എന്നും കഥകളി; തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിന്റെ മാത്രം പ്രത്യേകത
Mail This Article
എന്നും കഥകളി ആസ്വദിച്ച് ഉറങ്ങുന്ന ദേവനാണ് തിരുവല്ലയിലെ ശ്രീവല്ലഭൻ. അല്ലെങ്കിൽ ദേവനു വേണ്ടി മാത്രം എന്നും രാത്രി കഥകളി അരങ്ങേറുന്ന ക്ഷേത്രമാണ് ശ്രീവല്ലഭക്ഷേത്രം. കാഴ്ചക്കാർക്കു വേണ്ടിയല്ലാതെ ഭഗവാനു കാണുന്നതിനു വേണ്ടി ഒരു കലാസൃഷ്ടി അരങ്ങേറുന്ന ക്ഷേത്രമെന്ന അപൂർവതയാണ് ഇവിടെയുള്ളത്. കഥകളി നടക്കുന്ന കിഴക്കേ ഗോപുരത്തിൽ തെക്കുവശത്തായി ഒരു പീഠം ക്രമീകരിച്ച് കഥകളി കാണുന്നതിനു ഭഗവാന് ഇരിപ്പിടവും ഒരുക്കാറുണ്ട്.
പീഠത്തിൽ പട്ടുവിരിച്ച് ഇലയിൽ നെല്ല്, അരി, നാളികേരം എന്നിവയും നിലവിളക്കും വയ്ക്കും. ഈ പീഠത്തിലിരുന്നാണ് ഭഗവാൻ കഥകളി കാണുന്നതെന്നാണ് സങ്കൽപം. അസുരവാദ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്ന ദേവകലയാണ് കഥകളി. അത് ദേവന്റെ മുൻപിൽ അവതരിപ്പിക്കുകയെന്നത് ഏതൊരു കലാകാരന്റെയും അനുഗ്രഹമാണ്. അതുകൊണ്ടാണ് ദൃശ്യകലകളുടെ സമ്പൂർണാവിഷ്കാരമായ കഥകളിയുടെ വിശിഷ്ടമായ സൗന്ദര്യം ദർശിക്കാൻ ശ്രീവല്ലഭസന്നിധിയിൽ എത്തണമെന്ന് പറയുന്നത്.
കഥകളിയുടെ തുടക്കകാലം മുതൽ ശ്രീവല്ലഭക്ഷേത്രത്തിൽ അരങ്ങേറിയിരുന്നതായാണ് ചരിത്രം. പിന്നീട് കഥകളിക്കു പ്രത്യേക പ്രാധാന്യം ലഭിക്കാൻ ഒരു കാരണമുണ്ടായി. വിഷ്ണുഭക്തനായ വില്വമംഗലത്ത് സ്വാമിയാർ വെളുപ്പിനു ക്ഷേത്രക്കുളത്തിൽ കുളികഴിഞ്ഞ് നിർമാല്യ ദർശനത്തിനു സോപാനത്തിനു മുൻപിലെത്തിയപ്പോൾ ശ്രീകോവിലിനുള്ളിൽ വിഷ്ണുചൈതന്യം കണ്ടില്ല. ഭഗവാനെ നേരിട്ടു കാണുന്നതിനു വൈഭവമുണ്ടായിരുന്ന സ്വാമിയാർ വലിയമ്പലത്തിലും നാലമ്പലത്തിനും തിടപ്പള്ളിയിലും തിരഞ്ഞു.
ഒടുവിൽ ദേഹി ദർശനം ശൗര്യേ എന്നു പ്രാർഥിച്ച് കിഴക്കേ ഗോപുരത്തിൽ നടക്കുന്ന കഥകളി കാണാം എന്നു വിചാരിച്ച് അവിടെയെത്തിയപ്പോൾ ഒരു ഉണ്ണിനമ്പൂതിരി കഥകളി കാണുന്നത് കണ്ടു. ഭഗവാനായിരുന്നു അത്. ഇരുവർക്കും മനസ്സിലായി, വില്വമംഗംലം നമ്മെ ഒന്നു കഥകളി കാണാനും സമ്മതിക്കില്ല അല്ലേയെന്നു ചോദിച്ചു. സമസ്താപരാധം എന്നു പറഞ്ഞ് സ്വാമിയാർ നമസ്കരിച്ചു. ഇതോടെ കഥകളി ക്ഷേത്രത്തിലെ പ്രധാന വഴിപാടായി മാറി. വർഷങ്ങളായി എല്ലാ ദിവസവും രാത്രി 9.30ന് ക്ഷേത്രത്തിൽ കഥകളി നടക്കാറുണ്ട്. കോവിഡ് കാലമായതോടെ അപൂർവം ദിവസങ്ങളിൽ നടക്കാറില്ല. എങ്കിലും ക്ഷേത്രത്തിൽ ചടങ്ങുകൾക്ക് മുടക്കം വരാറില്ല. കഥകളിക്കു പ്രാധാന്യം ലഭിച്ചതോടെ തിരുവല്ലയ്ക്ക് കഥകളിയിൽ പ്രത്യേക പ്രാധാന്യവും ലഭിച്ചു. ഇപ്പോൾ രണ്ട് കഥകളി സംഘങ്ങളും അൻപതോളം കലാകാരന്മാരുമുണ്ട്. കേരളത്തിലെ മുതിർന്ന എല്ലാ കഥകളി നടന്മാരും ശ്രീവല്ലഭനു മുൻപിൽ വേഷമിട്ടവരാണ്.