ADVERTISEMENT

സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റുകൾ നിലവിൽ വന്ന് രണ്ടര മാസം കഴിഞ്ഞിട്ടും ഇതുവരെ ഒരാൾക്കുപോലും നിയമനമായില്ല. ഏഴു ബറ്റാലിയനിലായി ഈ വർഷം ഏപ്രിൽ 15നു നിലവിൽ വന്ന സിപിഒ റാങ്ക് ലിസ്റ്റിന്റെ മെയിൻ ലിസ്റ്റിൽ 4,725 പേരും സപ്ലിമെന്ററി ലിസ്റ്റിൽ 1,922 പേരുമടക്കം 6,647 പേരെയാണ് ഉൾപ്പെടുത്തിയത്. ഒന്നാം റാങ്ക് ലഭിച്ചയാൾക്കുപോലും നിയമന ശുപാർശ ലഭിച്ചിട്ടില്ല. ഒരു വർഷം മാത്രമാണു ലിസ്റ്റിന്റെ കാലാവധി. ഇതിൽ രണ്ടര മാസം കഴിഞ്ഞു. മുൻ റാങ്ക് ലിസ്റ്റിൽനിന്ന് 4,783 പേർക്കു നിയമന ശുപാർശ നൽകിയിരുന്നു.

റിപ്പോർട്ട് ചെയ്തത് 6 NJD ഒഴിവു മാത്രം

സിവിൽ പൊലീസ് ഓഫിസർ തസ്തികയുടെ 6 എൻജെഡി ഒഴിവു മാത്രമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. തൃശൂർ (കെഎപി–2) ജില്ലയിൽ കഴിഞ്ഞ മേയ് 25ന് 5 ഒഴിവും ജൂൺ 1ന് ഒരൊഴിവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബാക്കി 6 ബറ്റാലിയനിലെ ഒറ്റ ഒഴിവുപോലും വന്നിട്ടില്ല. മുൻ ലിസ്റ്റിലെ അവസാന നിയമന ശുപാർശയുടെ അടിസ്ഥാനത്തിലുള്ള എൻജെഡി ഒഴിവ് എല്ലാ ബറ്റാലിയനുകളിലും ഉണ്ടെന്നാണു വിവരം. എന്നാൽ, ഇതൊന്നും പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്യാൻ പൊലീസ് വകുപ്പ് തയാറാകുന്നില്ല.

പ്രതീക്ഷ വിരമിക്കൽ ഒഴിവിൽ മാത്രം

സേനയിൽ പൊലീസ് ഉദ്യോഗസ്ഥരുടെ കുറവുണ്ടെന്നും തസ്തിക അനുവദിക്കണമെന്നുമറിയിച്ച് ധാരാളം നിർദേശങ്ങൾ സർക്കാരിനു മുന്നിലുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണമാക്കി ഇതൊന്നും ധന വകുപ്പ് അംഗീകരിക്കുന്നില്ല. ഈ സാഹചര്യത്തിൽ, വിരമിക്കൽ ഒഴിവുകളിലല്ലാതെ പുതിയ തസ്തിക സൃഷ്ടിച്ച് നിയമനത്തിനുള്ള സാധ്യത കുറവാണ്.

ഈ വർഷത്തെ വിരമിക്കൽ ഒഴിവുകൾവരെ മുൻകൂട്ടി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും മുൻ ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ഈ ഒഴിവുകൾ ലഭിച്ചെന്നുമാണു പൊലീസ് വകുപ്പിൽനിന്നു വ്യക്തമാക്കുന്നത്. അങ്ങനെയെങ്കിൽ അടുത്ത വർഷം വിരമിക്കുന്നവരുടെ ഒഴിവുകൾ മുൻകൂട്ടി റിപ്പോർട്ട് ചെയ്താൽ, നിലവിലെ ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് അതിന്റെ പ്രയോജനം ലഭിക്കും. വൈകാതെ ഇതു നടപ്പാകുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് റാങ്ക് ലിസ്റ്റിലുള്ളവർ.

1401 ഒഴിവിൽ പ്രതീക്ഷ വേണ്ടെന്ന് അറിയിപ്പ്

സിവിൽ പൊലീസ് ഓഫിസർമാരു‌ടെ 1,401 ഒഴിവ് ഉടൻ റിപ്പോർട്ട് ചെയ്യുമെന്നും നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ഇതു ലഭിക്കുമെന്നും വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ, ഈ ഒഴിവുകൾ മുൻ ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് നൽകിയെന്നു വ്യക്തമാക്കി ജൂൺ 24ന് സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റർ പത്രക്കുറിപ്പ് പ്രസിദ്ധീകരിച്ചു. 2024 മേയ് 31നു വിരമിക്കൽ/സ്ഥാനക്കയറ്റം വഴിയുണ്ടായവ ഉൾപ്പെടെ 1,401 ഒഴിവാണു നിലവിലുള്ളത്. ബറ്റാലിയനുകളിലെ കോൺസ്റ്റബിൾമാരെ ബൈ ട്രാൻസ്ഫർ വഴി ഈ ഒഴിവുകളിൽ നിയമിക്കാനുള്ള നടപടി അന്തിമഘട്ടത്തിലാണ്.

ഈ ഒഴിവുകൾ മുൻകൂട്ടി കണക്കാക്കി, നിലവിലുണ്ടായിരുന്ന ഒഴിവുകളോടൊപ്പം 2023 ഏപ്രിൽ 13നു നിലവിൽ വന്ന റാങ്ക് ലിസ്റ്റിൽനിന്നു നിയമിക്കാനാനായി പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യുകയും നിയമനം നടത്തുകയുമാണു ചെയ്തത്. ഇങ്ങനെ നിയമിച്ചവരിൽ 292 വനിതകൾ ഉൾപ്പെടെ 1.765 പേർ പരിശീലനം പൂർത്തിയാക്കി. 189 വനിതകൾ ഉൾപ്പെടെ 1,476 പേർ ജൂലൈ അവസാനത്തോടെ പരിശീലനം പൂർത്തിയാക്കും. ഇതിനു പുറമേ, നിലവിൽ പരിശീലനം ആരംഭിച്ച 390 പേരും ഉടൻ പരിശീലനം ആരംഭിക്കുന്ന 1,118 പേരും ഉണ്ട്.

പൊലീസ് സ്റ്റേഷനുകളിൽ നിലവിലുള്ള ഒഴിവിലേക്കു ബറ്റാലിയനിൽനിന്ന് ഉടൻ നിയമനം നടത്തും. ഇതിന്റെ അടിസ്ഥാനത്തിൽ ഉണ്ടാകുന്ന ഒഴിവിലേക്ക് പരിശീലനം പൂർത്തിയാക്കുന്നവരെ നിയമിക്കാൻ കഴിയും. പക്ഷേ, ബറ്റാലിയനുകളിൽ കോൺസ്റ്റബിൾ തസ്തികയിൽ ഒറ്റ ഒഴിവും നിലവിലില്ലെന്നും ജില്ലകളിൽ ഇപ്പോഴുണ്ടായ ഒഴിവുകളിൽ നിയമിക്കാൻ ആവശ്യമായത്ര കോൺസ്റ്റബിൾമാർ എല്ലാ ബറ്റാലിയനിലും നിലവിലുണ്ടെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. 

English Summary:

CPO Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com