ADVERTISEMENT

വിഖ്യാത രാജ്യാന്തര തല ഇംഗ്ലിഷ് സ്പെല്ലിങ് പരിശോധനാ മത്സരമായ സ്ക്രിപ്പ്സ് നാഷനൽ സ്പെല്ലിങ് ബീ കോണ്ടെസ്റ്റിൽ ഒന്നാം സ്ഥാനം വീണ്ടും ഇന്ത്യൻ വംശജനായ വിദ്യാർഥിക്ക്. ഫ്ലോറിഡയിൽ ഏഴാം ക്ലാസ് വിദ്യാർഥിയായ ബൃഹത്ത് സോമയാണ് മിന്നും വിജയം നേടിയത്. അരലക്ഷം യുഎസ് ഡോളറിലധികം പ്രൈസ്മണിയും മറ്റു നിരവധി സമ്മാനങ്ങളും ബൃഹത്തിന് ലഭിക്കും. ഫൈസാൻ സാക്കി എന്ന വിദ്യാർഥിയുമായി ഇഞ്ചോടിഞ്ച് ബൃഹത്ത് പൊരുതി നിന്നതോടെ മത്സരം ടൈബ്രേക്കറിലേക്ക് കടന്നു. തുടർന്നുള്ള ലൈറ്റ്നിങ് റൗണ്ടിൽ 90 സെക്കൻഡിൽ 29 വാക്കുകളുടെ സ്പെല്ലിങ് ബൃഹത്ത് പറഞ്ഞു. ഫൈസാന് 20 വാക്കുകൾ പറയാനേ സാധിച്ചുള്ളൂ. ആകെ 30 വാക്കുകളാണ് ചോദിച്ചത്. ബ്രൂവറ്റ്( brouette), ഹൈപ്പൊർക്കീം (hyporcheme),ബിസെല്ലിയം(bisellium), അശ്വഗന്ധ (ashwagandha) തുടങ്ങിയവ ബൃഹത്ത് പറഞ്ഞ വാക്കുകളിൽ ഉൾപ്പെടുന്നു.

ഇതോടെ 2022ൽ ഹരിണി ലോഗൻ എന്ന ഇന്ത്യൻ വംശജ സ്ഥാപിച്ച റെക്കോർഡ് ബൃഹത്ത് മറികടന്നു. 26 വാക്കുകൾ ചോദിച്ചതിൽ 22 വാക്കുകൾ പറഞ്ഞാണ് ഹരിണി അന്ന് ചാംപ്യനായത്. 12 വയസ്സുകാരനായ ബൃഹത്തിന് ഭഗവത് ഗീതയുടെ 80 ശതമാനവും കാണാപ്പാഠമാണെന്ന് രക്ഷകർത്താക്കൾ പറഞ്ഞു. മൂന്നാം തവണയാണ് മത്സരത്തിൽ ബൃഹത്ത് പങ്കെടുത്തത്. ഇത്തവണത്തെ സ്പെല്ലിങ് ബീ കോംപറ്റീഷനിലും ഇന്ത്യൻ വംശജരുടെ ആധിപത്യം പ്രകടമായിരുന്നു. 8 ഫൈനലിസ്റ്റുകളിൽ 5 പേരും ഇന്ത്യൻ വേരുകളുള്ളവരാണ്. മൂന്നാം സ്ഥാനം പങ്കിട്ട ഷ്രേ പരീഖും അനന്യ പ്രസന്നയും ഇതിൽ ഉൾപ്പെടും. കഴിഞ്ഞ വർഷം ഇന്ത്യൻ വംശജനായ ദേവ് ഷായാണ് വിജയിച്ചത്. അതിനു മുൻപ് ഹരിണി ലോഗനും. 1925 മുതലാണ് സ്പെല്ലിങ് ബീ മത്സരം തുടങ്ങിയത്. 1999 മുതൽ 29 ഇന്ത്യൻ വംശജർ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. 2020ൽ കോവിഡ് മൂലം മത്സരം നടന്നില്ല.

2021ലെ കോണ്ടെസ്റ്റിൽ ആഫ്രിക്കൻ അമേരിക്കൻ വംശജയും 14 കാരിയുമായ സെയ്‌ല അവാന്റ് ഗാർഡ് വിജയിച്ചു. ജഡ്ജസ് പറയുന്ന വാക്കുകളുടെ സ്പെല്ലിങ് മത്സരാർഥി ഉച്ചത്തിൽ വിളിച്ചുപറയേണ്ട മത്സരമാണു സ്പെൽബീ. സെയ്‌ലയ്ക്ക് മുൻപ് 12 വർഷമായി ഇന്ത്യൻ വംശജരായിരുന്ന വിദ്യാർഥികളാണു സ്പെൽ ബീയിൽ വിജയിച്ചിരുന്നത്. 1925ൽ ആണ് സ്ക്രിപ്പ്സ് നാഷനൽ സ്പെല്ലിങ് ബീ കോണ്ടെസ്റ്റ് തുടങ്ങിയത്. യുഎസിൽ വലിയ വാർത്താപ്രാധാന്യം ലഭിക്കുന്ന ഈ മത്സരത്തിന് അതിനാൽ തന്നെ ശക്തമായ മത്സരമുണ്ട്. കിന്റർഗാർട്ടൻ തലം മുതൽ തന്നെ ഇതിനായി പരിശീലിക്കുന്ന വിദ്യാർഥികളും അവരെ ഇതിനു പ്രോത്സാഹിപ്പിക്കുന്ന രക്ഷിതാക്കളുമുണ്ട്. നമ്മുടെ നാട്ടിൽ പിഎസ്‌സി നേടാനാഗ്രഹിക്കുന്നവരുടെ പോലെ ഈ മത്സരത്തിൽ പങ്കെടുക്കുന്നവരും കൂട്ടായ്മകളിലേർപ്പെട്ട് വാക്കുകൾ അങ്ങോട്ടുമിങ്ങോട്ടും ഷെയർ ചെയ്തു പഠിക്കാറുണ്ട്. 1999 മുതൽ 29 ഇന്ത്യൻ വംശജർ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട് 

English Summary:

Indian-Origin Brihat Soma Wins Scripps National Spelling Bee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com