പരിഹാസങ്ങളെ അതിജീവിച്ച ബാല്യം, പത്താം വയസ്സിൽ പ്രോഗ്രാമർ ; ഇലോൺ മസ്‌ക്കിന്റെ ജീവിതം
Mail This Article
ബഹിരാകാശത്തേക്ക് ഒരു ട്രിപ്പ് പോയാലോ?എല്ലാം കണ്ടും കേട്ടും അറിഞ്ഞും ഭൂമിയിലേക്ക് തിരികെയെത്താം. ഇങ്ങനെയൊരു ആഗ്രഹം കൂട്ടുകാർക്ക് തോന്നിയിട്ടുണ്ടോ? സാധാരണ ആരും ചിന്തിക്കുക പോലും ചെയ്യാതിരുന്ന ഈ കാര്യം സ്വപ്‌നം കണ്ട് ആ സ്വപ്‌നം യഥാർഥ്യമാക്കിയ ഒരാളുണ്ട് ഇലോൺ മസ്ക്ക്. ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായി തെരഞ്ഞെടുക്കപ്പെട്ട, ബിസിനസുകാരനും എഞ്ചിനീയറും ഒക്കെയാണ് ഇലോൺ മസ്ക്ക്. ലോകത്തെ ആദ്യ സ്വകാര്യ ബഹിരാകാശ ഏജൻസിയായ സ്‌പേസ് എക്‌സിന്റെയും ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്‌ല മോട്ടോഴ്‌സിന്റെയും സ്ഥാപകൻ കൂടിയാണ് ഇലോൺ മസ്ക്ക്. ജീനിയസ് സംരംഭകന്‍, ഇതിഹാസ സംരംഭകന്‍, ഫ്യൂച്ചറിസ്റ്റിക് സംരംഭകന്‍....മസ്‌ക്കിന് വിശേഷണങ്ങള്‍ ഏറെയാണ്. എന്നാല്‍ ഇത്രയും വലിയ ശാസ്ത്ര സംരംഭകനായി മസ്‌ക്ക് വളര്‍ന്നതിന് പിന്നില്‍ അദ്ദേഹത്തിന്റെ കുട്ടിക്കാലമാണ്. മസ്‌ക്കിന്റെ മാത്രമല്ല, മസ്‌ക്കിനോളം കഴിവുള്ള കിമ്പല്‍ എന്ന സഹോദരന്റെയും ടോസ്‌ക്ക എന്ന സഹോദരിയുടെയും കുട്ടിക്കാലം.
പരിഹാസങ്ങളെ അതിജീവിച്ച ബാല്യം
1971 ജൂൺ ന് ദക്ഷിണാഫ്രിക്കയിലെ പ്രട്ടോറിക്കയിലാണ് മസ്ക്ക് ജനിച്ചത്. ദക്ഷിണാഫ്രിക്കൻ പൗരനും എഞ്ചിനീയറുമായ എറോൾ മസ്ക്ക് ആയിരുന്നു പിതാവ്. കനേഡിയൻ വംശജയായിരുന്ന അമ്മ മായേ മസ്ക്ക് മോഡലും ഡയറ്റീഷ്യനുമായിരുന്നു. കിംബൽ, ടോസ്ക എന്നീ സഹോദരങ്ങളും മസ്‌ക്കിനുണ്ട്. ഇലോൺ മസ്‌ക്കിന്റെ ബാല്യം അത്ര സുഖകരമായിരുന്നില്ല. മസ്ക്ക് ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നെ അച്ഛനും അമ്മയും വേർപിരിഞ്ഞു.
മറ്റ് കുട്ടികളിൽ നിന്നും തികച്ചും വ്യത്യസ്‌തനായിരുന്നു മസ്ക്ക്. അന്തർമുഖനായ കുട്ടിയായിരുന്നു ഇലോൺ. പലപ്പോഴും ദിവാസ്വപ്‌നങ്ങളിൽ മുഴുകിയിരുന്ന മസ്‌ക്കിനെ മറ്റ് കുട്ടികൾ പരിഹസിക്കുമായിരുന്നു. കുട്ടികൾ തള്ളിയിടുകയും ഒരിക്കൽ വളരെ ക്രൂരമായി അടിച്ച് പരിക്കേൽപ്പിക്കുകയും ഒടുവിൽ ആശുപത്രിയിലെത്തിക്കേണ്ടി വരുകയും ചെയ്‌തു. മസ്‌ക്കിന്റെ അച്ഛൻ കുട്ടികളെ ഉപദ്രവിക്കുമായിരുന്നു. നാലു മണിക്കൂറൊക്കെ നിശബ്ദരായി ഒരിടത്തിരുത്തുകയും ശാസിക്കുകയും ഒക്കെ ചെയ്യുമായിരുന്നു.
