ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? സമ്പൂർണ നക്ഷത്രഫലം– കാണിപ്പയ്യൂർ
Mail This Article
അശ്വതി: ബന്ധുക്കൾക്കിടയിലുള്ള തർക്കം പരിഹരിക്കുവാൻ മധ്യസ്ഥത വേണ്ടിവരും. യാഥാർഥ്യം മനസ്സിലാക്കിയ സഹോദരങ്ങൾ സ്നേഹം കൂടുവാൻ വരും.
ഭരണി: അവഗണന ഒഴിഞ്ഞുമാറി പരിഗണിക്കപ്പെടുന്നതിൽ ആശ്വാസമാകും. വിഭാവനം ചെയ്ത പദ്ധതികൾ പ്രാവർത്തികമാക്കുവാൻ വിദഗ്ധ നിർദേശം തേടും.
കാർത്തിക: വ്യവഹാര വിജയത്താൽ പിതൃസ്വത്ത് രേഖാപരമായി ലഭിക്കും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ സാധിക്കും.
രോഹിണി: കുടുംബബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന മക്കളുടെ സമീപനത്തിൽ ആത്മാഭിമാനം തോന്നും. ശുഭാപ്തിവിശ്വാസം വർധിക്കും.
മകയിരം: ഗഹനമായ വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കുവാൻ സാധിക്കും. സുഖദുഃഖങ്ങൾ ഒരുപോലെ സ്വീകരിക്കാൻ കഴിയും.
തിരുവാതിര: ആശയവും ലക്ഷ്യവും വ്യക്തമല്ലാത്തതിനാൽ സംയുക്ത സംരംഭങ്ങളിൽ നിന്നു പിന്മാറും. ദീർഘവീക്ഷണത്തോടു കൂടിയ പ്രവർത്തനങ്ങൾക്ക് രൂപം നൽകും.
പുണർതം: മറ്റുള്ളവരുടെ ഉയർച്ചയിൽ ആത്മാർഥമായി അഭിനന്ദിക്കും. ഭിന്നാഭിപ്രായങ്ങളെ ഏകീകരിക്കുവാൻ പ്രയത്നിക്കും.
പൂയം: കുടുംബാംഗങ്ങളോടൊപ്പം പുണ്യതീർഥയാത്ര പുറപ്പെടും. കൂടുതൽ വിസ്തൃതിയുള്ള ഗൃഹത്തിലേക്കു മാറിത്താമസിക്കും.
ആയില്യം: പിതൃസ്വത്തിൽ ഗൃഹനിർമാണ പ്രവർത്തനങ്ങൾ തുടങ്ങിവയ്ക്കും. പുതിയ കൃഷിസമ്പ്രദായം ആവിഷ്കരിക്കുവാൻ വിദഗ്ധ നിർദേശം തേടും.
മകം: സ്വപ്നസാക്ഷാത്കാരത്താൽ ആത്മനിർവൃതിയുണ്ടാകും. അവസരങ്ങൾ വേണ്ട വിധത്തിൽ ഉപയോഗിക്കുവാൻ സാധിക്കുന്നതിൽ ആശ്വാസമാകും.
പൂരം: അർഹമായ മുടങ്ങിക്കിടപ്പുള്ള സ്ഥാനമാനങ്ങൾ ലഭിക്കുവാൻ നിയമസഹായം തേടും. നഷ്ടപ്പെട്ട ഉദ്യോഗത്തിനു പകരം തത്തുല്യമായ ഉദ്യോഗത്തിന് അവസരം ലഭിക്കും.
ഉത്രം: ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കുവാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. അഭിമാനാർഹമായ പ്രവർത്തനം കാഴ്ചവയ്ക്കുവാൻ സാധിക്കും.
അത്തം: ക്ലേശാവസ്ഥകൾ സഹിച്ചാണെങ്കിലും ഉപരിപഠനത്തിനു ശ്രമിക്കുകയാണു നല്ലത്. കലാകായിക മത്സരങ്ങൾക്കു പരിശീലനം ആരംഭിക്കും.
