ലഹരി മാഫിയയുടെ ആക്രമണം: എക്സൈസ് റേഞ്ച് ഓഫിസ് ഉപരോധിച്ചു
Mail This Article
ചെങ്ങന്നൂർ ∙ കുടുംബശ്രീ അംഗങ്ങളെ ലഹരി മാഫിയ ആക്രമിച്ചതിൽ പ്രതിഷേധം, ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഓഫിസ് ഉപരോധിച്ചു.കഴിഞ്ഞ ദിവസം കുടുംബശ്രീയുടെ നേതൃത്വത്തിൽ നടന്ന ഓണ പരിപാടിയിൽ പങ്കെടുത്തു മടങ്ങിയ കുടുംബശ്രീ അംഗങ്ങളുടെ മക്കൾക്കു നേരെ ചിലർ അക്രമം നടത്തിയിരുന്നു.
ഇതു ചോദ്യം ചെയ്ത കുടുംബശ്രീ ആറാം വാർഡ് എഡിഎസ് ചെയർപഴ്സൻ ശരണ്യ, തൊഴിലുറപ്പ് മേറ്റ് ഉഷാകുമാരി, അംഗം രാധ എന്നിവരെയും ലഹരിമാഫിയ ആക്രമിച്ചു. പ്രദേശത്തു ലഹരി മാഫിയയ്ക്കെതിരെ ശബ്ദമുയർത്തുന്നവരെ ഭീഷണിപ്പെടുത്തുകയും അവരുടെ വീടുകൾ ആക്രമിക്കുകയും ചെയ്യുന്നത് പതിവാണെന്ന് സമരക്കാർ പറഞ്ഞു.
ചെങ്ങന്നൂർ എസ്എച്ച്ഒ എ.സി.വിപിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി, എക്സൈസ് ഉദ്യോഗസ്ഥരും സമരക്കാരുമായി ചർച്ച നടത്തി. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പു ലഭിച്ചതിനെ തുടർന്ന് സമരം അവസാനിപ്പിച്ചതായി നേതാക്കൾ പറഞ്ഞു. ചെങ്ങന്നൂർ നഗരസഭ വൈസ് ചെയർമാൻ മനീഷ് കീഴാമഠത്തിൽ ഉപരോധം ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ഏബ്രഹാം ജോസ് അധ്യക്ഷത വഹിച്ചു. ശരണ്യ ബിജു,എം.കെ. മനോജ്, സുരേഷ്, മനു എം. തോമസ്, സുജാത, ശാന്തമ്മ, രാജി ദിലീപ്, രാജി മധു, മഞ്ജു, ജയശ്രീ. എന്നിവർ പ്രസംഗിച്ചു.