ഇന്ന് ലോകത്തെ ഏറ്റവും പ്രശസ്തനും ഇന്നൊവേറ്റിവുമായ ശാസ്ത്രസംരംഭകനാണ് മസ്‌ക്ക്. സഹോദരന്‍ കിംബല്‍ പ്രശസ്തനായ ടെക്, ഫുഡ് എന്‍ട്രപ്രണറും. ടോസ്‌ക്ക അസ്സല്‍ സംവിധായകയും. മസ്‌ക്കിന് പകരം വെയ്ക്കാന്‍ പോലും ലോകത്ത് ഇന്നാരുമില്ല. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ മായെ പിന്നീട് മൂന്ന് മക്കളെ വളര്‍ത്താനുള്ള പോരാട്ടമായിരുന്നു. ഏറ്റവും നല്ല അമ്മയായിരുന്നു താനെന്ന് മായെ പറയുന്നു.
പൂര്‍ണമായും സ്വന്തം കാലില്‍ നിന്ന് വളരാന്‍, അവര്‍ ജീവിതത്തില്‍ ആരാകണം എന്ന് തീരുമാനിക്കാന്‍, പുതിയ പുതിയ കാര്യങ്ങള്‍ കണ്ടെത്തുന്നതിന് മായെ അവരെ പ്രാപ്തരാക്കി. ഒരു സിംഗിള്‍ മദറായ അവര്‍ മക്കള്‍ക്ക് ആവോളം പ്രോത്സാഹനം നല്‍കി. ഒരിക്കലും അവരെ ഒന്നിൽ നിന്നും തടഞ്ഞില്ല. മോഡലായും ഡയറ്റീഷനായും തിളങ്ങിയ അമ്മയില്‍ നിന്നാണ് മക്കള്‍ മൂന്ന് പേരും സ്വാശ്രയത്വഭാവവും വര്‍ക്ക് എത്തിക്‌സും പഠിച്ചത്. ബിസിയായ അമ്മയെ ബുദ്ധി മുട്ടിക്കാതെ സ്വന്തം അവസരങ്ങള്‍ എങ്ങനെ കണ്ടെത്തണമെന്ന് അവര്‍ മൂന്ന് പേരും പഠിച്ചു.
പത്താം വയസ്സിൽ പ്രോഗ്രാമർ
ഒരു പുസ്തകപ്പുഴുവായിരുന്നു മസ്ക്ക്. ഒൻപതു വയസ്സുള്ളപ്പോൾ തന്നെ ദിവസം പത്തു പന്ത്രണ്ടു മണിക്കൂർ പുസ്‌തകം വായിക്കുമായിരുന്നു. കംപ്യൂട്ടറും സയൻസ് ഫിക്ഷനും ആയിരുന്നു ഇഷ്ട വിഷയങ്ങൾ. പത്താം വയസിൽ കംപ്യൂട്ടർ പ്രോഗ്രാമിങ്ങ് പഠിച്ചെടുത്തു. 12 ആം വയസിൽ ബ്ലാസ്‌റ്റേഴ്‌സ് എന്ന കംപ്യൂട്ടർ ഗെയിം വികസിപ്പിച്ചു. ഇത് അഞ്ഞൂറു ഡോളറിന് ഒരു പ്രാദേശിക മാഗസിനു വിറ്റു. ഇതായിരുന്നു മസ്‌ക്കിന്റെ ആദ്യത്തെ വ്യാപാര ഇടപാട്.
സൗത്ത് ആഫ്രിക്ക വിടുന്നു.
