ADVERTISEMENT

എൽപി സ്കൂൾ ടീച്ചർ റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നാം വർഷത്തിലേക്കു കടക്കുമ്പോഴും നിയമനം മന്ദഗതിയിൽ.

എല്ലാ ജില്ലകളിലും 2022 മേയ് 31നു നിലവിൽ വന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഈ മാസം 30ന് രണ്ടു വർഷം പൂർത്തിയാകുന്നു. 11,602 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റുകളിൽനിന്ന് ഇതുവരെ 3,987 പേർക്കു മാത്രമേ നിയമന ശുപാർശ ലഭിച്ചിട്ടുള്ളൂ. ഏറ്റവും കൂടുതൽ ശുപാർശ മലപ്പുറം ജില്ലയിലാണ്–1,047. കുറവ് വയനാട് ജില്ലയിൽ–71. ഇടുക്കി ജില്ലയിലും നിയമന ശുപാർശ നൂറിൽ എത്തിയിട്ടില്ല. ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ ജില്ലകളിൽ ഇരുനൂറിൽ താഴെയാണു ശുപാർശ. മുൻ റാങ്ക് ലിസ്റ്റിൽനിന്ന് 6,294 പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു.

ഒഴിവുകൾ കുറഞ്ഞു

സ്കൂളുകളിൽ തസ്തികനിർണയ നടപടികൾ യഥാസമയം നടക്കാത്തതാണ് അധ്യാപക ഒഴിവുകൾ കുറയാൻ കാരണം. വിദ്യാഭ്യാസ വകുപ്പ് തസ്തികനിർണയ നടപടി പൂർത്തിയാക്കിയാലും ധന വകുപ്പ് പുതിയ തസ്തികകൾ അംഗീകരിക്കാത്തത് നിയമനം കാത്തിരിക്കുന്നവർക്കു തിരിച്ചടിയാകുന്നു.

വിദ്യാർഥികൾ കുറവുള്ള സ്കൂളുകളിൽ തസ്തികകൾ വെട്ടിക്കുറയ്ക്കുമ്പോൾ, വിദ്യാർഥികൾ കൂടുതലുള്ള സ്കൂളുകളിൽ അധിക തസ്തിക സൃഷ്ടിക്കാൻ താൽപര്യം കാണിക്കുന്നില്ല. ഓരോ വർഷവും ഒട്ടേറെ അധ്യാപകർ വിരമിക്കുന്നുണ്ടെങ്കിലും ഈ ഒഴിവുകൾ പൂർണമായി പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യുകയോ നിയമനം നടത്തുകയോ ചെയ്യാറില്ല. ഡിവിഷൻ നഷ്ടംമൂലം തസ്തിക ഇല്ലാതായ അധ്യാപകർക്ക് സംരക്ഷണമൊരുക്കിയശേഷമുള്ള ഒഴിവുകൾ മാത്രമാണു പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്യുന്നത്.

അടുത്ത അധ്യയനവർഷമെങ്കിലും തസ്തികനിർണയ നടപടികൾ കൃത്യമായി നടന്നില്ലെങ്കിൽ ഒരു വർഷം മാത്രം കാലാവധി ശേഷിക്കുന്ന എൽപി സ്കൂൾ ടീച്ചർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് അതു കനത്ത തിരിച്ചടിയായി മാറും.

പുതിയ പരീക്ഷ ജൂലൈ 20ന്

എൽപി സ്കൂൾ ടീച്ചർ തസ്തികയുടെ പുതിയ വിജ്ഞാപനപ്രകാരമുള്ള പരീക്ഷ ജൂലൈ 20നു നടത്താൻ പിഎസ്‌സി തീരുമാനിച്ചിട്ടുണ്ട്. 14 ജില്ലയിലുമായി 53,464 പേരാണ് അപേക്ഷ നൽകിയത്. മേയ് 11 ആയിരുന്നു കൺഫർമേഷൻ നൽകേണ്ട അവസാന തീയതി.

∙വിവിധ ജില്ലകളിലെ അപേക്ഷകർ: തിരുവനന്തപുരം–3,860, കൊല്ലം–3,533, പത്തനംതിട്ട–2,180, ആലപ്പുഴ–2,597, കോട്ടയം–2,028, ഇടുക്കി–1,352, എറണാകുളം–2,852, തൃശൂർ–4,279, പാലക്കാട്–3,986, മലപ്പുറം–11,787, കോഴിക്കോട്–5,442, വയനാട്–1,704, കണ്ണൂർ–3,279, കാസർകോട്–4,585.  

English Summary:

LPST Recruitment ranklist PSC updates thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com