുന്ന സമൂഹ മാധ്യമ ഇടം കൂടെ അധീനതയിലാക്കാനായി, മെറ്റാ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് 'ത്രെഡ്‌സ്' അവതരിപ്പിച്ച് ആഴ്ചകള്‍ക്കുളളിലാണ് മസ്‌കിന്റെ കമ്പനി പുതിയ നീക്കം നടത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ പോസ്റ്റുകള്‍ക്ക് 50 ലക്ഷം ഇംപ്രഷന്‍സ് എങ്കിലും ലഭിച്ചിരിക്കണം എന്നതാണ് മറ്റൊരു നിബന്ധന.(ഒരാളുടെ പോസ്റ്റുകള്‍ എത്ര തവണ കണ്ടു എന്നതിന്റെ എണ്ണമാണ് ഇംപ്രഷന്‍സ് എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്.) ട്വിറ്ററിനു ലഭിക്കുന്ന പരസ്യ വരുമാനത്തില്‍ നിന്നായിരിക്കും ഈ പ്ലാറ്റ്‌ഫോമിലെ ജനപ്രിയ കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്കുള്ള പണം നല്‍കുക. യോഗ്യരായ എല്ലാ ട്വിറ്റര്‍ ഉപയോക്താക്കള്‍ക്കും ഈ മാസം അവസാനം ആകുമ്പോള്‍ എങ്കിലും ഈ സേവനം നല്‍കാനാണ് കമ്പനി ഉദ്ദേശിക്കുന്നതത്രെ. യോഗ്യരായവര്‍ അപേക്ഷ നല്‍കണം.