ADVERTISEMENT

യുഎസിലെ കലിഫോർണിയയിൽ റോഡിൽ പെയ്തത് നോട്ടുമഴ. കഴിഞ്ഞ ദിവസം രാവിലെ മേഖലയിലെ സാൻ ഡീഗോയ്ക്കു സമീപം, ധനകാര്യ സ്ഥാപനത്തിലേക്കു നോട്ടുകെട്ടുകളുമായി പോയ കവചിത വാഹനം തകരാറിലായതിനെത്തുടർന്നാണ് ഇന്റർസ്റ്റേറ്റ് 5 എന്ന ഹൈവേയിൽ നോട്ടുകൾ പാറി വീണത്. 

 

ഹൈവേയിലൂടെ പോയ മറ്റു വാഹനങ്ങളിലെ യാത്രക്കാരിൽ ചിലർ തക്കം ശരിക്കും മുതലെടുക്കുകയും ചാടിയിറങ്ങി നോട്ടുകെട്ടുകൾ സ്വന്തം വാഹനങ്ങളിലാക്കി പോകുകയും ചെയ്തു. നോട്ടുകെട്ടുകൾ സർക്കാരിന്റേതാണെന്നും എത്രയും വേഗം തിരിച്ചുതരണമെന്നും അല്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിപ്പിറക്കിയിട്ടുണ്ട്. 

 

റോഡിലിറങ്ങിയ ശേഷം കൈ നിറയെ നോട്ടുകെട്ടുകളുമായി നിൽക്കുന്ന ഡ്രൈവർമാരുടെയും മറ്റുയാത്രികരുടെയും ചിത്രങ്ങളും വിഡിയോകളും ട്വിറ്ററുൾപ്പെടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. നോട്ടുകെട്ടുകൾ മുകളിലോട്ടിട്ടു പറത്തിക്കളിച്ചവരും ഇതിന്റെ വൈറൽ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചവരും കുറവല്ല. സംഭവത്തെ തുടർന്ന് 2 മണിക്കൂറോളം ഹൈവേ പൊലീസെത്തി അടച്ചിട്ടു.

 

രാവിലെ 9.15നായിരുന്നു സംഭവം. കവചിത വാഹനത്തിന്റെ ഒരു ഡോർ തകരാറിനെത്തുടർന്ന് പൊടുന്നനെ തുറന്നതും ഇതിലൂടെ നോട്ടുകെട്ടുകളടങ്ങിയ ബാഗുകൾ പുറത്തേക്കു വീണതുമാണു പ്രതിസന്ധി സൃഷ്ടിച്ചത്. ഒരു ഡോളറിന്റെയും 20 ഡോളറിന്റെയും നോട്ടുകളാണ് കൂടുതലും റോഡിൽ വീണതെന്ന് കലിഫോർണിയയിലെ തദ്ദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൈയിൽ കിട്ടിയ പണം പൊലീസ് അറിയിപ്പിനെത്തുടർന്ന് ഒട്ടേറെപ്പേർ മടക്കിക്കൊടുത്തിട്ടുണ്ട്. എന്നാ‍ൽ തിരികെ നൽകാൻ പൊലീസ് വിളിച്ച് ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാതെയിരുന്ന രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

 

സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ചിത്രങ്ങളും വിഡിയോകളും ശേഖരിച്ച പൊലീസുകാർ ഇതിൽ നിന്നു കണ്ടാലറിയാവുന്ന കുറേയേറെപ്പേരുടെ പട്ടികയുണ്ടാക്കിയിട്ടുണ്ട്. അമേരിക്കയിലെ ഫെഡറൽ അന്വേഷണ സംഘടനയായ എഫ്ബിഐയും അന്വേഷണത്തിൽ പങ്കുചേർന്നിട്ടുണ്ട്. ഈ പട്ടിക സസൂഷ്മം നിരീക്ഷിക്കുമെന്നും നോട്ടുകെട്ടുകൾ തിരികെ തരാത്ത വിരുതൻമാരെ പൊക്കുന്നതിൽ ഒരു ധാക്ഷിണ്യവും കാട്ടില്ലെന്നും പൊലീസ് പലതവണ മുന്നറിയിപ്പുമിറക്കിയിട്ടുണ്ട്.

 

Content Summary : Dollar Rain In California

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com