കേരളീയ വസ്ത്രത്തിൽ ക്ഷേത്രദർശനം നടത്തി തമിഴ്നടൻ അജിത്; പെരുവമ്പ ക്ഷേത്രത്തിൽ എത്തിയതിനു പിന്നിൽ?
Mail This Article
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ തമിഴ്നടൻ അജിത് കേരളത്തിലെത്തി ക്ഷേത്രദര്‍ശനം നടത്തുന്ന ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. പാലക്കാടു ജില്ലയിലെ പെരുവമ്പ ക്ഷേത്രത്തില്‍ കേരളീയ വസ്ത്രധാരണത്തോടെയാണ് താരം ദർശനം നടത്തിയത്. മലയാളത്തിന്റെ മരുമകൻ എന്നതിലുപരി കേരളത്തിൽ വലിയ ആരാധകവൃന്ദംകൂടി ഉള്ള നടനാണ് അജിത്കുമാർ .
ആയുർവേദ ചികിത്സയുടെ ഭാഗമായി പാലക്കാട് ഗുരുകൃപയിൽ എത്തിയ താരം പെരുവമ്പ ക്ഷേത്രത്തിലും ദര്‍ശനം നടത്തുകയായിരുന്നു. മഹാദേവൻ വൈദ്യനാഥ സങ്കല്പത്തിൽ പടിഞ്ഞാറോട്ട് ദർശനമായി ഇരിക്കുന്ന മഹാക്ഷേത്രമാണ് പെരുവമ്പ ക്ഷേത്രം. പുലർച്ചെതന്നെ ക്ഷേത്രത്തിലെത്തി പൂജയിൽ പങ്കെടുത്തു വഴിപാടുകളും സമർപ്പിച്ച ശേഷമാണ് താരം മടങ്ങിയത്. ക്ഷേത്രഭാരവാഹികളോടൊപ്പവും വിവരമറിഞ്ഞെത്തിയ നാട്ടുകാർക്കൊപ്പവുമുള്ള ഫോട്ടോകളാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ ഷെയർ ചെയ്യപ്പെടുന്നത്.
തന്റെ പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിനു മുന്നോടിയായാണ് കേരളത്തിൽ എത്തിയത്. ഈ സിനിമ സംവിധാനം ചെയ്യുന്ന വിഘ്നേഷ് ശിവന് ചോറ്റാനിക്കര മകം തൊഴാൻ എത്തിയത് വാർത്തയായിരുന്നു. വിഘ്നേഷ് ശിവനുമൊത്ത് അജിത് ആദ്യമായി കൈകോര്‍ക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഉണ്ട്.
English Summary : Actor Ajith Kumar Visit Palakkad Peruvemba Temple