ADVERTISEMENT

തങ്ങള്‍ക്കെതിരായ ആയുധമായി ചാറ്റ്ജിപിടിയെ അമേരിക്ക ഉപയോഗിക്കുമെന്ന ആശങ്കയില്‍ ചൈന. ചാറ്റ്ജിപിടിക്ക് ബദലായി സ്വന്തം ചാറ്റ് ബോട്ട് നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ക്ക് പരിപൂര്‍ണ പിന്തുണയാണ് ചൈനീസ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ചൈനീസ് പൗരന്മാരെ പോലും തെറ്റിദ്ധരിപ്പിക്കാന്‍ ചാറ്റ്ജിപിടിയെ ലഹരി മരുന്നു പോലെ അമേരിക്ക ഉപയോഗിക്കുമെന്ന ആശങ്കയാണ് ചൈനക്കുള്ളത്. കഴിഞ്ഞ നവംബറില്‍ ചാറ്റ്ജിപിടി പുറത്തിറങ്ങിയ ശേഷം നിരവധി മുന്‍നിര ചൈനീസ് കമ്പനികള്‍ തങ്ങളുടെ സ്വന്തം ചാറ്റ്‌ബോട്ട് നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 

 

ചൈനീസ് ഗൂഗിളെന്ന് വിളിക്കുന്ന ബെയ്ദുവാണ് ചാറ്റ്‌ബോട്ട് നിര്‍മാണത്തില്‍ ഏറ്റവും മുന്നിലുള്ളത്. തങ്ങളുടെ എഐ ചാറ്റ്‌ബോട്ടായ ഏണി ബോട്ടിനെ ഈ മാസം അവസാനത്തോടെ ഇന്റര്‍നെറ്റ് ടെസ്റ്റിങ് ചെയ്യുമെന്നാണ് ബെയ്ദു അറിയിച്ചിട്ടുള്ളത്. മറ്റു ചൈനീസ് കമ്പനികളായ ആലിബാബ, ടെന്‍സെന്റ്, ജെഡി.കോം തുടങ്ങിയവയും സ്വന്തം ചാറ്റ്‌ബോട്ട് നിര്‍മാണവുമായി മുന്നോട്ടുപോവുന്നുണ്ട്. സ്വകാര്യ കമ്പനികളുടെ ചാറ്റ്‌ബോട്ട് നിര്‍മാണത്തിന് പരിപൂര്‍ണ പിന്തുണയാണ് ചൈനീസ് ശാസ്ത്ര സാങ്കേതിക മന്ത്രാലയം നല്‍കുന്നത്. 

 

ചൈനയുടെ എഐ സാങ്കേതികവിദ്യയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ശാസ്ത്ര സാങ്കേതിക മന്ത്രി വാങ് സിങാങ് തന്നെ പറഞ്ഞിരുന്നു. നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ വാര്‍ഷിക സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. അക്കാദമിക മേഖലയില്‍ കൂടി എഐ സാങ്കേതികവിദ്യയെ എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ചും ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ മാസത്തില്‍ ചാറ്റ്ജിപിടി ചൈനക്ക് ദേശീയ സുരക്ഷാ വെല്ലുവിളിയാവുമെന്ന ആശങ്ക വാങ് പ്രകടിപ്പിച്ചിരുന്നു. 

 

തങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനായി അമേരിക്ക ചാറ്റ്ജിപിടിയെ ഉപയോഗിക്കുമെന്നതാണ് ചൈനീസ് ആശങ്ക. സിങ്ജിയാങ്ങിലെ ഉയിഗുറുകളുടെ അടക്കമുള്ള പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അമേരിക്കന്‍ ഭാഗത്തു നിന്നാണ് ചാറ്റ്ജിപിടി ഉത്തരങ്ങള്‍ നല്‍കിയിരുന്നത്. ടെന്‍സെന്റ് ഹോള്‍ഡിങ്‌സ്, ആന്റ് ഗ്രൂപ്പ് തുടങ്ങിയ മുന്‍നിര സാങ്കേതിക കമ്പനികളോട് തങ്ങളുടെ സേവനങ്ങളില്‍ ചാറ്റ്‌ബോട്ട് ഉള്‍പ്പെടുത്തരുതെന്ന് ചൈന ആവശ്യപ്പെട്ടിരുന്നു. 

 

ലോകത്തിലെ ഏറ്റവും കൂടുതല്‍ ഹരിതഗൃഹവാതകങ്ങള്‍ പുറംതള്ളുന്ന രാജ്യം ഏതെന്ന ചോദ്യത്തിന് ചാറ്റ്ജിപിടി ചൈനയെന്നാണ് ഉത്തരം നല്‍കിയത്. പല റിപ്പോര്‍ട്ടുകളും അമേരിക്കയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ഹരിതഗൃഹവാതകങ്ങള്‍ പുറംതള്ളുന്നുവെന്ന് പറയുന്നുണ്ട്. ഇതുപോലെ അമേരിക്കന്‍ പക്ഷത്തു നിന്നുള്ള വിവരങ്ങള്‍ ചാറ്റ്ജിപിടി നല്‍കുന്നത് ആശങ്കയോടെയാണ് ചൈന കാണുന്നത്. 

 

ഹൈ എന്‍ഡ് ചിപ്പുകളുടെ ലഭ്യത കുറവും ചൈനയെ എഐ സാങ്കേതികവിദ്യയില്‍ പിന്നോട്ടടിക്കുന്നുണ്ട്. അത്യാധുനിക ചിപ്പുകളായ എ100, എച്ച്100 തുടങ്ങിയവ ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നത് അവസാനിപ്പിക്കാന്‍ ചിപ് നിര്‍മാതാക്കളായ എന്‍വിഡിയയോട് അമേരിക്ക കഴിഞ്ഞ സെപ്റ്റംബറില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ചിപ്പുകളേക്കാള്‍ 30 ശതമാനം കുറവ് വേഗമുള്ള എ800 ചിപ്പുകളാണ് എന്‍വിഡിയ ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഇതിനു പോലും നിലവില്‍ ക്ഷാമം നേരിടുന്നുണ്ട്.

 

English Summary: Fearing ChatGPT is ‘opium,’ China to build its own

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com