ജലനിരപ്പ് താഴ്ന്നു; കുട്ടനാടിന് ആശ്വാസം
Mail This Article
കുട്ടനാട്∙ ജലനിരപ്പ് സാധാരണ നിലയിലേക്കു താഴ്ന്നതോടെ കുട്ടനാട്ടുകാർ ആശ്വാസത്തിൽ. ദിവസങ്ങൾ നീണ്ട വെള്ളപ്പൊക്ക ദുരിതത്തിനാണു ശമനമായത്. കുട്ടനാട്ടിലെ മറ്റു മേഖലകളിൽ ജലനിരപ്പ് അപകടനിലയ്ക്കു താഴെയെത്തി 2 ദിവസത്തിനു ശേഷമാണു ചമ്പക്കുളത്തു ജലനിരപ്പ് അപകടനിലയ്ക്കു താഴെ എത്തിയത്.
ചമ്പക്കുളം പഞ്ചായത്തിൽ ചമ്പക്കുളം ഫാ. തോമസ് പോരൂക്കര സ്കൂളിലെ ക്യാംപ് ഇന്നലെ ഉച്ചയോടെ പിരിച്ചു വിട്ടു.ചമ്പക്കുളം കൃഷിഭവൻ പരിധിയിലെ ഇടമ്പാടം മാനങ്കരി പാടശേഖരത്തിൽ മട കുത്തി പാടശേഖരത്തിൽ പമ്പിങ് നടത്താൻ തുടങ്ങിയതോടെയാണു ആളുകളെ വീടുകളിലേക്കു മടക്കിയത്.
അതേ സമയം മടവീഴ്ചയുണ്ടായ കൈനകരി ചെറുകായൽ കായൽ പാടശേഖരത്തിലെയും സമീപത്തെ ആറുപങ്ക് പാടശേഖരത്തിലെയും ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്കായുള്ള ഭക്ഷണ വിതരണ കേന്ദ്രങ്ങൾ മാറ്റമില്ലാതെ തുടരുകയാണ്. കൈനകരി നോർത്ത് വില്ലേജിൽപെട്ട പ്രദേശത്തെ 228 കുടുംബങ്ങളിലെ 932 പേരാണു ഭക്ഷണ വിതരണ കേന്ദ്രത്തെ ആശ്രയിക്കുന്നത്. പാടശേഖരത്തിലെ മട കുത്തി പമ്പിങ് പുനരാരംഭിച്ചാൽ മാത്രമേ പ്രദേശത്തെ ദുരിതത്തിനു ശമനമുണ്ടാവുകയുള്ളു.
ദിവസങ്ങളോളം വെള്ളം കെട്ടി കിടന്നതുമൂലം റോഡുകൾ പലതും തകർന്ന നിലയിലാണ്. ചമ്പക്കുളത്തു നിന്നു കണ്ടങ്കരിക്കുള്ള റോഡ് സഞ്ചാരയോഗ്യമല്ലാതായി. തായങ്കരി–വേഴപ്ര റോഡിലെ കുഴികളുടെ സമീപം മെറ്റലുകൾ ചിതറി കിടക്കുന്നത് ഇരുചക്ര വാഹനയാത്രികർക്കു ഭീഷണിയായിരിക്കുകയാണ്.
സ്കൂൾ ശുചീകരിച്ചു
വെള്ളം കയറിയ തെക്കേക്കര ഗവ ഹൈസ്കൂളും പരിസരവും ഡിവൈഎഫ്ഐ ചമ്പക്കുളം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. സിപിഎം ചമ്പക്കുളം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ജി.അരുൺകുമാർ, ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ജോബി ജോസഫ്, പ്രസിഡന്റ് അഖിൽ ഷാജ എന്നിവരുടെ നേതൃത്വത്തിലാണു ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
ഇന്നലത്തെ ജലനിരപ്പ്
സ്ഥലം, ജലനിരപ്പ്, അപകടനില എന്നീ ക്രമത്തിൽ.
∙നെടുമുടി : 1.23 (1.45)
∙ചമ്പക്കുളം : 0.76 (1.05)
∙മങ്കൊമ്പ് : 1.04 (1.35)
∙കാവാലം : 0.97 (1.20)
∙പള്ളാത്തുരുത്തി : 1.09 (1.40)