ADVERTISEMENT

അമേരിക്കയിലെ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട നഗരമെന്ന പദവി വിര്‍ജിനിയയിലെ റിച്ച്മണ്ടിന്. അമേരിക്കയിലെ കിഴക്കന്‍ തീര നഗരമായ റിച്ച്മണ്ടിന് അടിമ വ്യാപാര കേന്ദ്രമെന്ന ഭൂതകാല ചരിത്ര പ്രാധാന്യവുമുണ്ട്. വിനോദസഞ്ചാരികള്‍ സന്ദര്‍ശിച്ചിരിക്കേണ്ട അമേരിക്കയിലെ നഗരങ്ങളുടെ പട്ടിക തയ്യാറാക്കിയ സിഎന്‍എന്‍ ആണ് റിച്ച്മണ്ടിന് ഒന്നാം സ്ഥാനം നല്‍കിയിരിക്കുന്നത്. താങ്ങാവുന്ന ചിലവുകള്‍, കല- സാംസ്‌ക്കാരിക സവിശേഷതകള്‍, മികച്ച ഭക്ഷണശാലകള്‍, പ്രധാന ടൂറിസം ആകര്‍ഷണ കേന്ദ്രങ്ങള്‍, രാത്രി ജീവിതം, മറ്റു വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള ദൂരം എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ പരിഗണിച്ചാണ് സിഎന്‍എന്‍ ഈ പട്ടിക തയ്യാറാക്കിയത്. 

റിച്ച്മണ്ട് ഒന്നാം സ്ഥാനം നേടിയപ്പോള്‍ റോഡ് ഐലന്റിലെ പ്രൊവിഡന്‍സ്, വാഷിങ്ടണിലെ ടാകോമ, മെയ്‌നിലെ പോര്‍ട്ട്‌ലാന്റ്, കാലിഫോര്‍ണിയയിലെ സാന്‍ ലൂയിസ് എന്നിവയും അമേരിക്കയിലെ സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ ആദ്യ അഞ്ചു സ്ഥാനങ്ങളിലെത്തി. ഓരോ നഗരത്തിന്റേയും തനതു സവിശേഷതകളും സഞ്ചാരികള്‍ക്ക് താമസിക്കാന്‍ വേണ്ട സൗകര്യങ്ങളുമെല്ലാം തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചു. 

2020 ല്‍ ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ ബ്ലാക്ക് ലൈഫ് മാറ്റേഴ്‌സ് പ്രക്ഷോഭത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു റിച്ച്മണ്ട്. അന്ന് ഇവിടുത്തെ പല പ്രതിമകളും പ്രക്ഷോഭകര്‍ തകര്‍ത്തിരുന്നു. അതിനും മുൻപ് അടിമ വ്യാപാരം നടന്നിരുന്ന കാലത്ത് അടിമ വ്യാപാരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്ന് എന്ന ചരിത്രപ്രാധാന്യവും റിച്ച്മണ്ടിനുണ്ട്. 

അമേരിക്കന്‍ സാഹിത്യകാരനായ എഡ്ഗാര്‍ അലന്‍ പോയുടെ ഒരു മ്യൂസിയവും വിര്‍ജിനിയയിലെ റിച്ച്മണ്ടിലാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കയ്യെഴുത്തു പ്രതികളുടേയും കത്തുകളുടേയും ആദ്യ എഡിഷനുകളുടേയും ശേഖരം ഇവിടെയുണ്ട്. നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള ഈ മ്യൂസിയം മുന്നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിലാണ് സ്ഥിതി ചെയ്യുന്നത്. 

