ADVERTISEMENT

എംജി സർവകലാശാലാ കലോത്സവ വേദിയിൽ ഇന്നലെ അർധരാത്രി സുഹൃത്തുക്കൾക്കൊപ്പം ആറാം ജന്മദിനം ആഘോഷിച്ച ഷാനു ജെ. ജോൺസണ് പ്രായം 24! 1996 ഫെബ്രുവരി 29 ആണ് ഷാനുവിന്റെ ജനന തീയതി. അതുകൊണ്ടുതന്നെ പിറന്നാൾ ദിനോഘോഷം 4 വർഷം കൂടുമ്പോഴുള്ള ‘ലീപ്’ ഇയറുകൾക്കിടെ മാത്രം. എസ്ബി കോളജിൽ എംഎസ്‌സി കെമിസ്ട്രി വിദ്യാർഥിയായ ഷാനുവിന് സഹപാഠികളും ചങ്ങനാശേരി എൻഎസ്എസ് കോളജിലെ സുഹൃത്തുക്കളും ചേർന്ന് കലോത്സവ വേദിയായ അൽ അസ്ഹർ കോളജിൽ പിറന്നാൾ ആഘോഷം ഒരുക്കിയത്. പിറന്നാൾ മധുരത്തിനും ആഘോഷങ്ങൾക്കും ശേഷം രാത്രി തന്നെ പുന്നമടയിലെ പുത്തൻപുരയ്ക്കൽ വീട്ടിലേക്കു ഷാനു മടങ്ങി. ‘നാലു വർഷം കൂടുമ്പോൾ മാത്രം വിരുന്നെത്തുന്ന ജന്മദിനം വീട്ടുകാർക്കൊപ്പം തന്നെ അടിച്ചു പൊളിക്കണം’ എന്ന ഷാനുവിന്റെ കമന്റിലും കാര്യമില്ലാതില്ല. തൊടുപുഴ– ഇടുക്കി റോഡിലെ ജസ്റ്റ് ബേക്ക് പിറന്നാൾ കേക്ക് സമ്മാനിച്ചു. 

കലോത്സവത്തിൽ ഇന്നു നടക്കുന്ന മലയാളം കഥാരചനയിൽ ഷാനുവും മത്സരിക്കേണ്ടതായിരുന്നു. കോളജിൽനിന്നു ഒന്നാം സ്ഥാനം ലഭിച്ചെങ്കിലും മത്സരദിവസമായ ഇന്ന് മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിരുന്ന സർവകലാശാലാ പരീക്ഷ ഉണ്ടായിരുന്നതിനാൽ കലോത്സവത്തിനു പേരു റജിസ്റ്റർ ചെയ്തില്ല. പിന്നീടു സർവകലാശാല പരീക്ഷാത്തീയതി മാറ്റിവച്ചെങ്കിലും അതിനകം മത്സരത്തിനു പേരു നൽകാനുള്ള സമയം അവസാനിച്ചിരുന്നു. എന്നാൽ കലോത്സവ വേദിയിലുള്ള സുഹൃത്തുക്കൾ നിർബന്ധിച്ചതോടെ ഇല്ലാത്ത സമയമുണ്ടാക്കി വൈകുന്നേരത്തോടെ കലോത്സവ വേദിയിലെത്തി. 

ആലപ്പുഴ ടൈനി ടോട്ട്സ് സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുമ്പോൾ പ്രധാനാധ്യപകൻ അസംബ്ലിക്കു മുൻപാകെ വിളിച്ചു നിർത്തി ജന്മദിനാശംസ നേർന്നതായിരുന്നു ഇതിനു മുൻപുള്ള ഷാനുവിന്റെ അവിസ്മരണീയ ബെർത്ത് ഡേ ഓർമ. സർവകലാശാലാ ക്യാംപസിലെ കിടിലൻ ആഘോഷങ്ങൾക്കു മുന്നിൽ ഇനി അതൊക്കെ പഴങ്കഥ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com