ADVERTISEMENT

കാലഭൈരവന്റെ അനുഗ്രഹം നേടുന്നതിനാണ് പണ്ടുമുതൽ കാലാഷ്ടമി ആചരിക്കുന്നത്.  ഉത്തരേന്ത്യയിൽ  പ്രചാരത്തിൽ ഉള്ളതും എന്നാൽ കേരളത്തിൽ അത്ര അധികം പ്രചാരമില്ലാത്തതുമായ ഒരു ആചാരമാണ് കാലാഷ്ടമി. കാല എന്നാൽ കറുപ്പ് കറുത്ത പക്ഷത്തിലെ അതായത് കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥിയിലാണ് കാലാഷ്ടമി വരുന്നത്. ഒരു വര്‍ഷത്തില്‍ 12 കാലാഷ്ടമികള്‍ ഉണ്ട് .

കാലഭൈരവനെ ആരാധിക്കുന്നതിനുള്ള ദിവസമാണ് കാലാഷ്ടമി. ഭൈരവ മൂര്‍ത്തിമാരില്‍ പരമശിവന്റെ പ്രധാന ഭാവമാണ് കാലഭൈരവന്‍.

ത്രികാലങ്ങളായ ഇന്നലെ ഇന്ന് നാളെ ( ഭൂതം, ർത്തമാനം, ഭാവി)  ഇവയെ നിയന്ത്രിക്കുന്ന ഭൈരവ മൂര്‍ത്തിയായ കാലഭൈരവനെ ആരാധിക്കുന്നതിനുള്ള വിശേഷ ദിവസമാണ് കാലാഷ്ടമി. ശിവപുരാണ പ്രകാരം പരമശിവന്റെ അവതാരമാണ് കാലഭൈരവന്‍. കാലങ്ങളുടെ അധിപനും വിനാശങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്ന ശിവഭാവമാണ് കാലഭൈരവന്‍. പരമശിവന്റെ ഭാവങ്ങളായ എട്ടു ഭൈരവ മൂര്‍ത്തിന്മാരില്‍ പ്രധാനപ്പെട്ട ഒരു ഭാവമാണ് കാലഭൈരവന്‍. എല്ലാത്തരം കാലദോഷങ്ങളും പ്രതിബന്ധങ്ങളും പ്രയാസങ്ങളും ഒഴിയാന്‍ കാലഭൈരവനെ കാലാഷ്ടമി ദിവസം ഭജിച്ചാൽ മതി. പതിവായി  കാലഭൈരവനെ ആരാധിക്കുന്നവര്‍ക്ക് ജീവിതകാലം മുഴുവനും ആയുരാരോഗ്യം ഭവിക്കുമെന്നുമാണ് വിശ്വാസം.

വെളുത്തവാവ് കഴിഞ്ഞുള്ള  (കൃഷ്ണപക്ഷത്തിലെ)  എട്ടാം ദിവസമാണ് (അഷ്ടമി തിഥിയില്‍) കാലാഷ്ടമി ആചരിക്കുന്നത്. കാലാഷ്ടമിയില്‍ കാലഭൈരവനെ വിധിപ്രാകാരം ആരാധിച്ചാല്‍ എല്ലാ ഫലങ്ങളും ഇരട്ടിയായി അനുഗ്രഹിക്കപ്പെടും. 

ശിവപുരാണത്തിൽ പരമശിവന്റെ രുദ്രാവതാരമായിട്ടാണ് കാലഭൈരവനെ വർണിച്ചിരിക്കുന്നത്. ക്ഷേത്രങ്ങളുടെ സംരക്ഷകനും കാവലാളുമായ കാലഭൈരവന്‍ ക്ഷേത്രപാലകനാണ്. ഭക്തര്‍ കാലഷ്ടമിയില്‍ കാലഭൈരവനെ ഭജിച്ച് ഉപവാസവ്രതങ്ങള്‍ അനുഷ്ഠിക്കാറുണ്ട്. മനുഷ്യജന്മങ്ങളിലെ കോപം, അത്യാഗ്രഹം തുടങ്ങിയ എല്ലാ ആസക്തികളില്‍ നിന്ന് മോചനം നേടുന്നതിന് കാലഷ്ടമിവ്രതം അനുഷ്ഠിക്കാവുന്നതാണ്. ഈ ദിവസം കാലഭൈരവനെ ശരിയായി ഭജിക്കുന്നവര്‍ക്ക് ആയുരാരോഗ്യവും സമ്പല്‍സമൃദ്ധിയും സർവ ഐശ്വര്യങ്ങളും പ്രാപ്തമാകുന്നു.

