പൊട്ടിച്ചിരിയുടെ സൂര്യ‘രശ്മി’
Mail This Article
കറ്റാനം ∙അധ്യാപനത്തിൽനിന്ന് അഭിനയത്തിലേക്കുള്ള തിരിച്ചുവരവിൽ നടി രശ്മി അനിലിന് സംസ്ഥാന ടെലിവിഷൻ അവാർഡിന്റെ തിളക്കവും. മികച്ച ഹാസ്യ നടിക്കുള്ള പ്രത്യേക ജൂറി പരാമർശമാണ് ഭരണിക്കാവ് സ്വദേശി രശ്മിക്കു ലഭിച്ചത്. 3ാം ക്ലാസിൽ മോണോ ആക്ടിലൂടെ കലാരംഗത്ത് അരങ്ങേറ്റം കുറിച്ച രശ്മി പിന്നീടു നാടകം എഴുതിയും അഭിനയിച്ചും സംവിധാനം ചെയ്തും സ്കൂൾ യുവജനോത്സവങ്ങളിൽ താരമായി.
എംഎസ്എം കോളജിൽ പ്രീഡിഗ്രിക്കും ഡിഗ്രിക്കും പഠിക്കുമ്പോൾ യൂണിവേഴ്സിറ്റി തലത്തിൽ സ്കിറ്റുകൾ അവതരിപ്പിച്ചു. കെപിഎസിയുടെ തമസ്സ്, തോപ്പിൽ ഭാസിയുടെ മുടിയനായ പുത്രൻ, അശ്വമേധം തുടങ്ങിയ നാടകങ്ങളിലും അഭിനയിച്ചു. ഇതിനിടെ ബിഎഡും പാസായി. 2006–ൽ വിവാഹശേഷം അഭിനയരംഗത്തു നിന്ന് അധ്യാപനത്തിലേക്കു വഴിമാറി. കൈക്കുഞ്ഞായിരുന്ന മകൻ ശബരീനാഥിന് സീരിയലിൽ അവസരം ലഭിച്ചത് രശ്മിക്ക് വീണ്ടും അഭിനയത്തിലേക്കു വഴിതുറന്നു.
ഭർത്താവ് ഭരണിക്കാവ് പള്ളിക്കൽ ചാങ്ങേത്തറയിൽ അനിൽ പൂർണപിന്തുണയേകി. ഇപ്പോൾ സ്കിറ്റുകളിൽ ഒഴിവാക്കാനാകാത്ത താരമാണ് രശ്മി. വസന്തത്തിന്റെ കനൽവഴികൾ, ലൈഫ് ഓഫ് ജോസൂട്ടി, തോപ്പിൽ ജോപ്പൻ, ഒരു മുറൈ വന്ത് പാർത്തായ, ഒരു യമണ്ടൻ പ്രേമകഥ, ബ്രദേഴ്സ് ഡേ തുടങ്ങി ഇരുപത്തിയഞ്ചോളം സിനിമകളിലും പത്തോളം സീരിയലുകളിലും നൂറിലധികം കോമഡി പ്രോഗ്രാമുകളിലും അഭിനയിച്ചു. പപ്പൻ നരിപ്പറ്റയുടെ ‘കരിങ്കണ്ണൻ’ സിനിമയിലെ കളിക്കുടുക്കയെന്ന കഥാപാത്രമാണ് രശ്മി ഏറെ ഇഷ്ടപ്പെടുന്നത്.
സീരിയസായിട്ടുള്ള വേഷങ്ങൾ ആഗ്രഹിക്കുന്ന രശ്മിക്ക് കോമഡി റോളുകളാണ് ഏറെയും ലഭിച്ചത്. വേഷമേതായാലും മികച്ച നടിയായി അറിയപ്പെടുകയാണ് രശ്മിയുടെ ലക്ഷ്യം. അഭിനയത്തിന്റെ തിരക്കിനിടെ എംഎ പഠനവും പൂർത്തിയാക്കി. ഭരണിക്കാവ് ചാങ്ങേത്തറയിൽ പരേതനായ കൃഷ്ണപിള്ള– രത്നമ്മ ദമ്പതികളുടെ ഇളയമകളാണ് രശ്മി. കൃഷ്ണപ്രിയ, ശബരീനാഥ് എന്നിവരാണു മക്കൾ.