ADVERTISEMENT

ആലപ്പുഴ∙ മത്സരത്തിൽ പിന്നിലായിരുന്നവർ പെട്ടന്നോടി മുന്നിലെത്തി മെഡൽ നേടിയ കഥപോലെയാണു മാന്നാറിലും ചെന്നിത്തലയിലും  പ്രസിഡന്റ് തിരഞ്ഞെടുപ്പ്. മാന്നാറിൽ കേവല ഭൂരിപക്ഷമുണ്ടായിരുന്ന യുഡിഎഫിലെ കോൺഗ്രസ് അംഗത്തിന്റെ വോട്ടു നേടി അട്ടിമറിയിലൂടെ എൽഡിഎഫ് മാന്നാറിലെ ഭരണം പിടിച്ചെടുത്തു, ആർക്കും ഭൂരിപക്ഷമില്ലായിരുന്ന ചെന്നിത്തലയിൽ പ്രസിഡന്റ് സ്ഥാനം സിപിഎമ്മും, വൈസ് പ്രസിഡന്റ് കോൺഗ്രസും നേടി. വീയപുരത്തു പ്രസിഡന്റിനു വോട്ടുചെയ്യാത്ത എസ്ഡിപിഐ അംഗം വൈസ്പ്രസിഡന്റിനു വോട്ടുചെയ്തതും കൗതുകമായി.

മാന്നാറിൽ ആകെ 18 സീറ്റിൽ 9 സീറ്റു നേടി കേവല ഭൂരിപക്ഷവുമായി ഭരണം നിലനിർത്താമെന്ന ചിന്തയിലാണു യുഡിഎഫ് അംഗങ്ങൾ മാന്നാർ പഞ്ചായത്തിലെ വോട്ടിങ് ഹാളിലെത്തിയത്. ഫലം പുറത്തുവന്നപ്പോൾ സിപിഎമ്മിലെ ടി. രത്നകുമാരിക്ക് 9 വോട്ടായി. കോൺഗ്രസ് സ്ഥാനാർഥി രാധാമണി ശശീന്ദ്രനു കിട്ടിയത് 8 വോട്ട്. ബിജെപി അംഗം വിട്ടുനിന്നു. വൈസ് പ്രസിഡന്റ് തിരഞ്ഞടുപ്പിലും തനിയാവർത്തനമായിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കൂറുമാറിയെത്തിയ കോൺഗ്രസ് അംഗം സുനിൽ ശ്രദ്ധേയത്തിനെ എൽഡിഎഫ് വൈസ് പ്രസിഡന്റു സ്ഥാനാർഥിയാക്കി വിജയിപ്പിച്ചു.

ഇരുവർക്കും 9 വോട്ടു വീതം ലഭിച്ചു. ബിജെപിയുടെ ഏക അംഗം. എസ്. ശാന്തിനി വിട്ടു നിന്നു ചെന്നിത്തല– തൃപ്പെരുന്തുറയിൽ കേവല ഭൂരിപക്ഷം പോലുമില്ലാത്ത സിപിഎമ്മിനു വിജയമെത്തിയത് യുഡിഎഫ് വോട്ടുകൾ കൂടി ലഭിച്ചതോടെ. സിപിഎമ്മിലെ വിജയമ്മ ഫിലേന്ദ്രനാണു പഞ്ചായത്ത് പ്രസിഡന്റായത്. ഇവിടെ പട്ടികജാതി വനിതയ്ക്കാണു പ്രസിഡന്റ് സ്ഥാനം. സിപിഎമ്മിനും ബിജെപിയ്ക്കും ആണ് ഈ വിഭാഗത്തിൽ സ്ഥാനാർഥി. ഇതോടെ, കോൺഗ്രസിലെ 6 അംഗങ്ങളും സിപിഎം സ്ഥാനാർഥിക്കു വോട്ടു ചെയ്തു. 11 വോട്ടു നേടി വിജയമ്മ പ്രസിഡന്റായി. ബിജെപി അംഗം ബിന്ദു പ്രദീപിനു 6 വോട്ടും ലഭിച്ചു.

വൈസ് പ്രസിഡന്റു തിരഞ്ഞെടുപ്പിൽ മൂന്നു മുന്നണികളും മത്സരിച്ചു. അംഗബലം കുറവായതിനാൽ ആദ്യ തവണ തന്നെ 5 വോട്ടു നേടി സിപിഎം സ്ഥാനാർഥി കെ. വിനു പുറത്തായി. രണ്ടാം തവണ ബിജെപിയിലെ ജി. ജയദേവ് 6 ഉം കോൺഗ്രസിലെ രവികുമാറിനു 7 വോട്ടും ലഭിച്ചു. എൽഡിഎഫിലെ ജെഡിഎസ് അംഗം 18–ാം വാർഡിൽ നിന്നും വിജയിച്ച ലീലാമ്മ ദാനിയേൽ രവികുമാറിനു വോട്ടു ചെയ്തതാണ് കോൺഗ്രസിനു അനുകൂലമായത്. സിപിഎം അംഗങ്ങൾ ബാലറ്റു വാങ്ങി വോട്ടു രേഖപ്പെടുത്താതെ പെട്ടിയിലിട്ടു. കോൺഗ്രസ് വിമതയംഗം ദീപു പടകത്തിൽ രണ്ടു വോട്ടെടുപ്പിൽ നിന്നു വിട്ടു നിന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com