എല്ലാ ആപത്തുകളില്‍ നിന്നും സംരക്ഷിക്കുന്നവനാണ് കാലഭൈരവന്‍. ജാതകത്തിലെ രാഹുദോഷങ്ങള്‍ക്ക് പരിഹാരമായി കാലഭൈരവനെ ആരാധിക്കാം. ജീവിതത്തില്‍ സമാധാനവും ഐക്യവും സര്‍വ്വവിജയങ്ങളും നല്‍കി അനുഗ്രഹിക്കുന്നവനാണ്. പലവിധമായ  ക്ഷുദ്രക്രിയകള്‍, ആഭിചാര ക്രിയകള്‍ എന്നിവയാല്‍ ദുരിതമനുഭവിക്കേണ്ടിവരുന്നവര്‍ക്ക് അതില്‍ നിന്ന് മുക്തി നേടുന്നതിനായി കാലഭൈരവനെ പതിവായി പ്രാർഥിക്കാം. കാലഷ്ടമിക്ക് ശത്രുശക്തികളെ സംഹരിക്കുന്ന കാലഭൈരവന് കടുകെണ്ണയാല്‍ നിലവിളക്ക് തെളിയിക്കുകയും മധുരപലഹാരങ്ങളും നിവേദ്യങ്ങളും സമര്‍പ്പിക്കുകയും ചെയ്യുന്നത് അത്യുത്തമമാണ്.

കാലഷ്ടമി ആചാരങ്ങള്‍

കാലാഷ്ടമി ദിനം പുലര്‍ച്ചെ എഴുന്നേറ്റ് ശരീരം ശുദ്ധമാക്കി നിലവിളക്ക് തെളിയിച്ച് കാലഭൈരവനെയും പരമശിവനെയും സ്മരിച്ച് പ്രാർഥിക്കുക.

ഉത്തരേന്ത്യൻ ആചാരമനുസരിച്ച് കാലഭൈരവ ക്ഷേത്രത്തിലോ ശിവക്ഷേത്രത്തിലോ കടുകെണ്ണ സമര്‍പ്പിച്ച് വിളക്ക് തെളിയിക്കാം (വീട്ടില്‍ ശിവനെ  സ്മരിച്ചും കടുകെണ്ണ വിളക്ക് തെളിയിക്കാം). ദേശീയമായ വ്യത്യാസം ഉള്ളതിനാൽ എള്ളെണ്ണ ഉപയോഗിച്ച് വിളക്കുതെളിയിക്കുന്നതും ഉത്തമമാണ്. കേരളത്തിൽ കാലഭൈരവ ക്ഷേത്രങ്ങൾ കുറവായതിനാൽ പകരം ശിവക്ഷേത്ര ദർശനം നടത്തി കൂവളത്തില എള്ളെണ്ണ ഇവ സമർപ്പിക്കുന്നത് ഉത്തമമാണ്. ശിവക്ഷേത്രത്തിൽ ഉള്ള മറ്റ് ലഘുവായ വഴിപാടുകൾ നടത്തിക്കുന്നതും ഉത്തമമാണ്. ക്ഷേത്രസന്നിധിയിൽ അഥവാ സ്വഭവനത്തിലിരുന്ന് കാലഭൈരഷ്ടകം,  ശിവസ്തോത്രങ്ങൾ എന്നിവ പാരായണം ചെയ്യുന്നതും ഉത്തമമാണ് സാധിക്കുന്നവർ വൈകുന്നേരം കൂടി ശിവക്ഷേത്രദർശനം നടത്തി അസ്തമയത്തിനുശേഷം വ്രതം അവസാനിപ്പിക്കാം.

