സാരഥികളായി; ഇനി മുന്നോട്ട്
Mail This Article
ആലപ്പുഴ∙ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ തിരഞ്ഞെടുപ്പ് പൂർത്തിയായതോടെ ജില്ലയ്ക്ക് ഇനി പുതിയ ഭരണസാരഥ്യം. 72 പഞ്ചായത്തുകളിൽ രണ്ടിടത്തൊഴികെ പ്രസിഡന്റ്, വൈസ്പ്രസിഡന്റ് തിരഞ്ഞെടുപ്പ് പൂർത്തിയായി. ചിങ്ങോലി, തിരുവൻവണ്ടൂർ പഞ്ചായത്തുകളിലാണു തിരഞ്ഞെടുപ്പ് ഇന്നലെ നടക്കാത്തത്. പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് യുഡിഎഫ് അംഗങ്ങൾ ഹാജാരാകാത്തതിനാൽ ചിങ്ങോലി പഞ്ചായത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കു തിരഞ്ഞെടുപ്പ് ഇന്നത്തേക്കു മാറ്റി.
യുഡിഎഫിന്റെ മറ്റ് 5 അംഗങ്ങളും ഇവിടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നു വിട്ടുനിന്നതോടെ ക്വോറം തികയാഞ്ഞതിനാൽ യോഗം മാറ്റുകയായിരുന്നു. അതേസമയം, ക്വാറം തികയുന്നില്ലെങ്കിലും വ്യവസ്ഥ പ്രകാരം ഈ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്നു നടക്കും. തിരുവൻവണ്ടൂരിൽ വിപ്പ് ലംഘിച്ചു കോൺഗ്രസ് അംഗങ്ങൾ എൽഡിഎഫിനു വോട്ടുചെയ്തതോടെ, ബിജെപിക്ക് അധികാരം നഷ്ടമാവുകയായിരുന്നു. അതേസമയം, പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എൽഡിഎഫ് സ്ഥാനാർഥി ബിന്ദു ഷിബു സത്യപ്രതിജ്ഞ ചെയ്യാതെ രാജി പ്രഖ്യാപിക്കുകയായിരുന്നു.
വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ഇതേ സ്ഥിതി ആവർത്തിച്ചു. തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശപ്രകാരമായിരിക്കും ഇവിടെ അടുത്ത നടപടിയെന്ന് വരണാധികാരി അറിയിച്ചു. ജില്ലാ പഞ്ചായത്തിലെ 23ൽ 21 സീറ്റും നേടിയാണ് ഇത്തവണ എൽഡിഎഫ് വിജയം. 72 പഞ്ചായത്തുകളിൽ 56 പഞ്ചായത്തുകളിലാണ് എൽഡിഎഫ് വിജയിച്ചത്. 12 പഞ്ചായത്തുകളിലാണ് യുഡിഎഫ്. എൻഡിഎ രണ്ടിടത്തും. 12 ബ്ലോക്ക് പഞ്ചായത്തുകളിൽ പതിനൊന്നിലും എൽഡിഎഫ് വിജയിച്ചു.
ബ്ലോക്ക് പഞ്ചായത്ത്
എൽഡിഎഫ് – 11
യുഡിഎഫ് – 01
ഗ്രാമപഞ്ചായത്ത്
എൽഡിഎഫ് – 56
യുഡിഎഫ് – 12
എൻഡിഎ – 02
*പ്രസിഡന്റ് തിരഞ്ഞെടുപ്പ് പൂർത്തിയാകാത്തത് –02