കനാലിന്റെ ഷട്ടർ അടച്ച് ലിവർ മോഷണം: വെള്ളത്തിലായി സമീപവാസികൾ
Mail This Article
ചാരുംമൂട്∙ നൂറനാട്ട് പ്രധാന കനാലിന്റെ ഷട്ടർ സാമൂഹിക വിരുദ്ധർ അർധരാത്രിയിൽ അടച്ച് ഷട്ടറിന്റെ ലിവർ മോഷ്ടിച്ചു കൊണ്ട് പോയി. കനാൽ കവിഞ്ഞ് നിരവധി വീടുകളിലും റോഡുകളിലും വെള്ളം കയറി. കായംകുളത്ത് നിന്ന് അഗ്നിശമന സേനാ യൂണിറ്റെത്തി ഷട്ടർ തുറന്നതിനാൽ വൻ ദുരന്തം ഒഴിവായി. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. തെന്മല ഡാമിൽ നിന്നും അടൂർ വഴി നൂറനാട്ടേക്കെത്തുന്ന പ്രധാന കനാലിന്റെ ഷട്ടറാണ് കഴിഞ്ഞ രാത്രിയിൽ സാമൂഹിക വിരുദ്ധർ താഴ്ത്തുകയും ഷട്ടർ ലോക്ക് ചെയ്ത് ലിവർ കൊണ്ടുപോവുകയും ചെയ്തത്.പുലർച്ച മുതൽ നൂറനാട് പണയിൽ പള്ളിക്കൽ ഭാഗങ്ങളിൽ നിന്നും ആളുകൾ വീടുകളിൽ കനാൽ വെള്ളം കയറുന്നതായി പരാതിയുമായി നൂറനാട് സ്റ്റേഷനിലെത്തി. തുടർന്ന് പൊലീസ് കെഐപി അധികൃതരെ വിവരം അറിയിച്ചു.
കെഐപി ചാരുംമൂട് എൻജിനീയർ സുകന്യയുടെ നേതൃത്വത്തിൽ കെഐപി അധികൃതർ എത്തിയെങ്കിലും ഷട്ടർ തുറക്കാൻ കഴിഞ്ഞില്ല. നൂറനാട്ടുള്ള പലചരക്ക് ഗോഡൗണിലേക്ക് വെള്ളം കയറി. ഇതോടൊപ്പം പ്രധാന കനാലിൽ വെള്ളം കെട്ടിനിന്ന് വിള്ളൽ സംഭവിച്ച് ദുരന്തമുണ്ടാകാതിരിക്കാൻ കായംകുളത്തുനിന്ന് അഗ്നിശമനസേനാ യൂണിറ്റിനെ വരുത്തി. മണിക്കൂറുകൾക്ക് ശേഷം ഷട്ടർ തുറക്കുവാൻ കഴിഞ്ഞു. പിന്നീട് സമീപത്തുള്ള വർക്ക് ഷോപ്പിൽ നിന്ന് ലിവർ നിർമിച്ചുകൊണ്ട് വന്ന് ഷട്ടർ പൂർണമായി തുറക്കുകയായിരുന്നു.
തെക്കേേക്കര പഞ്ചായത്തിലെ പള്ളിയാർവട്ടം പാടശേഖരത്തിലെ ഏക്കറുകളോളം നെൽകൃഷി കരിഞ്ഞു നശിക്കുന്നതിനെ തുടർന്ന് കൃഷിവകുപ്പ് മന്ത്രിയുടെ നിർദേശപ്രകാരം ഇന്നലെ തെന്മല ഡാമിൽ നിന്നും നിലവിലുള്ള വെള്ളത്തിന്റെ അളവ് വർധിപ്പിച്ചിരുന്നു. എന്നാൽ പള്ളിക്കൽ ഭാഗത്തേക്ക് തിങ്കളാഴ്ച മുതൽ വെള്ളം തിരിച്ചുവിടുമെന്ന് കെഐപി അധികൃതർ പറഞ്ഞിരുന്നു. വെള്ളം എത്താത്തതിനെ തുടർന്നാണ് സാമൂഹിക വിരുദ്ധർ വന്ന് ഷട്ടർ താഴ്ത്തിയത്. മുൻകാലങ്ങളിലും ഇതേ അനുഭവം ഈ ഭാഗത്ത് ഉണ്ടായിട്ടുണ്ട്. 2 വർഷം മുൻപ് ഷട്ടർ താഴ്ത്തിയതിനെ തുടർന്ന് നൂറുകണക്കിന് വീടുകളും ഏക്കറുകണക്കിന് കൃഷിയിടങ്ങളും വെള്ളത്തിലായിരുന്നു.
നിയമനടപടി സ്വീകരിക്കും
കെഐപിയുടെ പ്രധാന കനാലിന്റെ നൂറനാട്ടുള്ള ഷട്ടർ താഴ്ത്തിയ സാമൂഹിക വിരുദ്ധരെ കണ്ടു പിടിച്ച് നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെഐപി നൂറനാട് പൊലീസിൽ പരാതി നൽകി. ഇതിനെ തുടർന്ന് സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തുന്നതിന് വേണ്ടി സമീപത്തുള്ള നിരീക്ഷണ ക്യാമറകൾ പൊലീസ് പരിശോധിച്ച് വരികയാണ്. കുറ്റക്കാർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കുമെന്ന് നൂറനാട് സ്റ്റേഷൻ ഹൗസ് ഓഫിസർ വി. ബിജു പറഞ്ഞു.