അമേരിക്കന്‍ വിപ്ലവത്തിന്റെ സമയത്തും നിര്‍ണായക സ്വാധീനമുണ്ടായിരുന്ന സ്ഥലമാണ് റിച്ച്മണ്ട്. അമേരിക്കന്‍ സിവില്‍ വാര്‍ മ്യൂസിയവും ഇവിടെ തന്നെ. ഇതുപോലുള്ള മ്യൂസിയങ്ങളുടെ സാന്നിധ്യം കൂടി കണക്കിലെടുത്താണ് റിച്ച്മണ്ടിനെ തീര്‍ച്ചയായും കണ്ടിരിക്കേണ്ട അമേരിക്കന്‍ നഗരമായി തിരഞ്ഞെടുത്തിരിക്കുന്നത്. 2014 മുതല്‍ സജീവമായ ട്രിപ്പിള്‍ ക്രോസിങ് ബീറും ഇവിടുത്തെ പ്രസിദ്ധ കേന്ദ്രമാണ്. ഭക്ഷണവും കലയും സംഗീതവും ബീറുമെല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നുവെന്നാണ് ട്രിപ്പിള്‍ ക്രോസിങ് ബീര്‍ സഹ ഉടമ സ്‌കോട്ട് ജോണ്‍സ് പറയുന്നത്. 

1775 മുതല്‍ 1865 വരെ ആഫ്രിക്കയില്‍ നിന്നുള്ള മനുഷ്യരെ അടിമകളായി കൊണ്ടുവന്ന് കച്ചവടം നടത്തിയിരുന്ന സ്ഥലമാണ് റിച്ച്മണ്ട്. ഈ ചരിത്ര വസ്തുതയുടെ ഓര്‍മകള്‍ ഉണര്‍ത്തുന്ന റിച്ച്മണ്ട് സ്ലേവ് ട്രയലും ഇവിടെയുണ്ട്. ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് നടന്നുകൊണ്ടുതന്നെ മനുഷ്യന്‍ മനുഷ്യനെ വിറ്റിരുന്ന ചരിത്രത്തെ തൊട്ടറിയാനാവും. അടിമകളെ കൊണ്ടു വന്നിറക്കുന്ന തുറമുഖം മുതല്‍ വിവിധ അടിമ ചന്തകളിലേക്കും ഈ നടത്തം നീളും. 

സ്‌പോര്‍ട്‌സ് ടൂറിസമാണ് റിച്ച്മണ്ടിന്റെ മറ്റൊരു സാധ്യതയായി കണക്കാക്കപ്പെടുന്നത്. ഏകദേശം 88.7 ദശലക്ഷം ഡോളര്‍ വരുമാനമാണ് 2023 ല്‍ ഇതുവഴിയുണ്ടായതെന്നാണ് കരുതപ്പെടുന്നത്. റിച്ച്മണ്ടിലെ മൈനര്‍ ലീഗ് ബേസ്‌ബോള്‍ ടീം 2026 മുതല്‍ 10,000 സീറ്റുകളുള്ള പുതിയ സ്റ്റേഡിയത്തിലേക്കു മാറുകയാണ്. ഇതും റിച്ച്മണ്ടിന്റെ വിനോദ സഞ്ചാര സാധ്യതകള്‍ വര്‍ധിപ്പിക്കും. 2022ല്‍ നാലു ബില്യണ്‍ ഡോളറാണ് വിനോദ സഞ്ചാരികള്‍ റിച്ച്മണ്ടില്‍ ചിലവഴിച്ചതായി കണക്കാക്കുന്നത്. 2021നേക്കാള്‍ 20 ശതമാനം കൂടുതലാണിത്. 2023ല്‍ 437 ദശലക്ഷം ഡോളറാണ് റിച്ച്മണ്ടിലെ ഹോട്ടലുകളുടെ വരുമാനമായി കണക്കാക്കിയിരിക്കുന്നത്. ഏകദേശം 24,000 തൊഴിലവസരങ്ങളാണ് വിനോദ സഞ്ചാരം വഴി റിച്ച്മണ്ടിന് ലഭിക്കുന്നത്. ഇതും റിച്ച്മണ്ടിന്റെ സമ്പദ് വ്യവസ്ഥയില്‍ വിനോദ സഞ്ചാരത്തിനുള്ള പ്രാധാന്യം വ്യക്തമാക്കുന്നു.

English Summary:

Mountain-Made: The Best of Mammoth Lakes’ Homegrown Goods.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com