ADVERTISEMENT

ദുബായില്‍ അവധിക്കാലം ആഘോഷിച്ച് ടെലിവിഷന്‍ അവതാരകയും നടിയുമായ ആര്യ. യാത്രയുടെ നിരവധി ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ദുബായ് എക്സ്പോയുടെ മനോഹരമായ ചിത്രങ്ങൾ ആര്യയുടെ ഇൻസ്റ്റഗ്രാം സ്റ്റാറ്റസിൽ പങ്കുവച്ചിട്ടുണ്ട്. 

സുന്ദരമായ ഇൗ ലോകത്തിലെ മിക്കയിടങ്ങളും കാണാൻ സാധിച്ചതിൽ ഏറെ സന്തോഷവതിയാണ് താരം. യാത്രപോകാനും കാഴ്ചകളാസ്വദിക്കാനും ആഗ്രഹിച്ച ആര്യ ഇന്ന് കാണാത്തയിടങ്ങൾ ചുരുക്കമാണ്. ജോലിയുടെ ഭാഗമായി വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ പോയിട്ടുണ്ട്. അതെല്ലാം ഇൗശ്വരൻ നൽകിയ ഭാഗ്യമാണെന്നും മനോരമ ഒാൺലൈനിനു നൽകിയ അഭിമുഖത്തിൽ ആര്യ പറയുന്നു.  

ജോലിയിലൂടെയാണ് ഞാൻ യാത്രകളെ ഇത്രയധികം പ്രണയിക്കാൻ തുടങ്ങിയതെന്നും. പല രാജ്യങ്ങൾ, ആളുകൾ, ഭക്ഷണരീതികൾ, സംസ്കാരം എന്നു വേണ്ട എന്തിനെയും യാത്രയിലൂടെ അറിയുവാനും പഠിക്കുവാനും സാധിച്ചു. വിദേശയാത്രയിൽ ഏറെ ഇഷ്ടം തോന്നിയത് നയാഗ്രയുടെ ദൃശ്യവിസ്മയമായിരുന്നുവെന്നും ആര്യ പറയുന്നു. ഇപ്പോഴിതാ ദുബായ് കാഴ്ചകളിലാണ് താരം.

ദുബായ് യാത്ര

വേനല്‍ക്കാലത്ത് ദുബായിലേക്ക് യാത്ര ചെയ്യാന്‍ തീരുമാനമെടുക്കുന്നത് അത്ര ബുദ്ധിപരമാണോ എന്നു പലരും ചിന്തിച്ചേക്കാം. ജൂലൈ മുതല്‍ ഓഗസ്റ്റ് വരെ ശരാശരി 40°C- ന് മുകളിലാണ് ഇവിടുത്തെ താപനില. സെപ്റ്റംബർ രണ്ടാം വാരത്തോടെ മാത്രമാണ് ചെറുതായി തണുപ്പ് കടന്നുവരുന്നത്. ചുട്ടുപൊള്ളുന്ന വേനലിന് പേരുകേട്ട നഗരമാണെങ്കിലും വേനല്‍ക്കാലത്തും ദുബായുടെ ആകര്‍ഷണീയതയും അനുഭവങ്ങളും ഒട്ടും കുറയുന്നില്ല എന്നതാണ് സത്യം. മാത്രമല്ല, ചിലവും താരതമ്യേന കുറവാണ് ഈ സമയത്ത് എന്നു പറയാം. വേനല്‍ക്കാലത്ത് ബുദ്ധിപരമായി പ്ലാന്‍ ചെയ്‌താല്‍ ദുബായ് യാത്ര അവിസ്മരണീയമായ അനുഭവമാക്കി മാറ്റാം.

ആറാഴ്ച നീളുന്ന ദുബായ് സമ്മർ സർപ്രൈസസ്(DSS) എന്ന ഷോപ്പിങ് ഉത്സവം നടക്കുന്നത് വേനല്‍ക്കാലത്താണ്. വസ്ത്രങ്ങൾ, ഫർണിച്ചറുകൾ തുടങ്ങിയവ മുതല്‍ വിലകൂടിയ ആഭരണങ്ങൾ വരെ ഈ സമയത്ത് വിനോദസഞ്ചാരികൾക്ക് നികുതിയില്ലാതെ വാങ്ങിക്കാം. ഇത് വേനൽക്കാല മാസങ്ങളിൽ ദുബായ് നഗരത്തിലേക്ക് ധാരാളം ആളുകളെ ആകർഷിക്കുന്നു.

