സാങ്കേതിക വികസനത്തിനായി 'നാലാം നഗരം'; വരുന്നത് പുതിയ ഐഫോണ്‍ ഫാക്ടറിയോ?
Mail This Article
ആപ്പിളിനായി ഐഫോണ്‍ അടക്കമുള്ള ഉപകരണങ്ങള്‍ കരാറടിസ്ഥാനത്തില്‍ നിര്‍മ്മിച്ചു നല്‍കുന്ന തയ്‌വാനീസ് കമ്പനിയായ ഫോക്‌സ്‌കോണ്‍ ഹൈദരാബാദില്‍ നിക്ഷേപം ഇറക്കുന്നതിന്റെ സാധ്യതകള്‍ തേടിയതായി തെലങ്കാന ഗവണ്‍മെന്റ്. മുഖ്യമന്ത്രി രേവന്ത്റെഡ്ഡി, ഫോക്‌സ്‌കോണ്‍ ചെയര്‍മാന്‍ യങ് ലിയുവിനെ ഡല്‍ഹിയില്‍ വച്ചു കാണുകയും, ഹൈദരാബാദ് നഗരത്തിന്റെ പ്രാന്തപ്രദേശത്ത് വികസിപ്പിക്കാന്‍ ആഗ്രഹിക്കുന്ന നിര്‍ദ്ദിഷ്ട 'നാലാം നഗര' (fourth city) പദ്ധതിയില്‍ നിക്ഷേപം ഇറക്കാന്‍ ക്ഷണിക്കുകയും ചെയ്തുവെന്ന് പിടിഐ.
കരാറടിസ്ഥാനത്തില്‍ ഉപകരണങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന ലോകത്തെ ഏറ്റവും വലിയ കമ്പനിയായ ഫോക്‌സ്‌കോണിന് വേണ്ട പെര്‍മിറ്റുകളും, ഇന്‍സെന്റീവുകളും എല്ലാം നല്‍കാമെന്നും റെഡ്ഡി ലിയുവിന് ഉറപ്പു നല്‍കി. അതേസമയം,ഹൈദരാബാദിന് വ്യവസായ-സേവന സെക്ടറുകളിലെല്ലാം വികസന സാധ്യതകള്‍ ഉണ്ടെന്ന് ഫോക്‌സ്‌കോണ്‍ മേധാവിയും പറഞ്ഞു. സാധ്യതാ പഠനത്തിനായി കമ്പനിയുടെ ചീഫ് ക്യാംപസ് ഓപറേഷന്‍സ് ഓഫിസര്‍ കാതി യാങും, ഇന്ത്യയിലെ പ്രതിനിധി വി ലീയും ഹൈദരാബാദിലെത്തും.
വിവിധ മേഖലകള്‍ക്ക് ഇടമൊരുക്കിയായിരിക്കും നാലാം നഗരം വികസിപ്പിക്കുക എന്ന് റെഡ്ഡി പറഞ്ഞു. വിദ്യാഭ്യാസം, മെഡിസിന്‍, സ്‌പോര്‍ട്‌സ്, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍ വ്യവസായം തുടങ്ങിയവ മുതല്‍ സ്‌കില്‍ ഡിവലപ്‌മെന്റെ വരെയുള്ള വിഭാഗങ്ങള്‍ക്ക് ആയിരിക്കും ഇടമൊരുക്കുക. യങ് ഇന്ത്യാ സ്‌കില്‍ ഡിവലപ്‌മെന്റ് യൂണിവേഴിസിറ്റിയും പുതിയ പട്ടണത്തിന്റെ ഭാഗമായിരിക്കും.
ഗവണ്‍മെന്റിന്റേത് വ്യവസായ സൗഹൃദ നയമാണെന്ന് തെലങ്കാന ഐടി-വ്യവസായ വകുപ്പു മന്ത്രി ഡി. ശ്രീധര്‍ ബാബു ലിയുവിനെ ധരിപ്പിച്ചു. അതേസമയം, എത്ര വലിയ നിക്ഷേപമായിരിക്കും വരിക എന്ന കാര്യത്തെക്കുറിച്ച് തെലങ്കാനയോ, ഫോക്‌സ്‌കോണോ ഒന്നും തെളിച്ചു പറഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സുനിതാ വില്യംസിന് കാഴ്ച പ്രശ്‌നങ്ങള്‍ നേരിട്ടു തുടങ്ങിയെന്ന്
അപ്രതീക്ഷിതമായി ഇന്റര്‍നാഷണല്‍ സ്‌പെയ്‌സ് സ്റ്റേഷനില്‍ (ഐഎസ്എസ്) പെട്ടു പോയ ബഹിരാകാശ യാത്രിക സുനിതാ വില്യംസിന് ആര്യോഗ്യ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിരിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ആശങ്ക ഉയര്‍ത്തുന്നു. സഹയാത്രികന്‍ ബാരി വില്‍മോര്‍ ആണ് ഒപ്പമുളളത്. ഇരുവരെയും തിരിച്ച് ഭൂമിയില്‍ എത്തിക്കേണ്ടിയിരുന്ന ബോയിങ് സ്റ്റാര്‍ലൈനറിന് അപ്രതീക്ഷിതമായി ഗുരുതര സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടായതാണ് അവര്‍ക്ക് ഐഎസ്എസില്‍ തങ്ങേണ്ടി വരാന്‍ കാരണം.
