ആദ്യം സമ്മാനപ്പൊതി പൊട്ടിച്ചു, പിന്നെ ട്രഷർ ഹണ്ട്; മഹി ബേബിക്ക് ദിവ്യ എസ് അയ്യർ ഒരുക്കിയ സമ്മാനം
Mail This Article
ഒരു വലിയ സമ്മാനപ്പൊതിയുമായി ഓടിയെത്തുന്ന മഹി ബേബിയെ ആണ് വിഡിയോയിൽ കാണാൻ കഴിയുന്നത്. സമ്മാനപ്പൊതിയിൽ നിറയെ മഹി ബേബിക്ക് വേണ്ടിയുള്ള പുസ്തകങ്ങൾ ആയിരുന്നു. എന്നാൽ, സമ്മാനപ്പൊതി തുറക്കാൻ അമ്മയുടെ സഹായം തേടുകയാണ് കുഞ്ഞു മഹി. ഒടുവിൽ സമ്മാനപ്പൊതി പൊട്ടിച്ച് പുറത്തെടുക്കുന്നത് ആകട്ടെ ഒന്നല്ല, രണ്ടല്ല. ആറു പുസ്തകങ്ങൾ.
മലയാളത്തിലെ എഴുത്തുകാരനായ അജോയ് കുമാർ എം എസിന്റെ 'അങ്ങനെ ഒരു മാമ്പഴക്കാലം', രവിക്കുട്ടചരിതം ഓട്ടക്കഥ, എന്റെ ഫേയിസ്ബുക്കാന്വേഷണ പരീക്ഷണങ്ങൾ, നാരങ്ങാമുട്ടായി, ജന്തുപുരാണം, കൽക്കണ്ടക്കനവുകൾ എന്നീ പുസ്തകങ്ങളാണ് മഹി ബേബിക്ക് സമ്മാനപ്പൊതിയിലൂടെ സമ്മാനമായി കിട്ടിയത്. 'അങ്ങനെ ഒരു മാമ്പഴക്കാലം' എന്ന ഓർമ്മക്കുറിപ്പിനു 2011-ലെ സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കുഞ്ഞു മഹി ബേബിയെ ബാലസാഹിത്യ കൃതികളിലൂടെ വായനയുടെ ലോകത്തിലേക്ക് കൈ പിടിച്ച് നടത്തുകയാണ് അമ്മയായ ദിവ്യ ഐ എ എസ്.
സമ്മാനപ്പൊതി പൊട്ടിച്ച് പുസ്തകങ്ങൾ പുറത്തെടുത്തതിനു ശേഷം മനോഹരമായാണ് ട്രഷർ ഹണ്ടും ഒരുക്കിയത്. വീടിനുള്ളിലെ ചെടിച്ചട്ടികളിലും സോഫയിലും ഒക്കെയായി ഒളിപ്പിച്ചു വെച്ച പുസ്തകങ്ങൾ വളരെ ആവേശത്തോടെയാണ് മഹി ബേബി കണ്ടെത്തുന്നത്. പുസ്തകങ്ങൾ കണ്ടെത്തുമ്പോൾ 'വെരി ഗുഡ്'പറഞ്ഞ് തന്നെ പ്രോത്സാഹിപ്പിക്കാനും മഹി ബേബി ആവശ്യപ്പെടുന്നുണ്ട്. പുസ്തകങ്ങൾ വായിച്ച് കമന്റ് പറയണമെന്ന് മഹി ബേബിയോട് കമന്റ് ബോക്സിൽ നിരവധി പേരാണ് ആവശ്യപ്പെടുന്നത്.
മൊബൈൽ ഫോണിന്റെ ലോകത്തിൽ കുട്ടികൾ മുഴുകുന്ന കാലത്ത് പുസ്തകങ്ങളുടെ ലോകത്തേക്ക് മഹി ബേബിയെ കൈപിടിച്ച് നടത്തുകയാണ് ദിവ്യ ഐ എ എസ്. വളരെ മനോഹരമായ രീതിയിലാണ് പുസ്തകങ്ങൾ കുഞ്ഞു മഹിയുടെ ലോകത്തേക്ക് എത്തിക്കുന്നതും. കോൺഗ്രസ് നേതാവ് ശബരിനാഥന്റെയും ദിവ്യ ഐ എ എസിന്റയും ഏകമകനായ മൽഹാർ എന്ന കുഞ്ഞു മഹിയുടെ വിശേഷങ്ങൾ ഇരുവരും ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. തിരക്കുള്ള ഔദ്യോഗിക ജീവിതത്തിന് ഇടയിലും മക്കൾക്കൊപ്പം എങ്ങനെ സമയം ചെലവഴിക്കാമെന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയാണ് ഇരുവരും.