ഷോപ്പിങ്പ്രേമികളുടെ ലോകം

ദുബായിലെ മറ്റൊരു മികച്ച അനുഭവമാണ് സൂക്കുകളും മാളുകളും. ഷോപ്പിങ്പ്രേമികൾക്ക് മികച്ച ഷോപ്പിങ് അനുഭവത്തിന് പുറമേ ദുബായിലെ മിക്ക മാളുകളിലും ഡൈനിങ്ങിനും ഷോപ്പിംഗിനും പുറമെ വിനോദസഞ്ചാര കേന്ദ്രങ്ങളും ഉണ്ട്. ദുബായ് അക്വേറിയം, അണ്ടർവാട്ടർ മൃഗശാല, കിഡ്‌സാനിയ, വിആർ പാർക്ക് തുടങ്ങി നിരവധി ആകർഷണങ്ങൾ ദുബായ് മാളിൽ ഉണ്ട്. ഹൈ-സ്ട്രീറ്റ് ഫാഷൻ ബ്രാൻഡുകളിൽ നിന്ന് ഷോപ്പിങ് ചെയ്യുന്നതിനും പ്രിയപ്പെട്ട റെസ്റ്റോറന്റുകളിൽ നിന്ന് ഭക്ഷണം കഴിക്കുന്നതിനും പുറമെ, സിനിമാപ്രേമികൾക്കായി സിനിമാശാലകളും മറ്റ് വേനൽക്കാല സൗഹൃദ ഇൻഡോർ ആകർഷണങ്ങളും ഇവിടങ്ങളില്‍ ഉണ്ട്.

ഗ്ലോബൽ വില്ലേജിന്റെ രാത്രിക്കാഴ്ച.
ഗ്ലോബൽ വില്ലേജിന്റെ രാത്രിക്കാഴ്ച.

വേനല്‍ക്കാലമാകുമ്പോള്‍ ദുബായിലെ പ്രശസ്തമായ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ പലതിലും നിരക്ക് താഴാറുണ്ട്. ആഡംബര ഹോട്ടലുകളായ അറ്റ്‌ലാന്റിസ് ദി പാം, ജുമൈറ സബീൽ സാറേ തുടങ്ങിയവയെല്ലാം ഇങ്ങനെ ചാര്‍ജ് കുറയ്ക്കാറുണ്ട്.

രാത്രി സമയങ്ങളില്‍ ഒരുക്കുന്ന  ഡെസേർട്ട് സഫാരിയാണ് മറ്റൊരു പ്രധാന അനുഭവം. തെളിഞ്ഞ രാത്രിയില്‍ ആകാശത്ത് തെളിയുന്ന നക്ഷത്രങ്ങളെ കണ്ടുകൊണ്ടുള്ള മരുഭൂമി യാത്ര സ്വപ്നസമാനമാണ്. ഒട്ടക സവാരി, പ്രഭാതഭക്ഷണം, ക്യാമ്പിംഗ് എന്നിവയും അതിലേറെയും ഉൾപ്പെടുന്ന പാക്കേജുകൾ ഇതിനായി ലഭ്യമാണ്. 

dubai-expo-202011

ഓരോ സ്ഥലത്തും പോകുമ്പോള്‍ അവിടുത്തെ ഭക്ഷണത്തിന്‍റെ രുചിയറിയാതെ യാത്ര ഒരിക്കലും പൂർത്തിയായെന്നു പറയാനാവില്ല. പ്രവാസി ജനസംഖ്യ വളരെ കൂടുതലായതിനാല്‍ ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള ഭക്ഷണം ദുബായില്‍ കിട്ടും. ബർ ദുബായ് പോലെയുള്ള ജനപ്രിയ റെസിഡൻഷ്യൽ ഏരിയകളിൽ യെമനി, ലെബനീസ്, ഇറാനിയൻ, പാകിസ്ഥാൻ, ഇന്ത്യൻ, അഫ്ഗാനി, ബംഗ്ലാദേശ് വിഭവങ്ങള്‍  ആസ്വദിക്കാം.

ചൂടിനെ മറികടക്കാൻ ദുബായിൽ രസകരമായ നിരവധി ഇൻഡോർ ആക്ടിവിറ്റികള്‍ ഉണ്ട്. ലോകത്തിലെ മൂന്നാമത്തെ വലിയ ഇൻഡോർ സ്കീ റിസോർട്ടായ സ്കീ ദുബായ് ആണ് വേനൽക്കാലത്ത് ദുബായിൽ സന്ദർശിക്കാൻ കഴിയുന്ന ഏറ്റവും മികച്ച  സ്ഥലങ്ങളിൽ ഒന്ന് . വർഷം മുഴുവനും -4 ഡിഗ്രി സെൽഷ്യസ് താപനില നിലനിർത്തുന്നു. ബൗൺസ് ട്രാംപോളിൻ പാർക്ക് പോലുള്ള മറ്റ് ആക്ടിവിറ്റികളുമുണ്ട്.

ഇവ കൂടാതെ ബുർജ് ഖലീഫയിലെ കാഴ്ചകളും 6000 അടി ഉയരത്തിൽ നിന്ന് താഴേക്ക് ചാടുന്ന സ്കൈ ഡൈവിംഗും അറേബ്യൻ ഗൾഫിന്‍റെ അതിമനോഹരമായ തീരപ്രദേശത്തുകൂടിയുള്ള അറ്റ്ലാന്റിസ് ഹെലികോപ്റ്റർ ടൂറുമെല്ലാം ഈ സമയത്ത് പരീക്ഷിക്കാം.

English Summary: Celebrity Travel,Arya Shares Travel Pictures From Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com