ADVERTISEMENT

എൽപിഎസ്ടി, യുപിഎസ്ടി തസ്തികകളിലെ കൂട്ടിച്ചേർക്കൽ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ 23,076 അപേക്ഷ വർധിച്ചു. എൽപിഎസ്ടിയിൽ 6,421 അപേക്ഷകളാണ് കൂടിയത്. ഇതോടെ ആകെ അപേക്ഷകരുടെ എണ്ണം 55,483 ആയി. യുപിഎസ്ടിയിൽ 16,655 അപേക്ഷകൾ വർധിച്ച് ആകെ അപേക്ഷ 1,60,996 ആയി. സൂക്ഷ്മ പരിശോധനയ്ക്കു മുൻപുള്ള അപേക്ഷകരുടെ എണ്ണമാണിത്. കൂട്ടിച്ചേർക്കൽ വിജ്ഞാപന പ്രകാരം യോഗ്യരായവർക്കു മാത്രമേ ഹാൾ ടിക്കറ്റ് ലഭിക്കൂ. ആദ്യ കൂട്ടിച്ചേർക്കൽ വിജ്ഞാപന പ്രകാരം 22.05.2018, 28.06.2023 തീയതികളിലെ സർക്കാർ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ സെക്കൻഡറി/ഹയർ സെക്കൻഡറി തലങ്ങളിൽ മലയാളം പഠിക്കാത്തവർക്കും എന്നാൽ 24.02.2023ലോ അതിനു മുൻപോ ട്രെയിനിങ് യോഗ്യത നേടിയവർക്കും ബന്ധപ്പെട്ട കോഴ്സുകൾക്കു പ്രവേശനം നേടിയവർക്കുമാണ് അപേക്ഷിക്കാൻ അവസരം നൽകിയത്. ജൂൺ 16 ആയിരുന്നു അപേക്ഷിക്കാനുള്ള അവസാനതീയതി.

രണ്ടാം കൂട്ടിച്ചേർക്കൽ വിജ്ഞാപന പ്രകാരം 4% ഭിന്നശേഷി സംവരണം നടപ്പാക്കിയതുമായി ബന്ധപ്പെട്ട് നാലാമത്തെ വിഭാഗത്തിൽ ഉൾപ്പെടുന്ന മൾട്ടിപ്പിൾ ഡിസെബിലിറ്റി ഉള്ളവർക്ക് അപേക്ഷിക്കാൻ അവസരം നൽകി. ജൂൺ 29 ആയിരുന്നു അവസാനതീയതി. രണ്ടു തസ്തികയുടെയും നേരത്തെയുള്ള വിജ്ഞാപനപ്രകാരം അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതിക്കുള്ളിൽ യോഗ്യത നേടിയവർക്കു മാത്രമാണ് അവസരം നൽകിയതെങ്കിലും അല്ലാതെയുള്ളവരും അപേക്ഷ നൽകിയിട്ടുണ്ട്. ഇങ്ങനെയുള്ളവരുടെ അപേക്ഷ നിരസിക്കും.

LP/UP ടീച്ചർ: തമിഴ് മാധ്യമത്തിലും കൂട്ടിച്ചേർക്കൽ വിജ്ഞാപനം

എൽപി/യുപി സ്കൂൾ ടീച്ചർ മലയാളം മാധ്യമം വിജ്ഞാപനങ്ങൾക്കു പുറമേ യുപി സ്കൂൾ ടീച്ചർ–തമിഴ് മാധ്യമം (306/2023), എൽപി സ്കൂൾ ടീച്ചർ–തമിഴ് മാധ്യമം (708/2023) വിജ്ഞാപനങ്ങളിലും കൂട്ടിച്ചേർക്കൽ.

ഈ തസ്തികകളിൽ 4% ഭിന്നശേഷി സംവരണം ബാധകമാണെന്ന് ജൂൺ 24നു സർക്കാർ വ്യക്തത വരുത്തിയ സാഹചര്യത്തിൽ നാലാമത്തെ വിഭാഗത്തിൽപ്പെടുന്ന മൾട്ടിപ്പിൾ ഡിസെബിലിറ്റി ഉള്ളവർക്ക് അപേക്ഷിക്കാനാണു കൂട്ടിച്ചേർക്കൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. ജൂലൈ 6 വരെയായിരുന്നു അവസരം. യോഗ്യതകൾ 01.11.2023, 30.01.2024 തീയതികൾക്കകം നേടിയിരിക്കണമെന്നാണു വ്യവസ്ഥ. മുൻപ് അപേക്ഷ നൽകിയവരും മറ്റു ഭിന്നശേഷി വിഭാഗക്കാരും വീണ്ടും അപേക്ഷിക്കാൻ പാടില്ലെന്നു വ്യക്തമാക്കിയിരുന്നു.

നേരത്തെ എൽപി/യുപി ടീച്ചർ മലയാളം മാധ്യമം തസ്തികകളിലും, ഭിന്നശേഷി സംവരണം 4% ആക്കിയതിന്റെ അടിസ്ഥാനത്തിലും യോഗ്യതയിൽ വ്യക്തത വരുത്തിയതിന്റെ അടിസ്ഥാനത്തിലും കൂട്ടിച്ചേർക്കൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com