ADVERTISEMENT

എൽപിഎസ്ടി, യുപിഎസ്ടി തസ്തികകളിൽ (കാറ്റഗറി നമ്പർ 707/2023, 709/2023, 212/2023, 213/2023, 214/2023, 215/2023, 491/2023, 513/2023, 514/2023, 591/2023, 610/2023) വീണ്ടും അപേക്ഷിക്കാൻ തിരക്കുപിടിച്ച് അവസരം നൽകിയ പിഎസ്‌സി, കൂട്ടിച്ചേർക്കൽ വിജ്ഞാപനപ്രകാരമുള്ള അപേക്ഷകളേ പരിഗണിക്കൂ എന്നു വ്യക്തമാക്കി.

മേയ് 4ലെ ഗസറ്റിലാണു കൂട്ടിച്ചേർക്കൽ വിജ്ഞാപനം വന്നത്. കഴിഞ്ഞയാഴ്ച വീണ്ടും അപേക്ഷിക്കാൻ അവസരം നൽകി.

ഇതുപ്രകാരം ജൂൺ 16 വരെയാണ് അപേക്ഷ സ്വീകരിച്ചത്. എന്നാൽ, ഡിസംബറിലെ ആദ്യ വിജ്ഞാപനപ്രകാരം അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി അടിസ്ഥാനമാക്കിയാണ് വിദ്യാഭ്യാസ യോഗ്യതകളും മറ്റു വ്യവസ്ഥകളും പരിഗണിക്കുക. മറ്റു വ്യവസ്ഥകളും ആദ്യ വിജ്ഞാപനത്തിലേതുതന്നെ.

എന്താണു വ്യത്യാസം?

∙കൂട്ടിച്ചേർക്കൽ വിജ്ഞാപനപ്രകാരം 22.05.2018, 28.06.2023 തീയതികളിലെ സർക്കാർ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ സെക്കൻഡറി/ഹയർ സെക്കൻഡറി തലങ്ങളിൽ മലയാളം പഠിക്കാത്തവർക്കും എന്നാൽ 24.02.2023ലോ അതിനു മുൻപോ ട്രെയിനിങ് യോഗ്യത നേടിയവർക്കും ബന്ധപ്പെട്ട കോഴ്സുകൾക്കു പ്രവേശനം നേടിയവർക്കും മാത്രമാണ് ജൂൺ 16 വരെ അപേക്ഷിക്കാൻ അവസരം നൽകിയത്.

∙എസ്എസ്എൽസിക്ക് പാർട് 1ലോ 2ലോ മലയാളം പഠിച്ചവർക്കും അല്ലെങ്കിൽ പഠന മാധ്യമം മലയാളം ആയിരുന്നവർക്കും ആദ്യ വിജ്ഞാപനപ്രകാരം അപേക്ഷ സ്വീകരിക്കാൻ നിശ്ചയിച്ച അവസാനതീയതിക്കകം അപേക്ഷ നൽകാതിരുന്നവർക്കും കൂട്ടിച്ചേർക്കൽ വിജ്ഞാപന പ്രകാരം അപേക്ഷിക്കാൻ അർഹതയില്ല.

∙അവസാനതീയതിക്കു ശേഷം യോഗ്യത നേടിയവർക്കും അപേക്ഷിക്കാനാവില്ല.

∙ആദ്യ വിജ്ഞാപനപ്രകാരം അപേക്ഷ നൽകിയവർ വീണ്ടും അപേക്ഷ നൽകരുതെന്നും നിർദേശം നൽകിയിട്ടുണ്ടെന്നു പിഎസ്‌സി പത്രക്കുറിപ്പിൽ അറിയിച്ചു.

