ടോവി ചേട്ടന്റെ ഫെസ്‌ബുക്ക് പോസ്റ്റിൽ നിന്നും തുടക്കം ; തമന്ന നവ്യായായത് ഇങ്ങനെ
Mail This Article
അബുദാബിയിൽ അച്ഛനമ്മമാരോടൊപ്പം സ്ഥിര താമസമാക്കിയ തമന്ന പ്രമോദ് തീർത്തും അവിചാരിതമായാണ് ഫോറൻസിക് എന്ന സിനിമയിലേക്ക് എത്തുന്നത്. അഭിനയമോഹം മനസ്സിൽ സൂക്ഷിച്ചിരുന്ന തമന്ന, ടിക്കറ്റോക് വിഡിയോകളിലൂടെ സൈബർ ലോകത്ത് സജീവമായിരുന്നു. തുടർന്നാണ് സിനിമയിലേക്കുള്ള വഴി തെളിയുന്നത്. അങ്ങനെ അബുദാബിയിൽ നിന്നും കേരളത്തിലെത്തി ഒാഡിഷനിലൂടെ ഫോറൻസിക്കിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ നവ്യയായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ ഷൂട്ടിന് മുൻപ് ഡയറക്റ്റർമാരായ അഖിൽ പോൾ, അനസ് ഖാൻ എന്നിവർ തമന്നയോട് ആവശ്യപ്പെട്ടത് നീണ്ട മുടി മുറിക്കണം എന്നാണ്. കഥാപാത്രത്തിന്റെ മികവിന് വേണ്ടി ഏറെ വിഷമത്തോടെയാണ് അന്ന് മുടി മുറിച്ചത് എങ്കിലും ഫോറൻസിക് സിനിമ തിയറ്ററിൽ കണ്ടപ്പോൾ, ആളുകൾ തന്റെ കഥാപാത്രത്തിന് നൽകിയ സ്വീകരണം കണ്ടപ്പോൾ ആ വിഷമമെല്ലാം മാറി എന്ന് തമന്ന പറയുന്നു.
ടോവി ചേട്ടന്റെ ഫെസ്‌ബുക്ക് പോസ്റ്റിൽ നിന്നും തുടക്കം
ഫോറൻസിക് സിനിമയിലേക്ക് ബാലതാരങ്ങൾ ആവശ്യമുണ്ട് എന്നു പറഞ്ഞുകൊണ്ട് ടോവിനോ ചേട്ടന്റെ ഫേസ്‌ബുക്ക് പേജിൽ ഒരു പോസ്റ്റ് വന്നിരുന്നു. എനിക്ക് അഭിനയിക്കാൻ ആഗ്രഹമുള്ളത് അറിയാമായിരുന്ന ഞങ്ങളുടെ ദുബായിയിലുള്ള ഒരു കസിൻനാണ് ഈ പോസ്റ്റ് അച്ഛന് ഷെയർ ചെയ്യുന്നത്. ഒന്നു ശ്രമിച്ചു നോക്കാമെന്നു കരുതി. അങ്ങനെ അതിൽ പറഞ്ഞിരിക്കുന്ന ഐഡിയിലേക്ക് ഫോട്ടോസ് അയച്ചു കൊടുത്തു. പിന്നീട് വേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു.ഇല്ലെന്ന് പറഞ്ഞപ്പോൾ ടിക്ക്റ്റോക് വിഡിയോസ് ആവശ്യപ്പെട്ടു. അത് നൽകി. പിന്നീട് രണ്ടാം ഘട്ടം ഓഡിഷൻ കേരളത്തിൽ വച്ചായിരുന്നു.