സുനിതയ്ക്ക് കാഴ്ച പ്രശ്‌നങ്ങള്‍ നേരിട്ടു തുടങ്ങിയിരിക്കുകയാണ് ഇപ്പോള്‍ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മൈക്രോഗ്രാവിറ്റി ഏല്‍ക്കേണ്ടി വന്നതാണ് പ്രശ്‌നത്തിന് കാരണം. സ്‌പെയ്‌സ്ഫ്‌ളൈറ്റ് അസോസിയേറ്റഡ് ന്യൂറോ-ഒക്യുലര്‍ സിന്‍ഡ്രം (സാന്‍സ്) എന്നാണ് സുനിതയ്ക്ക് ഉണ്ടായിരിക്കുന്ന പ്രശ്‌നങ്ങളുടെ സാങ്കേതിക വിവരണം. ശരീരത്തിലെ ദ്രവവിതരണത്തെയാണ് ഇത് ബാധിക്കുന്നത്. അതിനാലാണ് 58 കാരിയായ സുനിതയ്ക്ക് പ്രശ്‌നങ്ങള്‍ വന്നിരിക്കുന്നതത്രെ. ഇരുവരെയും തിരിച്ച് ഭൂമിയിലെത്തിക്കാനുള്ള എല്ലാ സാധ്യതകളും നാസ ആരായുകയാണെന്നു പറയുന്നു.
ബീറ്റ്‌സ് എക്‌സ് കിം കര്‍ദാഷിയാൻ സ്റ്റുഡിയോ പ്രോ ഹെഡ്‌ഫോണ്‍സ് പുറത്തിറക്കി
ആപ്പിള്‍ കമ്പനി ബീറ്റ്‌സ് എക്‌സ് കിം കർദാഷിയന്‍ സ്റ്റുഡിയോ പ്രോ (Beats x Kim Kardashian Studio Pro) ഹെഡ്‌ഫോണ്‍സ് പരിചയപ്പെടുത്തി. ബീറ്റ്‌സ് സ്റ്റുഡിയോ പ്രോ ഹെഡ്‌ഫോണ്‍സിന്റെ ലിമിറ്റഡ് എഡിഷന്‍ പതിപ്പാണിത്. ആപ്പിള്‍ ഇതുവരെ പുറത്തിറക്കിയിരിക്കുന്നതിലേക്കും വച്ച് ഏറ്റവും നൂതന ഹെഡ്‌സെറ്റ് ആണിത്. ഇതിന് 40 മണിക്കൂര്‍ ബാറ്ററി ലൈഫ് ലഭിക്കും. ഹെഡ്‌സെറ്റിന് മാത്രമായി പ്രത്യേക 40എംഎം ഡ്രൈവര്‍ നിര്‍മ്മിച്ചെടുത്ത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആമസോണ്‍, ആപ്പിള്‍ സ്റ്റോറുകള്‍, ആപ്പിള്‍ വെബ്‌സൈറ്റ് തുടങ്ങിയവ വഴി ആയിരിക്കും വില്‍ക്കുക. വില 349.99 ഡോളര്‍.
'ദിനോസറുകളെ നിശേഷം നശിപ്പിച്ച ഛിന്നഗ്രഹം വന്നത് വ്യാഴത്തിനും അപ്പുറത്തു നിന്ന്'
ഒരു കാലത്ത് ഭൂമിയെ അടക്കിവാണിരുന്ന ദിനോസറുകളെ ഉന്മൂലനം ചെയ്തത് ഏകദേശം 66 ദശലക്ഷം വര്‍ഷം മുമ്പ് ഒരു ഛിന്നഗ്രഹം ഭൂമിയെ ഇടിച്ചതിനാലാണ് എന്നാണ് ഗവേഷകര്‍ പറയുന്നത്. ഈ ഛിന്നഗ്രഹം വ്യാഴത്തിനും അപ്പുറത്തു നിന്നാണ് വന്നതെന്ന് പുതിയ പഠനങ്ങള്‍. മെക്‌സിക്കോയിലെ യുകാറ്റാന്‍ (Yucatan) പെനിന്‍സ്യുലയിലാണ് ഛിന്നഗ്രഹം ഇടിച്ചത്. ആഘാതത്താല്‍ ഇവിടെ സൃഷ്ടിക്കപ്പെട്ടു എന്നു കരുതപ്പെടുന്ന വിള്ളലിന് 112 മൈല്‍ വീതിയും, 12 മൈല്‍ ആഴവും ആണ് ഉള്ളത്. ഇവിടെ നിന്നു ശേഖരിച്ച അവശിഷ്ടങ്ങള്‍ വിശകലനം നടത്തിയാണ് ഇക്കാര്യത്തില്‍ പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.