ചിത്തിര: അവസരങ്ങൾ വിനിയോഗിക്കുവാൻ സുഹൃത്‌സഹായവും വിദഗ്ധ നിർദേശവും വേണ്ടിവരും. കുടുംബത്തിലെ ആചാരാനുഷ്ഠാനങ്ങളിൽ പങ്കെടുക്കുവാനിടവരും.
ചോതി: തൊഴിൽ മേഖലകളോടു ബന്ധപ്പെട്ട് ദൂരയാത്രകൾ വേണ്ടിവരും. സംഭവബഹുലമായ വിഷയങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരും.
വിശാഖം: വർഷങ്ങൾക്കുശേഷം സഹപാഠികളെ കാണുവാനും ഗതകാലസ്മരണകൾ പങ്കുവയ്ക്കുവാനും അവസരമുണ്ടാകും. വ്യവസ്ഥകൾ പാലിക്കും.
അനിഴം: യാത്രാക്ലേശവും ഭരണച്ചുമതലയും വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. വിശ്വാസയോഗ്യമല്ലാത്ത പ്രവൃത്തികളിൽ നിന്നു നിരുപാധികം പിന്മാറും.
തൃക്കേട്ട: അമൂല്യമായ പൂർവികസ്വത്ത് നിലനിർത്തുവാൻ തയാറാകും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കും.
മൂലം: അനായാസേന ചെയ്തു തീർക്കണ്ടതായ കാര്യങ്ങൾക്ക് അശ്രാന്തപരിശ്രമം വേണ്ടിവരും. ഹ്രസ്വകാല പദ്ധതിയിൽ പണം നിക്ഷേപിക്കും.
പൂരാടം: സൽക്കർമ പ്രവണത സർവജനപ്രീതിക്കു വഴിയൊരുക്കും. വിദ്യാർഥികൾക്ക് ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിനു ചേരുവാൻ സാധിക്കും.
ഉത്രാടം: ഗൃഹനിർമാണം പൂർത്തീകരിച്ചു ഗൃഹപ്രവേശനകർമം നിർവഹിക്കും. സ്വാർഥതാൽപര്യം മറന്നു മറ്റുള്ളവർക്കുവേണ്ടി പ്രവർത്തിക്കും.
തിരുവോണം: ആസൂത്രിത പദ്ധതികളാണെങ്കിലും അശ്രാന്തപരിശ്രമം വേണ്ടിവരും. സാഹചര്യങ്ങൾക്കനുസരിച്ചു സ്വയംപര്യാപ്തത ആർജിക്കും.
അവിട്ടം: സംശയാസ്പദമായ സാഹചര്യങ്ങൾ സ്ഥിരീകരിച്ചതിനാൽ സാമ്പത്തിക വിഭാഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. മാനസിക സംഘർഷത്തിനു കുറവ് തോന്നും.
ചതയം: സഹവർത്തിത്വഗുണത്താൽ സദ്ചിന്തകൾ വർധിക്കും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കുവാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും.
പൂരുരുട്ടാതി: പരിമിതികൾക്കനുസരിച്ചു ജീവിക്കുവാൻ സാധിക്കുന്നതു ഭാവിയിലേക്കു ഗുണപ്രദമാകും. ആർഭാടങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തും.
ഉത്തൃട്ടാതി: ദീർഘകാലത്തെ പ്രയത്നഫലമായി പാഠ്യപദ്ധതി പൂർത്തീകരിക്കുവാൻ സാധിക്കും. അനാവശ്യമായ ആധി ഒഴിഞ്ഞുപോകും.
രേവതി: ആദർശങ്ങൾ സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കുവാൻ ത്യാഗം സഹിക്കേണ്ടതായിവരും. ബന്ധുവിന് സാമ്പത്തികസഹായം നൽകുവാനിടവരും.