ഇവിടെ എത്തിയപ്പോൾ 8000 കുട്ടികളുണ്ടായിരുന്നു ഓഡിഷന്. അതിൽ നിന്നും ആദ്യഘട്ടത്തിൽ 2000 കുട്ടികളെ കണ്ടെത്തി. പിന്നീട് അതിൽ നിന്നും തെരച്ചിൽ നടത്തിയാണ് ഫൈനൽ ലിസ്റ്റ് തയ്യാറാക്കിയത്. എന്റെ ഭാഗ്യത്തിന് അതിൽ ഉൾപ്പെടാൻ കഴിഞ്ഞു. പിന്നീട് സ്ക്രിപ്റ്റിലെ ചില ഭാഗങ്ങൾ അഭിനയിക്കാനായി തന്നു. അതിനു ശേഷം തെരെഞ്ഞെടുത്ത കുട്ടികൾക്കായി ഒരു ആക്റ്റിങ് വർക്ഷോപ്പ് നടത്തിയിരുന്നു. അങ്ങനെ വിവിധ ഘട്ടങ്ങളിലൂടെയാണ് ഞാൻ സിനിമയുടെ ഭാഗമാകുന്നത്.
ചലഞ്ചിംഗ് ആയ റോൾ
സിനിമയിൽ അഭിനയിക്കണം എന്ന ആഗ്രഹവുമായി അബുദാബിയിൽ നിന്നും പുറപ്പെടുമ്പോൾ ഞാൻ ഒരിക്കലും കരുതിയില്ല അത് ഇത് പോലെ ഒരു ചലഞ്ചിംഗ് റോൾ ചെയ്യുന്നതിനായുള്ള യാത്രയായിരിക്കുമെന്ന്. ആദ്യമായി ഡബിൾ റോൾ ആണ് ഞാൻ ചെയ്യുന്നത് എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. രണ്ട് വ്യത്യസ്ത ഭാവങ്ങളും പെരുമാറ്റങ്ങളും മാനസിക നിലയുമുള്ള രണ്ട് കഥാപാത്രങ്ങൾ. ആദ്യം നവ്യ എന്ന കഥാപാത്രത്തെപ്പറ്റി മാത്രമേ എനിക്ക് അറിവുണ്ടായിരുന്നുള്ളൂ. പിന്നീടാണ് നയന എന്ന കഥാപാത്രത്തെപ്പറ്റി കൂടി പറയുന്നത്. തുടക്കകാരി എന്ന നിലക്ക് ഒരേ സമയം വെല്ലുവിളിയും അവസരവുമായിരുന്നു ആ കഥാപാത്രം,. എന്നിരുന്നാലും സെറ്റിൽ എല്ലാവരും നൽകിയ പൂർണ പിന്തുണയുടെ മികവിൽ എനിക്ക് നന്നായി അഭിനയിക്കാൻ കഴിഞ്ഞു. കഥാപാത്രത്തിന്റെ ഓരോ ഭാവചലനങ്ങളും ഡയറക്റ്റേഴ്സ് കൃത്യമായി പഠിപ്പിച്ചു തരുമായിരുന്നു.
സെറ്റ് സ്വന്തം വീട് പോലെ
കിടു സെറ്റ് ആയിരുന്നു ഫോറൻസിക് സിനിമയുടേത്. ഒരുപാട് വർത്തമാനം പറയുന്ന കുട്ടിയാണ് ഞാൻ. എന്നാൽ എന്റെ കഥാപാത്രം നേരെ തിരിച്ചുള്ളതും ആയിരുന്നു. ഷൂട്ടിംഗ് സമയത്തെല്ലാം കഥാപാത്രത്തിലേക്ക് പൂർണമായി മനസ് അർപ്പിക്കുന്നതിനായി സൈലന്റ് ആയി ഇരിക്കും. കാരണം ഒരു സൈക്കോ കുട്ടിയെ അവതരിപ്പിക്കുക അത്ര എളുപ്പമായിരുന്നില്ല. അല്ലാത്തപ്പോൾ മമത ചേച്ചിയും ടോവി ചേട്ടനും ഒക്കെയായി വലിയ കമ്പനി ആയിരുന്നു. സെറ്റിൽ ആകെ കളിയും ചിരിയും ബഹളവും ആണ്. ഒരിക്കലും വലിയൊരു സിനിമയുടെ ഭാഗമാകുകയാണ് എന്നതിന്റെ ടെൻഷനൊന്നും ഇല്ലായിരുന്നു. ഒരു ബങ്കറിന്റെ ഉള്ളിൽ വച്ച് മമത ചേച്ചിയുമായുള്ള ഒരു സീൻ ഉണ്ടായിരുന്നു. അത് കഴിഞ്ഞപ്പോൾ ചേച്ചി എന്നെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചത് മറക്കാനാവില്ല.