ഇടിച്ചത് ഒരു കാര്‍ബണേഷ്യസ് അസ്റ്ററോയിഡ് (സി-ടൈപ്) ആണെന്നും അതില്‍ വന്‍തോതില്‍ കാര്‍ബണ്‍ അടങ്ങിയിട്ടുണ്ടെന്നും യുണിവേഴ്‌സിറ്റി ഓഫ് കളോണ്‍ (Cologne) ഗവേഷകര്‍ പറയുന്നു. ഇതോടെ ഇടിച്ചത് ഛിന്നഗ്രഹമല്ല, വാല്‍നക്ഷത്രം (comet) ആണെന്നും, സ്ഥലത്തുള്ള അവശിഷ്ടങ്ങള്‍ അഗ്നിപര്‍വ്വതം പൊട്ടിയതിനാല്‍ ഉളളതാണെന്നും മറ്റും ഇതുവരെ ചിലര്‍ കൊണ്ടു നടന്ന വിശ്വാസങ്ങള്‍ തള്ളിക്കളഞ്ഞേക്കും.
ഛിന്നഗ്രഹം ഇടിച്ച ആഘാതത്താല്‍ ദിനോസറുകള്‍, ടെറോസോസ് (pterosaurs) തുടങ്ങിയ പറക്കും റെപ്‌ടൈലുകള്‍, പല വിധ കടല്‍ ജീവികള്‍ തുടങ്ങിയവ ഭൂമിയില്‍ നിന്നും തുടച്ചു നീക്കപ്പെട്ടു. അതേസമയം, സസ്തനികള്‍ രക്ഷപെടുകയും ചെയ്തു. ഇങ്ങനെയാണ് ഏകദേശം 300,000 വര്‍ഷം മുമ്പ് സസ്തനിവിഭാഗത്തില്‍പെടുത്തിയിരിക്കുന്ന മനുഷ്യരാശിയും ഭൂമിയില്‍ ഉരുത്തിരിഞ്ഞു വരാന്‍ കാരണമെന്ന് ഗവേഷകര്‍ വിശ്വസിക്കുന്നു.
അന്യായമായ പിരിച്ചുവിടല്‍-മസ്‌കിന്റെ എക്‌സ് മുന്‍ ജീവനക്കാരന് 5.9 കോടി നല്‍കണം
ട്വിറ്റര്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ചു വന്ന സമൂഹ മാധ്യമം, ടെസ്‌ല മേധാവി ഇലോണ്‍ മസക് ഏറ്റെടുത്ത് എക്‌സ് എന്ന് നാമകരണം ചെയ്യുകയായിരുന്നല്ലോ. ട്വിറ്ററിലെ ഏകദേശം 80 ശതമാനം ജോലക്കാരെയും മസ്‌ക് പിരിച്ചും വിട്ടിരുന്നു. മസ്‌ക് നല്‍കിയ പുതുക്കിയ ശമ്പള വ്യവസ്ഥ കരാറില്‍ഉണ്ടായിരുന്ന ഒരു കോളത്തില്‍ ടിക് ഇടാന്‍ മറന്ന ഒരു ജോലിക്കാരന്‍ ആയിരുന്നു ഗ്യാരി റൂണി. (കൃത്യമായ ശമ്പള വ്യവസ്ഥ കമ്പനി വ്യക്തമാക്കിയിരുന്നും ഇല്ല.)
ഇതോടെ റൂണി 2022 നവംബര്‍ 18ന് രാജിവച്ചതായി കമ്പനി കണക്കാക്കി. റൂണി 2013 മുതല്‍ ട്വിറ്ററില്‍ ജോലയെടുത്തുവരികയായിരുന്നു. ഇതിനെതിരെ അയര്‍ലണ്ടിലെ വര്‍ക്‌പ്ലേസ് റിലേഷന്‍സകമ്മിഷനില്‍ (ഡബ്ല്യൂആര്‍സി) റൂണി പരാതി നല്‍കി. നടന്ന കാര്യങ്ങള്‍ പഠിച്ച ശേഷം എക്‌സ് റൂണിക്ക് 5,50,131 പൗണ്ട് (ഏകദേശം 5.9 കോടി രൂപ നഷ്ടപരിഹാരമായി നല്‍കണം എന്ന് വിധിച്ചിരിക്കുകയാണ് ഡബ്ല്യൂആര്‍സി. ഇത് കണക്കാക്കിയിരിക്കുന്നത് ഇങ്ങനെ: ജനുവരി 2023നും മെയ് 2024നും ഇടയില്‍ റൂണിക്ക് ലഭിക്കേണ്ടിയിരുന്ന ശമ്പളം 3,50,131 പൗണ്ട്. ഭാവിയില്‍ ലഭിച്ചേക്കാമായിരുന്ന ശമ്പള നഷ്ടം 200,000 പൗണ്ട്.