സൗത്ത് ആഫ്രിക്കയിലെ നിർബന്ധിത സൈനിക സേവനം ഒഴിവാക്കാനായി മസ്ക്ക് കാനഡയിലേക്ക് ചേക്കേറി. 1988 ൽ തന്റെ പതിനേഴാം വയസിൽ കാനഡയിലെ ക്വീൻസ് സർവകലാശാലയിൽ ഉപരിപഠനത്തിനു ചേർന്നു. തുടർന്ന് അമേരിക്കയിലെ പെൻസിൽവാനിയ സർവകലാശാലയിൽ നിന്ന് ഭൗതിക ശാസ്ത്രത്തിലും ധനതത്വശാസ്ത്രത്തിലും ബിരുദം നേടി. 1995 ൽ സ്റ്റാൻഫോർഡ് സർവകലാശാലയിൽ അപ്ലൈഡ് ഫിസിക്‌സ് ആൻഡ് മെറ്റീരിയൽ സയൻസിൽ ഗവേഷണത്തിനു ചേർന്നെങ്കിലും രണ്ടു ദിവസം കഴിഞ്ഞപ്പോൾ പഠനം അവസാനിപ്പിച്ച് ബിസിനസിലേക്കു തിരിഞ്ഞു. സ്വപ്‌നങ്ങളെ പിന്തുടർന്ന് 1995 ൽ സഹോദരനുമായി ചേർന്ന് മസ്ക്ക് സിപ്പ് 2 എന്ന പേരിൽ ഒരു സോഫ്റ്റ് വെയർ കമ്പനി തുടങ്ങി. 1999 ൽ ഇത് 307 മില്യൺ ഡോളറിനു വിറ്റു. ഈ പണമുപയോഗിച്ച് എക്‌സ് ഡോട്ട് കോം എന്ന പേരിൽ ഓൺലൈൻ ബാങ്ക് തുടങ്ങി. പിന്നീടത് പേ പാൽ (Pay Pal ) എന്നറിയപ്പെട്ടു.
ബഹിരാകാശയാത്രയ്ക്കുള്ള വാഹനങ്ങൾ നിർമിക്കുക എന്ന ലക്ഷ്യത്തോടെ 2002 ൽ സ്പേസ് എക്‌സ് എന്ന കമ്പനി സ്ഥാപിച്ചു. 2012 ൽ ഫാൽക്കൺ 9 റോക്കറ്റ് ലോഞ്ച് ചെയ്യുക വഴി, മനുഷ്യനില്ലാതെ ബഹിരാകാശ നിലയത്തിലേക്ക് വാഹനത്തിൽ സാധനങ്ങൾ എത്തിക്കുക എന്ന ചരിത്ര ദൗത്യം മസ്ക്ക് നിറവേറ്റി. ഡ്രൈവറില്ലാതെ ഓടുന്ന ഇലക്ട്രിക് കാറുകളാണ് ടെസ്‌ല മോട്ടേഴ്‌സിലൂടെ മസ്ക്ക് സാധ്യമാക്കിയത്.
അന്തർമുഖനായ, കൂട്ടുകാരുടെ പരിഹാസമേൽക്കേണ്ടി വന്ന കുട്ടിയിൽ നിന്ന് ലോകത്തിലെ അറിയപ്പെടുന്ന കോടീശ്വരൻ എന്ന പദവിയിലേക്ക് എത്തിയ ഇലോൺ മസ്‌ക്കിന്റെ ജീവിതം, ദീർഘവീക്ഷണത്തിന്റെയും കഠിനാധ്വാനത്തിന്റെയും, തന്റെ സ്വപ്‌നങ്ങളെ പിന്തുടർന്ന ഒരു വ്യക്തിയുടെയും വിജയമാണ്. ഭാവിയിൽ മനുഷ്യർക്ക് താമസിക്കാൻ ചൊവ്വാ ഗ്രഹത്തിൽ കോളനികൾ സ്ഥാപിക്കാൻ ആയേക്കും എന്നാണ് മസ്ക്ക് വിശ്വസിക്കുന്നത്. തന്റെ ആ സ്വപ്നത്തിലേക്ക് നടന്നടുക്കാനുള്ള ചുവടു വയ്‌പുകളും മസ്ക്ക് തുടങ്ങിക്കഴിഞ്ഞു.
പുതിയ ഭ്രമണ പഥങ്ങളിലേക്ക് യാത്ര തുടരാൻ ഇലോൺ മസ്‌ക്കിന്റെ ജീവിതം എല്ലാ കൂട്ടുകാർക്കും പ്രചോദനമാകട്ടെ. സ്വപ്‌നങ്ങൾ, കാണാൻ മാത്രമല്ല യാഥാർഥ്യമാക്കാനുള്ളതും കൂടിയാണെന്ന് മസ്ക്ക് നമുക്ക് കാട്ടിത്തരുന്നു.
English summary : Success Story - Elon Musk childhood story and early life