ADVERTISEMENT

പുതിയ ഐപാഡുകളും മറ്റ് ഉപകരണങ്ങളും പുറത്തിറക്കിയ സമയത്ത് തന്നെ റഷ്യന്‍ റാന്‍സംവെയര്‍ ഗ്രൂപ്പായ ആര്‍ഇവിള്‍ (സോഡിനോക്കിബി) ആപ്പിളിന്റെ പുതിയ ഉപകരണങ്ങളെക്കുറിച്ചുള്ള രൂപരേഖ (blueprint) തട്ടിയെടുത്തതായി വെളിപ്പെടുത്തി. ആപ്പിളിന്റെ പ്രധാന സപ്ലെയര്‍മാരിലൊരാളായ, തായ്‌വാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്വാണ്ടാ കംപ്യൂട്ടറിന്റെ നെറ്റ്‌വര്‍ക്കിൽ കയറിയാണ് ഇതു തട്ടിയെടുത്തിരിക്കുന്നത്. ക്വാണ്ടാ പ്രധാനമായും മാക്ബുക്കുകളാണ് നിര്‍മിക്കുന്നത്. ആക്രമണം നടന്ന കാര്യം ക്വാണ്ട സ്ഥിരീകരിച്ചുകഴിഞ്ഞു. ആര്‍ഇവിള്‍ ഡാര്‍ക്‌വെബില്‍ ഇടപെടലുകള്‍ നടത്തുന്നത് സൈബര്‍ കുറ്റകൃത്യ ഫോറമായ എക്‌സ്എസ്എസിലെ 'അണ്‍നോണ്‍' എന്ന യൂസര്‍ മുഖേനയാണ്. 

 

തങ്ങള്‍ ഇന്നേവരെ നടത്തിയിരിക്കുന്നതില്‍ വച്ച് ഏറ്റവും വലിയ ആക്രമണമാണ് ഇതെന്നും അവര്‍ പറഞ്ഞു. ഈ പോസ്റ്റ് ബ്ലൂംബര്‍ഗ് വാര്‍ത്താ ഏജന്‍സിയും പരിശോധിച്ചിരുന്നു. റഷ്യന്‍ ഭാഷയിലാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്. ഇതേക്കുറിച്ച് വിവരം നല്‍കിയ ആളും തന്റെ പേര് പുറത്തുവിടരുതെന്ന് ആവശ്യപ്പെടുകയായിരുന്നു. തിരിച്ചടി ഭയന്നാണ് തന്റെ പേരുവിവരങ്ങള്‍ പുറത്തുവിടരുതെന്ന് ഈ വ്യക്തി പറഞ്ഞത്.

 

ആര്‍ഇവിളിന് 'ഹാപ്പി ബ്ലോഗ്' എന്നൊരു വെബ്‌സൈറ്റുമുണ്ട്. ഇവിടെയാണ് ഇരകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുന്നതും പണം ലഭിക്കുമെന്ന പ്രതീക്ഷയില്‍ അവരെ പരസ്യമായി നാണംകെടുത്തുന്നതും. ഹാപ്പി ബ്ലോഗിലും പുതിയ ഇര ക്വാണ്ട ആണെന്നു പറഞ്ഞിട്ടുണ്ട്. ഈ പോസ്റ്റും ബ്ലൂംബര്‍ഗ് പരിശോധിച്ചു. തങ്ങളുടെ ആക്രമണം കുറച്ചു നാള്‍ മുൻപായിരുന്നു എന്നും, ആപ്പിള്‍ പുതിയ ഉപകരണങ്ങള്‍ പുറത്തിറക്കുന്ന ദിവസം തന്നെ വിവരം പുറത്തുവിടാനായി കാത്തിരിക്കുകയായിരുന്നു എന്നും അവര്‍ പറയുന്നു. 