ട്രൈബ്യൂണൽ ഇടപെട്ട്

രണ്ടാം അവസരം

കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിനെ തുടർന്നാണ് എൽപിഎസ്ടി, യുപിഎസ്ടി തസ്തികകളിൽ വീണ്ടും അപേക്ഷിക്കാൻ അവസരം വന്നത്. കൂട്ടിച്ചേർക്കൽ വിജ്ഞാപന പ്രകാരം അർഹരായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാൻ അവസാന തീയതിക്കു ശേഷം അവസരം നൽകിയില്ലെന്ന പരാതിയുമായി ഒരു ഉദ്യോഗാർഥി ട്രൈബ്യൂണലിനെ സമീപിച്ചു. തുടർന്ന്, ഇങ്ങനെയുള്ളവർക്ക് അവസരം നൽകാൻ നിർദേശിച്ച് ഇടക്കാല ഉത്തരവിറക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജൂൺ 16 വരെ അപേക്ഷിക്കാൻ പിഎസ്‌സി വീണ്ടും അവസരം നൽകിയത്.

ആശയക്കുഴപ്പം നേരത്തേ ചൂണ്ടിക്കാട്ടി തൊഴിൽവീഥി

എൽപിഎസ്ടി, യുപിഎസ്ടി തസ്തികകളിൽ മലയാള പഠനവുമായി ബന്ധപ്പെട്ട ഉത്തരവുകളിലെ ആശയക്കുഴപ്പം വിജ്ഞാപനമിറങ്ങിയ സമയത്തുതന്നെ തൊഴിൽവീഥി റിപ്പോർട്ട് ചെയ്തിരുന്നു.

കഴിഞ്ഞ ജനുവരി 20 ലക്കത്തിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പിഎസ്‌സി വിജ്ഞാപനത്തിലെ ആശയക്കുഴപ്പം ചൂണ്ടിക്കാട്ടി. 2018 മേയിലെ സർക്കാർ ഉത്തരവു പ്രകാരം പ്ലസ് ടു, ടീച്ചേഴ്സ് ട്രെയിനിങ്, ഡിഗ്രി റഗുലർ കോഴ്സുകളിൽ ഏതിലെങ്കിലും മലയാളം ഒരു വിഷയമായി പഠിച്ചവരെ എസ്എസ്എൽസിയിൽ മലയാളം പഠിക്കണമെന്ന നിബന്ധനയിൽനിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ, 2023 ഫെബ്രുവരിയിലെ ഉത്തരവനുസരിച്ച് എസ്എസ്എൽസിക്ക് മലയാളം പാർട് ഒന്നിലോ രണ്ടിലോ പഠിച്ചവർക്കു മാത്രമേ എൽപിഎസ്ടി, യുപിഎസ്ടി തസ്തികകളിൽ അപേക്ഷിക്കാൻ കഴിയൂ.

2018ലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പഠിച്ചവരുടെ അവസരം ഇല്ലാതാകുമെന്ന പ്രശ്നം ഉയർന്നപ്പോൾ, 2023 ജൂണിൽ പുതിയ ഉത്തരവിറക്കി. 2023 ഫെബ്രുവരി 24നകം ഡിഎൽഎഡ്, ബിഎഡ് പഠനം പൂർത്തീകരിക്കുകയും പ്രവേശനം നേടുകയും ചെയ്തതും പ്ലസ് ടു, ടീച്ചേഴ്സ് ട്രെയിനിങ്, ഡിഗ്രി റഗുലർ കോഴ്സുകളിൽ ഏതിലെങ്കിലും മലയാളം ഒരു വിഷയമായി പഠിച്ചതുമായവരെ എസ്എസ്എൽസിക്ക് പാർട് ഒന്നിലോ രണ്ടിലോ മലയാളം പഠിക്കണമെന്ന നിബന്ധനയിൽനിന്ന് ഒഴിവാക്കുകയായിരുന്നു. എന്നാൽ, ഡിസംബർ 30നു പിഎസ്‌സി പ്രസിദ്ധീകരിച്ച എൽപിഎസ്ടി, യുപിഎസ്ടി വിജ്ഞാപനത്തിൽ ഈ സർക്കാർ ഉത്തരവോ ഇളവോ പരാമർശിച്ചിരുന്നില്ല. ഇതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്.

ഇക്കാര്യം തൊഴിൽവീഥി പിഎസ്‌സി അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയപ്പോൾ അപേക്ഷിക്കാൻ തടസ്സമില്ലെന്നും സർട്ടിഫിക്കറ്റ് പരിശോധനാവേളയിൽ ഇക്കാര്യം പരിഹരിക്കപ്പെടുമെന്നുമാണ് ഉറപ്പു ലഭിച്ചത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com