ADVERTISEMENT

കുട്ടനാട് ∙ കിഴക്കൻ വെള്ളത്തോടൊപ്പം ഒഴുകിയെത്തിയ മാലിന്യം പുളിങ്കുന്ന് താലൂക്ക് ആശുപത്രിക്കു സമീപത്തുള്ള കുമ്പളംചിറ പാലത്തിനടിയിലെ തൂണുകളിൽ അടിഞ്ഞു കൂടിയതിനാൽ ജലഗതാഗതം തടസ്സപ്പെട്ടു. ജലഗതാഗത വകുപ്പിന്റെ സർവീസ് ബോട്ടുകളെയടക്കം തടസ്സപ്പെടുത്തുന്ന വിധത്തിലാണു മാലിന്യം അടിഞ്ഞു കൂടിയത്. പുളിങ്കുന്ന് പൊലീസിന്റെയും ആലപ്പുഴയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയുടെയും ഏറെ നേരത്തെ ശ്രമഫലമായി അടിഞ്ഞുകൂടിയ മാലിന്യങ്ങളിൽ കുറച്ചു നീക്കി.  വൈകിട്ട് ജലഗതാഗതം പുനഃസ്ഥാപിച്ചു. മാലിന്യത്തോടൊപ്പം മുളകളും മരങ്ങളും ഒഴുകിയെത്തിയതു മാലിന്യ നീക്കത്തിന് പ്രതിസന്ധിയായി.

പുളിങ്കുന്ന് പൊലീസിന്റെ സ്പീഡ് ബോട്ടിൽ നിന്നാണ് ആദ്യം മാലിന്യം നീക്കിയത്. പിന്നീട്  ഒഴുകിയെത്തിയ മരത്തടിയുടെയും മുളങ്കൂട്ടത്തിന്റെയും മുകളിൽ കയറി നിന്നാണ്  മാലിന്യം നീക്കിയത്. പുളിങ്കുന്ന് എസ്ഐ എം.ജെ.തോമസിന്റെ നേതൃത്വത്തിലുള്ള പൊലീസും ആലപ്പുഴ അഗ്നിരക്ഷാ യൂണിറ്റ് അസി. സ്റ്റേഷൻ ഓഫിസർ ജോജി എൻ.ജോയിയുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റസ്ക്യ‌ു ഓഫിസർമാരായ സി.കെ.സജേഷ്, പി.എഫ്.ലോറൻസ്, എ.ജെ.ബഞ്ചമിൻ, വി.വിനീഷ് എന്നിവരുടെ നേതൃത്വത്തിലാണു മാലിന്യങ്ങൾ നീക്കി ജലഗതാഗതം ഭാഗ‌ികമായി പുനഃസ്ഥാപിച്ചത്.

നെടുമ്പ്രത്ത് റോഡ് വെള്ളത്തിൽ

ജലനിരപ്പ് ഉയർന്നതോടെ കുട്ടനാട്ടിലെ പ്രധാന പാതയായ അമ്പലപ്പുഴ– തിരുവല്ല സംസ്ഥാന പാതയിൽ നെടുമ്പ്രം ഭാഗത്ത് വെള്ളംകയറി. കൂടുതൽ ഉയർന്നാൽ കെഎസ്ആർടിസി സർവീസ് അടക്കം വാഹനഗതാഗതം നിർത്തിവയ്ക്കും, തലവടി മുട്ടാർ കിടങ്ങറ റോഡിൽ ഒന്നരയടിയിലേറെ വെള്ളം കയറിക്കിടക്കുകയാണ്. തായങ്കരി ചമ്പക്കുളം, കളങ്ങര രാമങ്കരി തുടങ്ങിയ റോഡുകളിലും വെള്ളം കയറി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com