 

പല സെര്‍വറുകള്‍ക്കു നേരെയും ആക്രമണം നടന്നതായി ക്വാണ്ട സമ്മതിച്ചു. എന്നാല്‍, കൃത്യമായി എന്തുമാത്രം ഡേറ്റയിലേക്ക് കടന്നുകയറി എന്നു വ്യക്തമാക്കാന്‍ വിസമ്മതിച്ചു. ആപ്പിളിന്റെ പുതിയ ഉൽപന്നങ്ങളുടെ അവതരണ ചടങ്ങുകള്‍ പൂര്‍ത്തിയായ സമയത്തിനു മുൻപ്തന്നെ ആര്‍ഇവിള്‍ കമ്പനിയുടെ പുതിയ ലാപ്‌ടോപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. അതിന്റെ രൂപരേഖ (schematics), ഉള്‍ഭാഗങ്ങളെക്കുറിച്ചുള്ള 15 ചിത്രങ്ങള്‍ എന്നിവ ഉള്‍പ്പടെയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇത് ആപ്പിള്‍ ഈ വര്‍ഷം മാര്‍ച്ചില്‍ ഡിസൈന്‍ ചെയ്ത മാക്ബുക്കിന്റെതായിരിക്കാമെന്ന് ബ്ലൂംബര്‍ഗ് കരുതുന്നു. പുതിയ സംഭവ വികാസങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ ആപ്പിൾ വക്താവ് വിസമ്മതിച്ചു.

 

ക്വാണ്ടവുമായി ചര്‍ച്ചകള്‍ നടത്താന്‍ ആർഇവിള്‍ ശ്രമിച്ചതായി പറയുന്നു. ക്വാണ്ടയുടെ എല്ലാ ലോക്കല്‍ നെറ്റ്‌വര്‍ക്ക് ഡേറ്റയും തങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്തു കഴിഞ്ഞുവെന്നും ഇതു തുറന്നുകിട്ടണമെങ്കില്‍ 5 കോടി ഡോളര്‍ നല്‍കണമെന്നുമാണ് ആക്രമണകാരികളുടെ ആവശ്യം. എന്നാല്‍, ക്വാണ്ട ഇതേക്കുറിച്ച് കൂടുതല്‍ വിശദീകരണം ചോദിച്ചപ്പോള്‍ ആര്‍ഇവിള്‍ ആപ്പിളിന്റെ ഡേറ്റ പ്രസിദ്ധീകരിക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തുകയായിരുന്നു എന്നു പറയുന്നു. അതേസമയം, അവര്‍ പുറത്തുവിട്ട ചിത്രങ്ങള്‍ തന്നെയായിരിക്കാം അവരുടെ കയ്യിലുളളതെന്നു കരുതുന്നവരും ഉണ്ട്. പുതിയ മാക്ബുക്കിനു വേണ്ട പാര്‍ട്‌സുകളെക്കുറിച്ചും, കൃത്യമായ കംപോണന്റ് സീരിയല്‍ നമ്പറും വലുപ്പവും അടക്കമുള്ള വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഒരു ചിത്രത്തില്‍ ആപ്പിള്‍ ഡിസൈനര്‍ ജോണ്‍ ആന്‍ഡ്രെയഡിസിന്റെ ഒപ്പുമുണ്ട്. ഈ ഒപ്പ് മാര്‍ച്ച് 9, 2021ന് ഇട്ടിരിക്കുന്നതാണ്.

 

