ADVERTISEMENT

ആലപ്പുഴ ∙ അധികൃതരുടെ ഉറപ്പിലും ചോർച്ച; ആലപ്പുഴ ശുദ്ധജല പദ്ധതിയിൽനിന്ന് 11 ദിവസമായി മുടങ്ങിയിരിക്കുന്ന ജലവിതരണം ഇന്നലെയും പുനരാരംഭിച്ചില്ല. നഗരത്തിലും പരിസരങ്ങളിലും ശുദ്ധജല ക്ഷാമം രൂക്ഷമായി. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നാട്ടുകാർ ജല അതോറിറ്റി ഓഫിസിൽ പ്രതിഷേധവുമായെത്തി. ഇന്നു വൈകിട്ട് പമ്പിങ് തുടങ്ങുമെന്നാണ് ഇന്നലത്തെ അറിയിപ്പ്.തകഴിയിൽ നടക്കുന്ന മൂന്നാം റീച്ച് പൈപ്പ് മാറ്റൽ ഇന്നു പൂർത്തിയാകുമെന്ന് അധികൃതർ പറയുന്നു. ഒരു പൈപ്പ് കൂടി സ്ഥാപിച്ച ശേഷം പരീക്ഷണ പമ്പിങ് നടത്തും. 17ന് വൈകിട്ടാണ് പഴയ പൈപ്പിൽ ചോർച്ച തുടങ്ങിയത്.

ജില്ലാ കലക്ടറുടെയും എംഎൽഎയുടെയും സാന്നിധ്യത്തിൽ യോഗം ചേർന്ന് പ്രശ്നം ചർച്ച ചെയ്തപ്പോഴാണ് ഇന്നലെ പമ്പിങ് തുടങ്ങുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചത്. അതേസമയം, കൂടുതൽ ടാങ്കറുകൾ ഉപയോഗിച്ച് വെള്ളമെത്തിക്കാൻ യോഗത്തിൽ തീരുമാനിക്കുകയും ചെയ്തു. എല്ലായിടത്തും വെള്ളമെത്തിക്കാൻ ടാങ്കർ സംവിധാനം ഫലപ്രദമല്ലെന്ന ആക്ഷേപം ഉയരുന്നുമുണ്ട്.പുതിയ പൈപ്പുകൾ യോജിപ്പിച്ച് അവയിലൂടെ പമ്പിങ് പുനരാരംഭിക്കാൻ തീരുമാനിച്ചതിനാൽ പഴയ പൈപ്പിലെ ചോർച്ച പരിഹരിക്കാനും കഴിഞ്ഞിട്ടില്ല. പദ്ധതി കമ്മിഷൻ ചെയ്ത ശേഷം 75ാം തവണയാണ് പൈപ്പ് ചോരുന്നത്.

റെയിൽവേ ക്രോസ് മുതൽ വെയർഹൗസ് പാലം വരെ മൂന്നാം റീച്ചിൽ 451 മീറ്റർ ഭാഗത്തെ പൈപ്പുകൾ മാറ്റി. ഇവിടെ ആകെ 458 മീറ്റർ ഭാഗത്താണ് പൈപ്പ് മാറ്റേണ്ടത്. രണ്ടാം റീച്ചിൽ വലിയ പാലം മുതൽ വെയർ ഹൗസ് വരെ 472 മീറ്റർ ഭാഗത്തെ പൈപ്പ് മാറ്റണം. ഇവിടെ 138 മീറ്റർ പൈപ്പ് മാറ്റിയ ശേഷം കരാറുകാരൻ മഴയുടെ പേരിൽ മേയ് 17ന് ജോലി നിർത്തിവച്ചിരുന്നു. റീച്ചിൽ 234 മീറ്റർ ഭാഗത്തെ പൈപ്പ് കൂടി മാറ്റണം. ഇവിടെ പൈപ്പ് മാറ്റൽ നവംബർ ആദ്യം തുടങ്ങാനാണ് തീരുമാനം.

നിലവാരം കുറഞ്ഞ പൈപ്പുകൾ മാറ്റി പുതിയ പൈപ്പ് സ്ഥാപിക്കാൻ രണ്ടര വർഷം മുൻപ് തീരുമാനിച്ചതാണ്. ഇതനുസരിച്ച് 2021 ജൂലൈയിൽ പൈപ്പുകളെത്തി. എന്നാൽ, പൈപ്പിടൽ വൈകി. ഒ‌ട‌ുവിൽ പഴയ കരാറുകാരനെ കൊണ്ട് തന്നെ പൈപ്പ് മാറ്റൽ നടത്താൻ സർക്കാർ തീരുമാനിച്ചു. ഫെബ്രുവരി 7ന് കേളമംഗലത്ത് നിന്ന് പൈപ്പ് മാറ്റൽ ആരംഭിച്ചു. 3 റീച്ചുകളായി 1520 മീറ്റർ ഭാഗത്തെ പൈപ്പ് മാറ്റാനാണ് തീരുമാനം. ഒന്നാം റീച്ചിൽ കേളമംഗലം മുതൽ വലിയ പാലം വരെ 590 മീറ്റർ പൈപ്പ് മാറ്റി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com