ഈ മാസത്തിലെ കാലാഷ്ടമി വരുന്നത് ജൂൺ 28 പകൽ 4.27 മുതൽ ജൂൺ 29 വൈകിട്ട് 4.20 വരെയാണ്

ശ്രീകാലഭൈരവാഷ്ടകം 

ദേവരാജസേവ്യമാനപാവനാംഘ്രിപങ്കജം

വ്യാലയജ്ഞസൂത്രമിന്ദുശേഖരം കൃപാകരം 

നാരദാദിയോഗിവൃന്ദവന്ദിതം ദിഗംബരം

കാശികാപുരാധിനാഥകാലഭൈരവം ഭജേ 

ഭാനുകോടിഭാസ്വരം ഭവാബ്ധിതാരകം പരം

നീലകണ്ഠമീപ്സിതാർഥദായകം ത്രിലോചനം 

കാലകാലമംബുജാക്ഷമക്ഷശൂലമക്ഷരം

കാശികാപുരാധിനാഥകാലഭൈരവം ഭജേ 

ശൂലടങ്കപാശദണ്ഡപാണിമാദികാരണം

ശ്യാമകായമാദിദേവമക്ഷരം നിരാമയം 

ഭീമവിക്രമം പ്രഭും വിചിത്രതാണ്ഡവപ്രിയം

കാശികാപുരാധിനാഥകാലഭൈരവം ഭജേ 

ഭുക്തിമുക്തിദായകം പ്രശസ്തചാരുവിഗ്രഹം

ഭക്തവത്സലം സ്ഥിതം സമസ്തലോകവിഗ്രഹം   

വിനിക്വണന്മനോജ്ഞഹേമകിങ്കിണീലസത്കടിം  

കാശികാപുരാധിനാഥകാലഭൈരവം ഭജേ 

ധർമസേതുപാലകം ത്വധർമമാർഗനാശകം 

കർമപാശമോചകം സുശർമദായകം വിഭും 

സ്വർണവർണശേഷപാശശോഭിതാംഗമണ്ഡലം  

കാശികാപുരാധിനാഥകാലഭൈരവം ഭജേ 

രത്നപാദുകാപ്രഭാഭിരാമപാദയുഗ്മകം

നിത്യമദ്വിതീയമിഷ്ടദൈവതം നിരഞ്ജനം 

മൃത്യുദർപനാശനം കരാലദംഷ്ട്രമോക്ഷദം  

കാശികാപുരാധിനാഥകാലഭൈരവം ഭജേ 

അട്ടഹാസഭിന്നപദ്മജാണ്ഡകോശസന്തതിം

ദൃഷ്ടിപാതനഷ്ടപാപജാലമുഗ്രശാസനം 

അഷ്ടസിദ്ധിദായകം കപാലമാലികാധരം

കാശികാപുരാധിനാഥകാലഭൈരവം ഭജേ 

ഭൂതസംഘനായകം വിശാലകീർതിദായകം

കാശിവാസലോകപുണ്യപാപശോധകം വിഭും 

നീതിമാർഗകോവിദം പുരാതനം ജഗത്പതിം

കാശികാപുരാധിനാഥകാലഭൈരവം ഭജേ 

ഫല ശ്രുതി 

കാലഭൈരവാഷ്ടകം പഠന്തി യേ മനോഹരം

ജ്ഞാനമുക്തിസാധനം വിചിത്രപുണ്യവർധനം 

ശോകമോഹദൈന്യലോഭകോപതാപനാശനം

പ്രയാന്തി കാലഭൈരവാംഘ്രിസന്നിധിം നരാ ധ്രുവം

English Summary:

Understanding the Spiritual Significance of Kalashtami

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com