ക്വാണ്ടയുടെ പ്രാദേശിക നെറ്റ്‌വര്‍ക്കിന്റെ നിയന്ത്രണം മുഴുവന്‍ തങ്ങളുടെ കയ്യിലാണ് എന്നാണ് ഹാക്കര്‍മാര്‍ പറയുന്നത്. ഇതു വിട്ടുനല്‍കാന്‍ ആവശ്യപ്പെടുന്ന മോചനദ്രവ്യമായ 5 കോടി ഡോളര്‍ നല്‍കുമോ എന്ന കാര്യം കണ്ടറിയേണ്ടിയിരിക്കുന്നു. അതേസമയം, അമേരിക്കയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഉപകരണ നിര്‍മാതാവിന്റെ ഡേറ്റ വരെ ചോര്‍ത്തിയിരിക്കുന്നതിനാല്‍, റഷ്യന്‍ ഹാക്കര്‍മാരുടെ ശബ്ദം ഉറച്ചതും വ്യക്തവുമാണ്. 'ഞങ്ങള്‍ക്ക് നിങ്ങളെ നിയന്ത്രിക്കാനാകും' എന്ന സന്ദേശമാണ് റഷ്യന്‍ ഗ്രൂപ്പ് അമേരിക്കയ്ക്ക് നല്‍കുന്നതെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധനായ ലിയോര്‍ ഡിവ് അഭിപ്രായപ്പെടുന്നു. റഷ്യയുടെ സന്ദേശം വ്യക്തമാണ്, ഞങ്ങള്‍ക്ക് നിങ്ങളുടെ ബ്ലൂപ്രിന്റുകളും ഐപികളും തട്ടിയെടുക്കാനാകും എന്നതാണെന്നും ലിയോര്‍ പറയുന്നു.

 

∙ സുപ്രധാന ഐഒഎസ് 14.5 അപ്‌ഡേറ്റ് അടുത്തയാഴ്ച?

 

flipkart-image-784-410-1-

മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടെ പ്രവര്‍ത്തനത്തിലെ ഒരു നാഴികക്കല്ലായേക്കാമെന്നു കരുതുന്ന ഐഒഎസ് 14.5 അപ്‌ഡേറ്റ് ആപ്പിള്‍ അടുത്തയാഴ്ച അവതരിപ്പിച്ചേക്കുമെന്നു കരുതുന്നു. ഇതിന്റെ ബീറ്റാ പതിപ്പ് ഈ വര്‍ഷം ഫെബ്രുവരിയില്‍ പുറത്തിറക്കിയിരുന്നു. ഐഫോണ്‍ ഉപയോക്താക്കളെ ട്രാക്കു ചെയ്യണമെന്നുള്ള ആപ്പുകള്‍ക്ക് യൂസറോട് നേരിട്ടു സമ്മതം വാങ്ങേണ്ട രീതിയിലാണ് പുതിയ ഒഎസ് എത്തുക. ഇതിനെതിരെ കടുത്ത വിമര്‍ശനവും മുഴുവന്‍ പേജ് പത്ര പരസ്യങ്ങളുമായി ഫെയ്‌സ്ബുക് രംഗത്തെത്തിയിരുന്നു. ഈ ഫീച്ചര്‍കൂടാതെ, സിറി വോയിസ് അസിസ്റ്റന്റിന്റെ ശബ്ദംമാറ്റാനും, ചില ഇമോജികളുടെ നിറം മാറ്റാനുമുള്ള ഫീച്ചറുകളും പ്രതീക്ഷിക്കുന്നു.

 

∙ ആപ്പിള്‍ എയര്‍ടാഗ്‌സ് ആന്‍ഡ്രോയിഡുമൊത്തും പ്രവര്‍ത്തിക്കും

 

കീചെയിനുകള്‍ പോലെയുള്ള ചെറിയ സാധനങ്ങളില്‍ ഘടിപ്പിക്കാനുളള ഉപകരണമാണ് എയര്‍ടാഗ്‌സ്. ഇവ എവിടെയെങ്കിലും വെച്ചു മറന്നുപോയാല്‍ പെട്ടെന്നു കണ്ടെത്താനാകുമെന്നതാണ് ഗുണം. കഴിഞ്ഞ ദിവസം ഇവ പുറത്തിറക്കുന്ന സമയത്ത് ഐഫോണുകളുമായി ഒത്തു പ്രവര്‍ത്തിക്കുന്ന രംഗങ്ങളാണ് ആപ്പിള്‍ കാണിച്ചത്. എന്നാല്‍, പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇവ ആന്‍ഡ്രോയിഡ് ഫോണുകളുമായും പെയര്‍ ചെയ്ത് ഉപയോഗിക്കാം. ഇക്കാര്യം ആപ്പിള്‍ അവതരണ വേദിയില്‍ വെളിപ്പെടുത്തിയില്ല. എന്നാല്‍, ഇവയുടെ സപ്പോര്‍ട്ട് പേജില്‍ എന്‍എഫ്‌സി ഉളള എല്ലാ ആന്‍ഡ്രോയിഡ് ഐഒഎസ് ഉപകരണങ്ങളുമൊത്തും എയര്‍ടാഗ്‌സിന് പ്രവര്‍ത്തിക്കാനാകുമെന്നാണ് പറഞ്ഞിരിക്കുന്നത്. സമാനമായ ഉപകരണം സാംസങ് അടുത്ത ദിവസങ്ങളില്‍ പുറത്തിറക്കുമെന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്. ഒരു എയര്‍ടാഗ് മാത്രമായി വാങ്ങണമെങ്കില്‍ 3190 രൂപ നല്‍കണം. അതേസമയം, നാലെണ്ണം അടങ്ങുന്ന പാക്കിന് 10900 രൂപയായിരിക്കും എംആര്‍പി.

