ADVERTISEMENT

ബീച്ച് എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ഒരു ചിത്രമുണ്ട്. പഞ്ചാരമണല്‍ നിറഞ്ഞു കിടക്കുന്ന തീരവും, നീലക്കടലും തിരകളുമെല്ലാം നിറഞ്ഞ ഒരു ദൃശ്യം. വ്യത്യസ്ത നിറങ്ങളിലുള്ള മണല്‍ത്തരികള്‍ നിറഞ്ഞ വര്‍ണ്ണാഭമായ തീരങ്ങളും ഭൂമിയിലുണ്ട്. ഇവയിലൊന്നും പെടാതെ ഒട്ടേറെ പ്രത്യേകതകള്‍ നിറഞ്ഞ ഒരു ബീച്ചാണ് റഷ്യയുടെ വിദൂരമായ കിഴക്ക് ഭാഗത്തുള്ള പ്രിമോര്‍സ്കി പ്രവിശ്യയില്‍ സ്ഥിതിചെയ്യുന്ന വ്ലാദിവോസ്തോക്.

മാലിന്യങ്ങള്‍ കുന്നുകൂടിയ കഥയാണ്‌ ഈ ബീച്ചിന് പറയാനുള്ളത്. വ്ലാദിവോസ്തോകിനരികില്‍ സ്ഥിതിചെയ്യുന്ന ഉസ്സൂരി ബേയില്‍ അടുത്തുള്ള പോർസലൈൻ ഫാക്ടറിയിൽ നിന്നുള്ള ഗ്ലാസ് മാലിന്യങ്ങള്‍ കൊണ്ടുവന്നു തള്ളിയിരുന്നു. വര്‍ഷങ്ങളായി ജലത്തിന്‍റെയും കാറ്റിന്‍റെയും പ്രവര്‍ത്തനഫലമായി ഇവയുടെ കൂര്‍ത്ത അരികുകള്‍ മിനുസപ്പെട്ടു. വെയിലേല്‍ക്കുമ്പോള്‍ പല നിറങ്ങളിലുള്ള രത്‌‌നക്കല്ലുകള്‍ പോലെ ഇവ തിളങ്ങുന്ന കാഴ്ച അതിമനോഹരമാണ്. ഈ കാഴ്ച കാണാനായി നിരവധി സന്ദര്‍ശകരാണ്‌ ഇവിടേക്ക് എത്തുന്നത്.

Vladivostoks
Image From Shutterstock

റഷ്യ, സോവിയറ്റ് യൂണിയന്‍റെ ഭാഗമായിരുന്ന കാലത്ത് വ്ലാദിവോസ്തോക് പ്രദേശത്തേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. അക്കാലത്ത് ഇവിടം മാലിന്യങ്ങള്‍ തള്ളുന്ന പ്രദേശമായിരുന്നു. ഇവിടെയുള്ള ജലം മലിനമായിരുന്നു. ഇത് ജനങ്ങള്‍ക്ക് അപകടമുണ്ടാക്കുന്നതും തീരം കൂടുതല്‍ മലിനമാകുന്നത് തടയാനും വേണ്ടിയായിരുന്നു ഇവിടെ സന്ദര്‍ശകരെ നിരോധിച്ചത്.  

എന്നാല്‍ ഇന്ന്, ഗ്ലാസ് കഷണങ്ങള്‍ കൂടാതെ ഈ തീരത്ത് മറ്റൊരു മാലിന്യവും കാണാനാവില്ല. ശാന്തസമുദ്രത്തിന്‍റെ ഭാഗമായ ജപ്പാന്‍ കടലിന്‍റെ തീരമാണ് ഇവിടം. പൊതുവേ നല്ല വൃത്തിയുള്ള ഈ തീരം അതിസുന്ദരമാണ്. അഗ്നിപര്‍വത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉണ്ടായ കറുത്ത മണലാണ്‌ ഇവിടെയുള്ളത്. റഷ്യൻ ഭാഷയിൽ 'സ്റ്റെക്ലിയാഷ്ക' എന്നറിയപ്പെടുന്ന ഈ ബീച്ച് ശൈത്യകാലത്താണ് ഏറ്റവും മനോഹരമാകുന്നത്. മഞ്ഞുമൂടിയ ചില്ലുകഷണങ്ങളില്‍ പ്രകാശം പതിക്കുമ്പോള്‍ തീരം പലയിരട്ടി മനോഹരമാകുന്നു.

Vladivostoks2
Image From Shutterstock

അമേരിക്കയിലെ കാലിഫോർണിയയിലുള്ള ഫോർട്ട് ബ്രാഗ്, ബെനിഷ്യ എന്നിവിടങ്ങളിലും ഹവായിയിലെ ഹാനപെപ്പിലെ ഗ്വാണ്ടനാമോയിലും സമാനമായ ഗ്ലാസ് ബീച്ചുകള്‍ കാണപ്പെടുന്നുണ്ട്.

 

English Summary: The colourful Glass Beach Vladivostok in Russia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com