ADVERTISEMENT

പ്രീഷ ചക്രവർത്തിക്ക് ഒൻപതു വയസാണു പ്രായം. എന്നാൽ അഭിമാനകരമായ ഒരു നേട്ടം കരസ്ഥമാക്കിയിരിക്കുകയാണ് ഈ കുരുന്ന്. ജോൺസ് ഹോപ്കി‍ൻസ് സെന്റർ ഫോർ ടാലന്റഡ് യൂത്ത് എന്ന സംഘടന ചിട്ടപ്പെടുത്തിയ ലോകത്തെ ഏറ്റവും മികവുറ്റ വിദ്യാർഥികളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുകയാണ് പ്രീഷ. 90 രാജ്യങ്ങളിൽ നിന്നായി ഏകദേശം 16000 വിദ്യാർഥികളിൽ നടത്തി പരീക്ഷയുടെ ഫലം അടിസ്ഥാനപ്പെടുത്തിയാണ് ഈ തിരഞ്ഞെടുപ്പ്. ഇന്ത്യൻ വംശജരായ വിദ്യാർഥികൾ അമേരിക്കയിൽ പ്രകടിപ്പിക്കുന്ന ഉന്നത വിദ്യാഭ്യാസ നിലവാരത്തിന്റെ നേർസാക്ഷ്യമായി പ്രീഷയുടെ നേട്ടം. സ്ക്രിപ്സ് നാഷനൽ സ്പെല്ലിങ് ബീ തുടങ്ങിയ മത്സരങ്ങളിൽ ഇന്ത്യൻ വിദ്യാർഥികൾ കാലങ്ങളായി നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.

കലിഫോർണിയയിലെ വാം സ്പ്രിങ് എലമെന്ററി സ്കൂൾ വിദ്യാർഥിയാണ് പ്രീഷ. ജോൺ ഹോപ്കിൻസ് സെന്റർ ഫോർ ടാലന്റഡ് യൂത്ത് പരീക്ഷ 2023ൽ മൂന്നാംക്ലാസ് വിദ്യാർഥിയായിരിക്കെയാണ് പ്രീഷ എഴുതിയത്. സ്കോളാസ്റ്റിക് അസസ്മെന്റ് ടെസ്റ്റ്, അമേരിക്കൻ കോളജ് ടെസ്റ്റിങ്, സ്കൂൾ ആൻഡ് കോളജ് എബിലിറ്റി ടെസ്റ്റ് തുടങ്ങിയ വിവിധ അസസ്മെന്റുകളിൽ പ്രീഷ കഴിവു തെളിയിച്ചു. എഴുതുന്നവരിൽ 30 ശതമാനത്തിൽ താഴെ മാത്രം വിജയിക്കുന്നതാണ് ഈ പരീക്ഷകൾ. ടെസ്റ്റിന്റെ വെർബൽ ക്വാണ്ടിറ്റേറ്റീവ് ഘട്ടങ്ങളിൽ ഉയർന്ന സ്കോർ പ്രീഷ നേടി. ഗ്രാൻഡ് ഓണേഴ്സ് ബഹുമതിയും കരസ്ഥമാക്കി. ജോൺസ് ഹോപ്കി‍ൻസ് സെന്റർ ഫോർ ടാലന്റഡ് യൂത്തിന്റെ 250ൽ ഏറെ ഓൺലൈൻ, ഓഫ്ലൈൻ പ്രോഗ്രാമുകളിൽ പങ്കെടുക്കാൻ ഇതോടെ പ്രീഷ യോഗ്യത നേടി. മാത്സ്, കംപ്യൂട്ടർ പ്രോഗ്രാമിങ്, കെമിസ്ട്രി, ഫിസിക്സ്, റീഡിങ്, റൈറ്റിങ് എന്നിവയടങ്ങിയാണ് ഈ പ്രോഗ്രാമുകൾ. ലോകത്തെ അതിബുദ്ധിമാൻമാരുടെ കൂട്ടായ്മയായ മെൻസ ഫൗണ്ടേഷനിൽ അംഗമാണ് പ്രീഷ

ലോകത്തിലെ ഏറ്റവും ബൃഹത്തായതും പഴക്കമുള്ളതുമായ ഉന്നത ബൗദ്ധികശേഷി കൂട്ടായ്മയാണു മെൻസ. ഒന്നരലക്ഷത്തോളം അംഗങ്ങൾ ഇതിലുണ്ട്. 1946ൽ റോളണ്ട് ബെറിൽ, ലാൻസലോട്ട് വേർ എന്നീ വ്യക്തികളാണു ബ്രിട്ടനിൽ മെൻസ സ്ഥാപിച്ചത്.ബ്രിട്ടനിലെ ലിങ്കൻഷറിലാണ് ഇതിന്റെ ആസ്ഥാനം. മെൻസ ഇന്റർനാഷനൽ എന്ന ആഗോള സംഘടനയും വിവിധ രാജ്യങ്ങളിൽ ദേശീയ സംഘടനകളും മെൻസയ്ക്കുണ്ട്.

മെൻസയിൽ അംഗങ്ങളാകാൻ ബൗദ്ധികശേഷി തെളിയിക്കണം. ഇതിനു സംഘടന നടത്തുന്ന പരീക്ഷ എഴുതണം. മെൻസ നടത്തുന്ന വർക്‌ഷോപ്പുകളിലും മറ്റു പരിപാടികളിലും പങ്കെടുക്കാൻ അംഗങ്ങൾക്ക് സാധിക്കും. വെറും ആറുവയസ്സ് പ്രായമുള്ളപ്പോഴാണ് പ്രീഷ ഈ നേട്ടം നേടിയത്.

പഠനത്തിൽ മിടുക്കിയായ പ്രീഷയ്ക്ക് യാത്രകകൾ, ആയോധന കലകളിലെ പരിശീലനം എന്നിവയാണ് പാഠ്യേതര വിനോദങ്ങൾ. ജോൺസ് ഹോപ്കി‍ൻസ് സെന്റർ ഫോർ ടാലന്റഡ് യൂത്ത് 1979ൽ ആണ് സ്ഥാപിച്ചത്. നടാഷ പെരിയനായകം എന്ന ഇന്ത്യൻ വംശജയായ വിദ്യാ‍ർഥി നേരത്തെ 2 തവണ ഈ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു.

English Summary:

Preesha Chakraborty: The Indian-American Child Genius Making Waves Internationally

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com