മുടി മുറിച്ച വിഷമവും സെറ്റിലെ ഓർമയും
എനിക്ക് ഓഡിഷന് പോകുമ്പോൾ നീണ്ടു വളർന്ന തലമുടി ആയിരുന്നു. അതും എന്റെ 'അമ്മ വളരെ കരുതലോടെ ഉലുവയും എണ്ണയും എല്ലാം തേച്ചു പരിപാലിച്ച തലമുടി ആയിരുന്നു. അര വരെ വളർന്നു നിന്നിരുന്ന മുടി കഥാപാത്രത്തിന് വേണ്ടി മുറിക്കണം എന്ന് പറഞ്ഞപ്പോൾ എനിക്കും അമ്മയ്ക്കും വളരെ വിഷമമായി. നീളമുള്ള മുടി കാരണം കഥാപാത്രത്തിന് പക്വത കൂടുതൽ തോന്നും എന്നതായിരുന്നു കാരണം. ആദ്യം വിഗ് വച്ച് നോക്കി. അത് ശരിയാകാതെ വന്നപ്പോൾ കഥാപാത്രത്തിന്റെ പൂർണതയ്ക്കായി മുടി മുറിച്ചു. എന്നാൽ തീയറ്ററുകളിൽ കഥാപാത്രത്തിന് ലഭിച്ച സ്വീകരണം കണ്ടപ്പോൾ തോന്നി മുടി മുറിച്ചത് നല്ല തീരുമാനമായിരുന്നു എന്ന്. അതോടെ ആ വിഷമം മാറി.
അരുണംശു ദേവ് എന്റെ ബെസ്റ്റ് ഫ്രണ്ട്
ഫോറൻസിക്കിനിടക്ക് എനിക്ക് ലഭിച്ച നല്ലൊരു ഫ്രണ്ട് ആണ് അരുണംശു ദേവ്. ഞങ്ങൾ നല്ല കൂട്ടായിരുന്നു. ഒരുമിച്ചു വർത്തമാനം പറഞ്ഞിരിക്കുക, പുറത്ത് പോയി ഫുഡ് കഴിക്കുക, സിപ്പപ്പ് വാങ്ങുക അങ്ങനെ നല്ല കുറെ ഓർമ്മകൾ ഞങ്ങൾക്കുണ്ട്. അതുകൊണ്ട് തന്നെ സിനിമ കഴിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നതും അവന്റെ സൗഹൃദമാണ്.
ഞാൻ ഒരു പാലക്കാട്ടുകാരി
നാട്ടിൽ പാലക്കാട് കുമരനെല്ലൂർ ആണ് എന്റെ സ്വദേശം . അച്ഛനും അമ്മയും അബുദാബിയിൽ എത്തിയിട്ട് വർഷങ്ങളായി. അച്ഛൻ ഇവിടെ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു.'അമ്മ ഒരു ജർമൻ കമ്പനിയിലാണ് ജോലി ചെയ്യുന്നത്.അബുദാബിയിൽ ഇപ്പോൾ എട്ടാം ക്ലാസിലാണ് ഞാൻ പഠിക്കുന്നത്. ഷൂട്ടിംഗിന്റെ ഭാഗമായി കുറെ നാൾ നാട്ടിൽ നിൽക്കാൻ കഴിഞ്ഞു എന്നത് ഒരു സന്തോഷമാണ്. ഇപ്പോഴും ഞാൻ എന്റെ നാട് വല്ലാതെ മിസ് ചെയ്യാറുണ്ട്.