 

∙ വാട്‌സാപ് സ്വകാര്യതാ പ്രശ്‌നത്തില്‍ വിധി ഇന്ന്

 

ഇന്ത്യയുടെ കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാ നയത്തിനെതിരെ പ്രഖ്യാപിച്ച അന്വേഷണത്തിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പരാതില്‍ ഏപ്രില്‍ 22ന് വിധി വരും. തങ്ങളുടെ സ്വകാര്യതാ നയത്തേക്കുറിച്ച് സുപ്രീം കോടതിയില്‍ കേസു നടക്കുന്നതിനാല്‍ വേറെ അന്വേഷണം വേണ്ട എന്നാണ് വാട്‌സാപ്പും കമ്പനിയുടെ ഉടമയായ ഫെയ്‌സ്ബുക്കും വാദിക്കുന്നത്. ഇരു വിഭാഗത്തിന്റെയും വാദം കേട്ടുകഴിഞ്ഞ ജസ്റ്റിസ് നവിന്‍ ചാവ്‌ള വിധി പറയല്‍ ഇന്നത്തേക്കു മറ്റിവച്ചിരിക്കുകയാണ്.

 

∙ ക്ലബ്ഹൗസിന് സമാനമായ ആപ്പ് നിർമിക്കുന്നുവെന്ന് ഫെയ്‌സ്ബുക്

 

ഫെയ്‌സ്ബുക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് ഒരിക്കല്‍ സര്‍പ്രൈസായി ഓഡിയോ ഷെയറിങ് ആപ്പായ ക്ലബ്ഹൗസില്‍ എത്തിയിരുന്നു. അന്നുതന്നെ സക്കര്‍ബര്‍ഗ് ക്ലബ്ഹൗസ് വാങ്ങാന്‍ ശ്രമിക്കുകയോ, അതിനു തുല്യമായ ഒരു ആപ്പ് പുറത്തിറക്കുകയോ ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്തായാലും തങ്ങള്‍ അത്തരത്തിലൊരു ആപ്പ് വികസിപ്പിച്ചു തുടങ്ങിയിരിക്കുന്നതായി സക്കര്‍ബര്‍ഗ് വെളിപ്പെടുത്തിയിരിക്കുകയാണ്.

 

∙ ഫ്‌ളിപ്കാര്‍ട്ടിന്റെ 90 മിനിറ്റിനുള്ളില്‍ സാധനങ്ങളെത്തിച്ചു കൊടുക്കുന്ന സേവനം 6 നഗരങ്ങളിലേക്കു കൂടി

 

ഓണ്‍ലൈന്‍ വ്യാപാര ഭീമന്‍ ഫ്‌ളിപ്കാര്‍ട്ട് ആറ് ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ കൂടി 90 മിനിറ്റിനുള്ളില്‍ സാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്ന സേവനം നല്‍കാന്‍ തീരുമാനിച്ചു. ഇത് ആദ്യം തുടങ്ങിയത് ബെംഗളൂരുവിലാണ്.

 

English Summary: Hackers reportedly stole Apple product plans from supplier Quanta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com