റോഡിലൂടെ എസ്‌യുവി ഓടിച്ച് എട്ട് വയസ്സുകാരൻ; വിമർശനവുമായി സോഷ്യൽ ലോകം– വൈറൽ വിഡിയോ
Mail This Article
പാക്കിസ്ഥാനിലെ റോഡിലൂടെ ടൊയോട്ട ഫോർച്യൂണർ ഓടിക്കുന്ന എട്ട് വയസ്സുകാരന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇന്ത്യയെപ്പോലെ, പാകിസ്ഥാനിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് ഒരാൾക്ക് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണം. നിയമങ്ങൾ വ്യക്തമായി ലംഘിച്ചുകൊണ്ട് പാകിസ്ഥാനിലെ സിയാൽകോട്ടിൽ നിന്നുള്ള അയാൻ എന്ന കുട്ടി ടൊയോട്ട ഫോർച്യൂണർ എസ്‌യുവി റോഡിൽ ഓടിക്കുന്ന വിഡിയോയാണ് വിമർശനങ്ങൾ നേരിടുന്നത്.
ടൊയോട്ട ഫോർച്യൂണറിന് മുന്നിൽ തന്റെ 10 വയസ്സുള്ള മൂത്ത സഹോദരിയോടൊപ്പം അയാനെ കാണിച്ചുകൊണ്ടാണ് വിഡിയോ ആരംഭിക്കുന്നത്. പിന്നീട് ഡ്രൈവിങ്ങിലെ തന്റെ വൈദഗ്ധ്യം പ്രകടിപ്പിച്ചുകൊണ്ട് അയാൻ വാഹനങ്ങൾ കടന്നുപോകുന്ന റോഡിലൂടെ എസ്‌യുവി ഓടിക്കുന്നത് കാണാം. ഉയരം കുറവായതിനാൽ സീറ്റിന്റെ അരികിലിരുന്നാണ് കുട്ടി വണ്ടി ഓടിക്കുന്നത്. സീറ്റ് ബെൽറ്റും ധരിച്ചിട്ടില്ല. ആത്മവിശ്വാസത്തോടെയാണ് കാർ കൈകാര്യം ചെയ്യുന്നത്. തനിക്ക് എട്ട് വയസ്സാണെന്നും ആറ് വയസു മുതൽ വണ്ടി ഓടിക്കാൻ അറിയാമെന്നും അയാൻ പറയുന്നു.
അയാൻ ആൻഡ് അരീബാ ഷോ എന്ന യുട്യൂബ് ചാനലിൽ ഏപ്രിൽ 1 നാണ് വിഡിയോ പങ്കുവച്ചിരിയ്ക്കുന്നത്, ‘എട്ട് വയസ്സുള്ള ഒരു കുട്ടിക്ക് എങ്ങനെ ടൊയോട്ട ഫോർച്യൂണർ ഓടിക്കാൻ കഴിയുമെന്ന് കാണിച്ചുതരാം. അയൻ വാഹനമോടിക്കുന്നത് കണ്ടവരെല്ലാം ഞെട്ടി, വിഡിയോ വൈറലായി’ എന്ന കുറിപ്പോടെയാണ് ഈ വിഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. അയാന്റെ ഡ്രൈവിങ്ങിലെ തന്റെ വൈദഗ്ധ്യത്തെ പലരും അഭിന്ദിച്ചെങ്കിലും ഇത്ര ചെറിയ കുട്ടിയെക്കൊണ്ട് വാഹനമോടിപ്പിക്കുന്നത് ശരിയല്ലെന്നും കമന്റുകൾ വിഡിയോയ്ക്ക് വരുന്നുണ്ട്.
English Summary : Eight year old boy driving Toyota Fortuner in Pakistan road - Video