ലോക്ഡൗണിൽ ലോക്കായി
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ളത് പോലെ തന്നെ അബുദാബിയിലും കൊറോണക്കാലം വ്യത്യസ്തമല്ല. ഇത് വരെ കംപ്ലീറ്റ് ലോക്ഡൗൺ ആയിരുന്നു. ഇപ്പോൾ സ്ഥിതിഗതികൾ മാറി വരുന്നുണ്ട്. എന്നിരുന്നാലും മാളുകൾ, പാർക്കുകൾ എന്നിവ അടച്ചു തന്നെ കിടക്കുകയാണ്. എനിക്ക് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. അപ്പോൾ അതിന്റെതായ തിരക്കുകൾ ഉണ്ട്. രാവിലെ 8 മണി മുതൽ 12 മണി വരെ ഓൺലൈൻ ക്ലാസുകൾ നടക്കാറുണ്ട്. അതിനു ശേഷം ക്ലാസിക്കൽ ക്ലാസുകൾ , നൃത്തപഠനം എന്നിവ ഉണ്ടാകും. ബാക്കി സമയങ്ങളിൽ എഴുത്തും വായനയും ഒക്കെ തന്നെ.
ഡാൻസ് എന്റെ പാഷൻ
ഡാൻസ് എനിക്ക് വലിയൊരു പാഷൻ ആണ്. 4 വയസ്സ് മുതൽ ഡാൻസ് പഠിക്കുന്നുണ്ട്. ക്ലാസിക്കൽ ഡാൻസ് ആണ് പഠിക്കുന്നത്. ഇപ്പോൾ കുച്ചിപ്പുടിയിൽ ആണ് കൂടുതൽ ശ്രദ്ധിക്കുന്നത്. എന്നു കരുതി ഞാൻ ക്ലാസിക്കൽ ഡാൻസ് മാത്രമല്ല ചെയ്യുന്നത്, എനിക്ക് വെസ്റ്റേൺ , ഹിപ്ഹോപ് എല്ലാം വളരെ ഇഷ്ടമാണ്. ഇവിടെ നടക്കുന്ന എല്ലാ ഡാൻസ് മത്സരങ്ങളിലും പങ്കെടുക്കാറുണ്ട്. നൃത്തം പോലെ തന്നെ എനിക്ക് താല്പര്യമുള്ള മറ്റൊരു മേഖലയാണ് മോഡലിംഗ്. മോഡലിംഗ് ഷോകളുടെ ഭാഗമാവുകയും ടൈറ്റിലുകൾ നേടുകയും ചെയ്യാറുണ്ട്.
അച്ഛനും അമ്മയുമാണ് ഏറ്റവും വലിയ പിന്തുണ
ഒറ്റക്കുട്ടിയായത് കൊണ്ട് തന്നെ അച്ഛനമ്മമാർ എനിക്ക് നല്ല സുഹൃത്തുക്കൾ കൂടിയാണ്. എന്റെ എല്ലാവിധ ടാലന്റുകളും പുറത്തെടുക്കുന്നതിനും അതിൽ മികവ് കാണിക്കുന്നതിനും സഹായിക്കുന്നത് അച്ഛനമ്മമാർ നൽകുന്ന പ്രോത്സാഹനമാണ്. സിനിമയിൽ അവസരം ലഭിച്ചപ്പോൾ ലീവ് എടുത്താണ് അച്ഛനും അമ്മയും എന്റെ കൂടെ വന്നത്. എന്റെ ഒരു സ്വപ്നങ്ങൾക്ക് എന്നും പൂർണ പിന്തുണ നൽകുന്നവരാണ് അവർ. അതാണ് എന്റെ ഏറ്റവും വലിയ നേട്ടവും.
എനിക്ക് സിവിൽ സർവെൻറ് ആകണം
ഭാവിയെപ്പറ്റി ചോദിക്കുമ്പോൾ എല്ലാവരും ചോദിക്കും സിനിമ നടി ആകാനാണോ ആഗ്രഹമെന്ന്. നല്ല റോളുകൾ കിട്ടിയാൽ ചെയ്യും. എന്നാൽ എന്റെ ആഗ്രഹം ഒരു സിവിൽ സർവെൻറ് ആകണം എന്നാണ്. 'അമ്മ ഇപ്പോഴും പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയാറുണ്ട്. അങ്ങെ മനസ്സിൽ കയറിപ്പറ്റിയ ആഗ്രഹമാണ്. അതിനാൽ പഠനത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള കാര്യങ്ങൾ ചെയ്യാനാണ് ആഗ്രഹിക്കുന്നത്.