അശ്വതിയുടെ പാട്ടിനും കമലത്തിന്റെ നൃത്തത്തിനും അതിജീവനതാളം ; സംസ്ഥാനത്ത് ആദ്യമായി ഡോക്ടർമാരുടെ ഓർക്കസ്ട്ര ടീം ആലപ്പുഴയിൽ
Mail This Article
ആലപ്പുഴ ∙ ‘കൊഞ്ചി കരയല്ലേ... മിഴികൾ നനയല്ലേ...’ എന്ന വരികൾ എൽ.അശ്വതി പാടിയപ്പോൾ വേദിയിലുണ്ടായിരുന്ന അമ്മ ലീലാമ്മയുടെ മിഴികൾ നനഞ്ഞു. ഗായികയായ അശ്വതി (31) 2018 മുതൽ കാൻസർ ചികിത്സയിലാണ്. സ്തനാർബുദമായിരുന്നു ആദ്യം. പിന്നീട് ശ്വാസകോശത്തെയും ബാധിച്ചു. ശബ്ദമില്ലാതായതോടെ പാട്ടും നിറഞ്ഞ വേദിയുമെല്ലാം സ്വപ്നമായി മാറി.
കഴിഞ്ഞ മാസമാണു ശബ്ദം തിരിച്ചുകിട്ടിയത്. ഡോക്ടേഴ്സ് ദിനത്തിൽ ആലപ്പുഴ മെഡിക്കൽ കോളജിൽ, രോഗികൾക്കു സാന്ത്വനം പകരാൻ നടത്തിയ സംഗീതവിരുന്നിൽ പാടുകയായിരുന്നു ഇതേ ആശുപത്രിയിൽ ചികിത്സയിലുള്ള വലിയഴീക്കൽ സ്വദേശിയായ അശ്വതി. ആലപ്പുഴ മെഡിക്കൽ കോളജിൽ ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണു സംഗീതവിരുന്ന് സംഘടിപ്പിച്ചത്. നാടകനടിയും നർത്തകിയുമായ ആലപ്പി കമലത്തിന്റെ നൃത്തവുമുണ്ടായിരുന്നു. കമലവും കാൻസറിനെ അതിജീവിച്ചുകൊണ്ടിരിക്കുകയാണ്.
കേരളത്തിൽ ആദ്യമായാണു ഡോക്ടർമാരുടെ ഓർക്കസ്ട്ര ടീം തുടങ്ങുന്നത്. ഡോക്ടർ– രോഗി ബന്ധം നല്ലരീതിയിൽ കൊണ്ടുപോകാനും മാനസികോല്ലാസത്തിനുമാണു പരിപാടി സംഘടിപ്പിച്ചതെന്നു കെജിഎംസിടിഎ ചാപ്റ്റർ പ്രസിഡന്റ് ഡോ. ബി.പത്മകുമാർ പറഞ്ഞു. ആഘോഷദിനങ്ങളിൽ പരിപാടി അവതരിപ്പിക്കാൻ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
10 ഡോക്ടർമാരും മെഡിക്കൽ വിദ്യാർഥികളും അടങ്ങുന്ന ടീമിനു കഴിഞ്ഞ മാസമാണു രൂപം നൽകിയത്. പ്രിൻസിപ്പൽ ഡോ. മറിയം വർക്കി ഉദ്ഘാടനം ചെയ്തു. ഡോ. പുഷ്പ, ആർഎംഒ: ഡോ. എ.ഹരികുമാർ, ഡോ. ലത, ഡോ. ജയലക്ഷ്മി, ഡോ. മഹേഷ്, മെഡിക്കൽ വിദ്യാർഥികളായ അനഘ, രോഹിത്ത് തുടങ്ങിയവർ പരിപാടികൾ അവതരിപ്പിച്ചു.